2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മാപ്പോ വിശദീകരണമോ ലഭിച്ച ശേഷം പരിഗണിക്കാമെന്ന് സുപ്രിം കോടതി; മാപ്പു പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

 

ന്യൂഡല്‍ഹി: തെഹല്‍ക്ക അഭിമുഖവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലും സമര്‍പ്പിച്ച വിശദീകരണം മാപ്പപേക്ഷ കണ്ടശേഷം തുടര്‍ന്ന് കേസ് പരിഗണിക്കാമെന്ന് സുപ്രിംകോടതി. തങ്ങള്‍ക്ക് ഇതുവരെ ഇവരുടെ വിശദീകരണമോ മാപ്പപേക്ഷയോ ലഭിച്ചിട്ടില്ല.
അതു ലഭിച്ച ശേഷം പരിശോധിച്ച് തൃപ്തികരമല്ലെന്നുണ്ടെങ്കില്‍ വിചാരണ നടപടിയുമായി മുന്നോട്ടു പോകാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസ് വിധി പറയാനായി മാറ്റുകയാണെന്നും കോടതി അറിയിച്ചു.
ഇന്നലെ വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കൃഷ്ണമുരാരി എന്നിവര്‍ കൂടി അടങ്ങിയ ബെഞ്ച് ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്. പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ വിശദീകരണം സമര്‍പ്പിച്ചതാണെന്നും അത് പരിഗണിച്ച് കേസ് അവസാനിപ്പിക്കണമെന്നും പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചു. കോടതിയലക്ഷ്യവും അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തതാണെന്നും ധവാന്‍ ചൂണ്ടിക്കാട്ടി. നേരത്തെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയതാണെന്നും അഭിഭാഷകന്‍ അറിയിച്ചു. അതു തങ്ങള്‍ കണ്ടിട്ടില്ലെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് കേസ് അല്‍പസമയം നിര്‍ത്തിവച്ച് തങ്ങളുടെ കക്ഷികള്‍ മാപ്പു പറയാന്‍ തയാറാണോയെന്ന് ഇരുവരുടെയും അഭിഭാഷകരായ കപില്‍ സിബലിനെയും രാജീവ് ധവാനെയും കോടതി ഫോണില്‍ വിളിച്ചു ആരാഞ്ഞു. മാപ്പു പറയില്ലെന്നും വിശദീകരണം നല്‍കാമെന്നുമുള്ള നിലപാടാണ് പ്രശാന്ത് ഭൂഷണ്‍ സ്വീകരിച്ചത്. മാപ്പു പറയാന്‍ തയാറാണെന്ന് തേജ്പാല്‍ പറഞ്ഞു. തുടര്‍ന്നാണ് ഇതു ലഭിച്ച ശേഷം പരിഗണിക്കാന്‍ തീരുമാനിച്ചത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.