2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത് കേരളത്തിലെ സാമൂഹിക അവസ്ഥകള്‍ പരിഗണിക്കാതെ

സുനി അല്‍ഹാദി

കൊച്ചി: സംവരണ തത്വങ്ങള്‍ അട്ടിമറിച്ച് ഇടത് സര്‍ക്കാര്‍ മുന്നോട്ട് വച്ച മുന്നോക്ക വിഭാഗങ്ങളുടെ സാമ്പത്തിക സംവരണത്തിനായി പ്രഖ്യാപിച്ച മാനദണ്ഡങ്ങളിലും അടിമുടി വൈരുധ്യം. സംസ്ഥാനത്തെ സാമൂഹിക അവസ്ഥകള്‍ പോലും പരിഗണിക്കാതെയാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. സാമ്പത്തിക സംവരണ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച കാര്യങ്ങള്‍ പലതും അതേപടി സംസ്ഥാനവും സ്വീകരിച്ചപ്പോള്‍ കോടികളുടെ ആസ്തിയുള്ളവര്‍ പോലും ‘സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍’ എന്ന ഗണത്തില്‍ വരും എന്നതാണ് വിചിത്രം.
സാമ്പത്തിക സംവരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന വാര്‍ഷിക വരുമാന പരിധിയായ എട്ടുലക്ഷം രൂപയെന്നത് സംസ്ഥാനത്ത് നാലുലക്ഷമായി കുറച്ചുവന്ന് മുഖ്യമന്ത്രി പറയുമ്പോഴും മറ്റ് മാനദണ്ഡങ്ങളിലുള്ള അസന്തുലിതത്വം തുടരുകയാണ്.
കുടുംബ സ്വത്തായി പഞ്ചായത്ത് പരിധിയില്‍ രണ്ടര ഏക്കര്‍ സ്ഥലവും മുനിസിപ്പല്‍ പരിധിയില്‍ 75 സെന്റ് സ്ഥലവും കോര്‍പറേഷന്‍ പരിധിയില്‍ 50 സെന്റ് സ്ഥലവുമുള്ളവര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഗണത്തില്‍പെടുമെന്നാണ് മുന്നോക്ക സംവരണം സംബന്ധിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്. അതായത്, കൊച്ചി കോര്‍പറേഷന്‍ പോലുള്ള സംസ്ഥാനത്തെ ഏറ്റവും കണ്ണായ സ്ഥലത്ത് അരയേക്കര്‍ സ്ഥലമുള്ള മുന്നോക്കക്കാരനും ദരിദ്രന്റെ മാനദണ്ഡത്തില്‍പെടും. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് തര്‍ക്കത്തില്‍ 2015ല്‍ അന്നത്തെ ജില്ലാ കലക്ടര്‍ നിശ്ചയിച്ച വില സെന്റിന് 52 ലക്ഷം രൂപയായിരുന്നു. അന്നുതന്നെ വിപണിയില്‍ ഇതിന് ഇരട്ടിയിലധികം വിലയുണ്ടായിരുന്നു. അഞ്ചുവര്‍ഷത്തിനിപ്പുറം വില ഉയര്‍ന്നിട്ടേയുള്ളൂ. സര്‍ക്കാര്‍ വില മാനദണ്ഡമായെടുത്താല്‍പോലും 25 കോടി രൂപയുടെ ആസ്തിയുള്ളവരും ‘സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന’വരില്‍പെടും. കേരളം മൊത്തത്തിലെടുത്താല്‍ നഗരസഭകളിലും ഒട്ടുമിക്ക പഞ്ചായത്തുകളിലും സ്ഥലവില പത്തുലക്ഷവും അതിലധികവുമാണ്. പല വികസിത പഞ്ചായത്തുകളിലും സെന്റിന് പത്തുലക്ഷത്തിലധികം രൂപ വിലയുള്ള വികസിത പഞ്ചായത്തുകളില്‍ രണ്ടരയേക്കര്‍ ഭൂമിയുള്ളവരും ‘ദരിദ്രര്‍’ ആയി മാറും.

