2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

മാധ്യമ നിരോധനം: അദ്വാനിയുടെ പ്രവചനം പുലരുന്നു


നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണമേറ്റെടുത്ത് ഏറെ നാള്‍ കഴിയും മുന്‍പേ ഒരു ചടങ്ങില്‍ പങ്കെടുത്ത് മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ. പിയുടെ ഉരുക്കു ശബ്ദവുമായിരുന്ന എല്‍.കെ അദ്വാനി ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തിയിരുന്നു. രാജ്യത്ത് ഇനിയും ഒരു അടിയന്തരാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നതായിരുന്നു ആ പ്രവചനം. അത് അച്ചട്ടായി പുലര്‍ന്നുകൊണ്ടിരിക്കുന്നു. ഏക സിവില്‍കോഡിനു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം, പത്ര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം, രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളുടെ ജനാധിപത്യ മതേതര സ്വഭാവം തകര്‍ക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ തുടങ്ങിയവയെല്ലാം അപ്രഖ്യാപിത അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നതാണ്. ഏറ്റവും അവസാനത്തേതാണ് പത്താന്‍കോട്ടിലെ സുരക്ഷിതത്വം ചോര്‍ത്തിയെടുക്കും വിധം എന്‍.ഡി.ടി.വി സംപ്രേക്ഷണം ചെയ്തുവെന്ന അപരാധം ചുമത്തി ചാനലിന്റെ ഒരു ദിവസത്തെ സംപ്രേഷണം നവംബര്‍ ഒന്‍പതിനു നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആജ്ഞാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയും ഭദ്രതയും പരിഗണിച്ചാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നടപടിയെടുത്തതെന്ന വകുപ്പുമന്ത്രി വെങ്കയ്യ നായിഡുവിന്റെ ന്യായീകരണം ശുദ്ധ അസംബന്ധമാണ്. പത്താന്‍കോട്ടിലെ സുരക്ഷാ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചതാണ് രാജ്യസ്‌നേഹം. പത്ര മാധ്യമ ധര്‍മവും അതാണ്. പ്രസ്തുത പിഴവ് പരിഹരിക്കുവാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരേണ്ടതിനു പകരം രാജ്യസുരക്ഷ പറഞ്ഞ് എന്‍.ഡി.ടി.വിയെ നിരോധിക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്. സമാനമായ വാര്‍ത്ത മറ്റു ചാനലുകളും സംപ്രേഷണം ചെയ്തതാണ്. പറയപ്പെടുന്നതുപോലെ ലൈവായിട്ടല്ല ഇതൊന്നും പുറത്തുവന്നത്. പുറത്തുനിന്നുള്ള വിവരണം മാത്രമായിരുന്നു. എന്നിട്ടും പിടികൂടിയത് എന്‍.ഡി.ടിവിയെ. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ അതിരൂക്ഷമായ ഭാഷയിലാണ് എന്‍.ഡി ടി.വി വിമര്‍ശിച്ചുപോരുന്നത്. രാജ്യത്തെ ചില പത്രമാധ്യമങ്ങളുടെ പരിലാളനകളില്‍ മനംകുളിര്‍ന്നുപോയ പ്രധാനമന്ത്രിക്ക് വിമര്‍ശനങ്ങള്‍ അരോചകമായിരിക്കും. സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനങ്ങള്‍ സംഘ്പരിവാറിന് സഹിക്കാനാവുന്നുണ്ടാവില്ല.