മുന്നോക്ക സംവരണം: നടപ്പാക്കുന്നത്
ഇടതുപക്ഷത്തിന്റെ ആദ്യകാല അജണ്ട

കൊച്ചി: പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യകാലം മുതല്‍ മുന്നോട്ടുവച്ച ‘സാമ്പത്തിക സംവരണ’ അജണ്ട. ഭരണഘടനാ ശില്‍പികള്‍ മുന്നോട്ടുവച്ച സംവരണം’ എന്ന തത്വം യഥാര്‍ഥത്തില്‍ സാമ്പത്തികമായി മുന്നിലുള്ളവരെ സമ്പന്നരാക്കുക എന്നതല്ലെന്ന വസ്തുത കൃത്യമായി ബോധ്യമുണ്ടായിരിക്കെയാണ് ഇടതുപക്ഷം സാമ്പത്തിക സംവരണമെന്ന നയം മുന്നോട്ടുവയ്ക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.
ചരിത്രപരമായ കാരണങ്ങളാല്‍ അടിച്ചമര്‍ത്തപ്പെടുകയും പാര്‍ശ്വവല്‍കരിക്കപ്പെടുകയും ചെയ്തവരെ കൈപിടിച്ചുയര്‍ത്തുക എന്നതാണ് ജാതി സംവരണം നടപ്പാക്കിയപ്പോള്‍ ഭരണഘടനാ ശില്‍പികള്‍ മുന്നില്‍കണ്ട ലക്ഷ്യം. എന്നാല്‍, ജാതി സംവരണത്തെ 1957 മുതല്‍തന്നെ ഇ.എം.സിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കമ്യൂണിസ്റ്റ് നേതാക്കള്‍ എതിര്‍ത്തുവരികയായിരുന്നു. സാമ്പത്തിക സംവരണം എന്ന അവരുടെ ആശയത്തെ അന്ന് പാര്‍ട്ടിക്കുള്ളിലുള്ളവര്‍തന്നെ എതിര്‍ത്ത് തോല്‍പിക്കുകയായിരുന്നു.
സംവരണ വിഭാഗങ്ങള്‍ ഇപ്പോഴും സാമൂഹികമായി ഉയര്‍ന്നുവന്നിട്ടില്ലെന്ന് ഇടത് സഹയാത്രികരായ ശാസ്ത്ര സാഹിത്യ പരിഷത് 2006ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായതുമാണ്. കേരളത്തിലെ ഉദ്യോഗ നിലയെക്കുറിച്ച് അന്ന് അവര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ‘കേരള പഠനം’എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പ്രസ്തുത പഠനത്തില്‍ വ്യക്തമായത് സംസ്ഥാനത്തെ ജനസംഖ്യയില്‍ 12.5 ശതമാനം മാത്രമുള്ള നായര്‍ സമുദായത്തിന് മൊത്തം സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ 40.5 ശതമാനം പ്രാതിനിധ്യമുണ്ട് എന്നാണ്. 1.3 ശതമാനം മാത്രമുള്ള ബ്രാഹമണരടക്കമുള്ള മറ്റ് മുന്നാക്ക ഹിന്ദുവിഭാഗത്തിനും സര്‍ക്കാര്‍ സര്‍വിസില്‍ വന്‍ പ്രാതിനിധ്യമുണ്ട്.
അതേസമയം, ഒ.ബി.സി വിഭാഗത്തിന് യഥാര്‍ഥത്തില്‍ കിട്ടേണ്ടിയിരുന്നതിനേക്കാള്‍ 41 ശതമാനം കുറവ് പ്രാതിനിധ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വിസിലുള്ളത്. മുസ്‌ലിം വിഭാഗത്തിന്റെ കാര്യമെടുത്താല്‍ യഥാര്‍ഥത്തില്‍ കിട്ടേണ്ടിയിരുന്നതിനേക്കാള്‍ പകുതിയില്‍താഴെ മാത്രമാണ് സര്‍ക്കാര്‍ സര്‍വിസിലെ പ്രാതിനിധ്യം.
എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ ഇടതുപക്ഷ സര്‍ക്കാര്‍ സാമ്പത്തിക സംവരണമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ടുപോകുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷം പുറത്തിറക്കിയ പ്രകടന പത്രികയിലെ 570ാം നമ്പറായി ഉള്‍പ്പെടുത്തിയ ‘സാമ്പത്തിക സംവരണം’ എന്ന വാഗ്ാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. കേരളത്തിലെ ദേവസ്വം ബോര്‍ഡുകളിലെ തസ്തികകളില്‍ 89 ശതമാനവും മുന്നോക്ക ഹിന്ദുവിഭാഗങ്ങളുടെ കൈയിലായിരിക്കെത്തന്നെ 10 ശതമാനം മുന്നോക്ക സംവരണം കൂടി ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഇതിന്റെ ടെസ്റ്റ് ഡോസ്. കാര്യമായ എതിര്‍പ്പില്ലാതെ അത് നടപ്പിലായെന്ന് കണ്ടപ്പോള്‍, മൊത്തം സര്‍ക്കാര്‍ തസ്തികകളിലേക്കും അത് വ്യാപിപ്പിക്കുന്നു എന്നുമാത്രം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News