പത്താന്‍കോട്ടിലേത് മാത്രമല്ല, ഉറിയില്‍ നടന്ന ഭീകരാക്രമണവും സുരക്ഷാ പാളിച്ച മൂലം സംഭവിച്ചതാണ്. ഉറിയില്‍ പാക്കിസ്താന്‍ സൈന്യത്തിന് കടന്നുവരാന്‍ സാധ്യതയുള്ള വഴികള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് രാജ്യത്തിന്റെ ഭദ്രതയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് എന്ത്‌കൊണ്ട് മനസിലാക്കുന്നില്ല. പിഴവുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ രാജ്യസ്‌നേഹം പൊക്കി ഇഷ്ടമില്ലാത്ത ചാനലുകളെയും പത്രങ്ങളെയും നിരോധിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ പിഴവുവരുത്തിയ ഉന്നതര്‍ക്കെതിരേ എന്തെങ്കിലും നടപടിയെടുത്തതായി അറിവില്ല. അടിയന്തരാവസ്ഥയ്ക്ക് ശേഷവും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. വ്യാജമായ രാജ്യസ്‌നേഹവും രാജ്യസുരക്ഷ എന്ന പൊയ്‌വെടിയും ഉയര്‍ത്തിയാണ് ഏതൊരു ഏകാധിപതിയും തന്റെ ഭരണത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ ചെറുക്കുന്നത്. അതാണ് ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 75ലെ അടിയന്തരാവസ്ഥക്കെതിരേയുള്ള പോരാട്ടത്തില്‍ നിന്ന് പിറവിയെടുത്തതാണ് ബി.ജെ .പി. ആ സന്തതിയില്‍ നിന്ന് അടിയന്തരാവസ്ഥയുടെ ഭീകരത ഓര്‍മിപ്പിക്കുന്ന നടപടികള്‍ തുടരെ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
വിമര്‍ശനം അര്‍ഹിക്കുന്നതിനെ ശക്തിയായി വിമര്‍ശിച്ചും അനുകൂലിക്കേണ്ടതിനെ അനുകൂലിക്കുകയും ചെയ്യുന്ന മാധ്യമധര്‍മമാണ് എന്‍.ഡി.ടി.വിയും ഇന്ത്യന്‍ എക്‌സ്പ്രസും നിര്‍വഹിച്ചുപോരുന്നത്. ഗോയെങ്കെ അവാര്‍ഡ്ദാന ചടങ്ങില്‍ പ്രധാനമന്ത്രിയെ ഇരുത്തിക്കൊണ്ട് സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുവാന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതിനിധിക്ക് കഴിഞ്ഞതും ഈ ആര്‍ജവം അത്തരം മാധ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതുകൊണ്ടാണ്. രാഷ്ട്രീയ പ്രതിയോഗികള്‍ക്കും ഇഷ്ടമില്ലാത്ത മാധ്യമങ്ങള്‍ക്കും നേരെ പ്രയോഗിക്കാനുള്ളതല്ല. ‘മന്നവേന്ദ്രാ തിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍ മുഖം’ എന്ന് രാജ്യത്ത ചില മാധ്യമങ്ങള്‍ പ്രധാനമന്ത്രിയെ പുകഴ്ത്തുമ്പോള്‍ എല്ലാവരും അങ്ങനെ ചെയ്യണമെന്നു നിര്‍ബന്ധം പിടിക്കരുത്. രാജ്യത്ത് നടക്കുന്ന യഥാര്‍ഥ സംഭവങ്ങള്‍ മാധ്യമങ്ങള്‍ വിളിച്ചുപറയുന്നത് ജനങ്ങള്‍ അത് അറിയാനാണ്. അത് തന്നെയാണ് യഥാര്‍ഥ രാജ്യസ്‌നേഹവും മാധ്യമ ധര്‍മവും. സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് ഇതിലൂടെ ഭീകരര്‍ കടന്നുവരാന്‍ സാധ്യതയുണ്ടെന്ന് പറയുന്നതോ അതെല്ലാം അങ്ങ് ഒഴിവാക്കി ‘ഇന്ദ്രനോടൊക്കും ഭവാന്‍, ചന്ദ്രനോടൊക്കും ഭവാന്‍’ എന്ന് രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളും പ്രധാനമന്ത്രിയെ പാടിപ്പുകഴ്ത്തണമെന്നാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.