2022 June 30 Thursday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

മാധ്യമവിലക്ക് യാദൃച്ഛികമായിരുന്നില്ല


പൊതുസമൂഹം കരുതുന്നപോലെ കോടതികളില്‍ മാധ്യമങ്ങള്‍ക്കുണ്ടായ വിലക്ക്  യാദൃച്ഛികമായിരുന്നില്ലെന്നതിന്റെ സൂചനകളാണു ഹൈക്കോടതി പുറപ്പെടുവിച്ച പുതിയ വ്യവസ്ഥകളില്‍നിന്നു മനസിലാകുന്നത്. ഹൈക്കോടതിയിലെ ഗവണ്മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞുരാന്‍ പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ കടന്നുപിടിച്ചതിലുള്ള അരിശം തീര്‍ക്കുകയായിരുന്നു അഭിഭാഷകര്‍ എന്നായിരുന്നല്ലോ സമൂഹം ധരിച്ചിരുന്നത്.
എന്നാല്‍, വളരെ മുമ്പുതന്നെ കോടതികളില്‍നിന്നു മാധ്യമപ്രവര്‍ത്തകരെ അകറ്റാന്‍ അണിയറയില്‍ ശ്രമം നടന്നിരുന്നുവെന്നതിന്റെ തെളിവുകളാണു കോടതി റിപ്പോര്‍ട്ടിങ്ങിനായി കഴിഞ്ഞദിവസം ഹൈക്കോടതി പുറപ്പെടുവിച്ച പുതിയ വ്യവസ്ഥകളില്‍നിന്നു മനസിലാകുന്നത്. മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണുവെന്നു പറയുമ്പോലെ മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍നിന്ന് അകറ്റാന്‍ മാത്യു മാഞ്ഞൂരാന്‍ കാരണമായെന്നു മാത്രം.
കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിലക്കു സംബന്ധിച്ചു കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി കഴിഞ്ഞമാസം പരിഗണനയ്‌ക്കെടുത്തിരുന്നു. ഹൈക്കോടതിയുടെ വിശദീകരണത്തിനായി ഈ മാസം 21 നു കേസ് വീണ്ടും വാദം കേള്‍ക്കാനിരിക്കുകയാണ്. അതിനിടയിലാണു പുതിയ വ്യവസ്ഥകളുമായി ഹൈക്കോടതി രംഗത്തുവന്നിരിക്കുന്നത്. ഇതു സുപ്രീംകോടതിയിലെ കേസിനെ മറികടക്കാന്‍ മാത്രമാവണമെന്നില്ല. ശാശ്വതമായി മാധ്യമങ്ങളെ കോടതികളില്‍നിന്ന് അകറ്റാനുള്ള വിദ്യതന്നെയായിരിക്കണം. അതുവഴി സമൂഹത്തെയാണു കോടതികളില്‍നിന്ന് അകറ്റുന്നത്.
മാധ്യമനിരൂപകനും അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോളിനെപ്പോലുള്ള അഭിഭാഷകര്‍ കോടതികള്‍ക്കു പൊതുസമൂഹത്തില്‍നിന്ന് എന്തൊക്കെയോ മറച്ചുവയ്ക്കാനുണ്ടെന്ന് അഭിപ്രായപ്പെട്ടതു ശരിവയ്ക്കുംവിധമാണു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. കോടതി റിപ്പോര്‍ട്ടിങ്ങിനുള്ള അവകാശം അഞ്ചുവര്‍ഷത്തെ പരിചയമുള്ള നിമയബിരുദദാരികള്‍ക്കു മാത്രമായി ചുരുക്കിക്കെട്ടുന്നത് ഇതിന്റെ ഭാഗമായിരിക്കണം.
മാധ്യമപ്രവര്‍ത്തകര്‍ക്കു റെഗുലര്‍ അക്രഡിറ്റേഷന്‍ കിട്ടാന്‍ നിയമബിരുദവും അഞ്ചുവര്‍ഷത്തെ തുടര്‍ച്ചയായ കോടതി റിപ്പോര്‍ട്ടിങ് പരിചയവും വേണമെന്നും ഇതില്‍ മൂന്നരവര്‍ഷത്തെ റിപ്പോര്‍ട്ടിങ് പരിചയം ഹൈക്കോടതിയിലോ സുപ്രിംകോടതിയിലോ ആകണമെന്നുമുള്ള കഠിനവ്യവസ്ഥകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇതു മാധ്യമങ്ങളെ എന്നെന്നേയ്ക്കുമായി കോടതികളില്‍നിന്ന് അകറ്റാന്‍ ബോധപൂര്‍വം മെനഞ്ഞെടുത്തതു തന്നെയാണ്.
മാധ്യമവിലക്കിന് ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണെന്നും എല്ലാം നിയന്ത്രിക്കാന്‍ അധികാരമുള്ള ജഡ്ജിമാര്‍ ജുഡീഷ്യന്‍ എമര്‍ജന്‍സിയെ അനുകൂലിക്കുകയാണെന്നും സെബാസ്റ്റിയന്‍പോള്‍ ആരോപിച്ചിരുന്നു. ജനങ്ങള്‍ക്കുവേണ്ടി നിരീക്ഷിക്കാന്‍ കോടതികള്‍ക്കുള്ളില്‍ മാധ്യമങ്ങളില്ലാതെ വരുമ്പോള്‍ ഒത്തുകളി നടക്കാന്‍ എളുപ്പമാണെന്നും ഏതൊരു ഒത്തുകളിക്കും കൂട്ടുനില്‍ക്കുന്ന  ജഡ്ജിമാരുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വ്യവസ്ഥകളാണു കോടതി റിപ്പോര്‍ട്ടിങ്ങിനു കേരളഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നിര്‍ഭയമായും സത്യസന്ധമായും നീതിനിര്‍വഹണം നടത്തുന്ന ന്യായാധിപന്മാരെന്തിനു മാധ്യമങ്ങളെ ഭയക്കണം. ജഡ്ജിമാര്‍ അനീതിക്കു കൂട്ടുനില്‍ക്കുമ്പോള്‍ ഒരു ജനതയുടെ ദുരന്തമാണ് അതുവഴി സംഭവിക്കുന്നത്. ഇതു സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്ന ചുമതലയാണിപ്പോള്‍ മാധ്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഹൈക്കോടതി പുറപ്പെടുവിച്ച വ്യവസ്ഥ കോടതിക്കുള്ളില്‍ നടക്കുന്ന ഒത്തുതീര്‍പ്പുകള്‍ കുറേക്കൂടി ചങ്കൂറ്റത്തോടെ റിപ്പോര്‍ട്ടുചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് ഊര്‍ജ്ജമാകേണ്ടതുണ്ട്.
അസത്യമോ അപകീര്‍ത്തികരമോ ആയ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ നടപടിയെടുക്കുവാനുള്ള നിയമങ്ങള്‍ പാര്‍ലമെന്റ് പാസ്സാക്കിയിട്ടുണ്ടെന്നിരിക്കെ നിയമബിരുദവും അഞ്ചുവര്‍ഷത്തെ കോടതി റിപ്പോര്‍ട്ടിങ് പരിചയവും വേണം റിപ്പോര്‍ട്ടിങ്ങിനായി കോടതിക്കുള്ളില്‍ കയറാനെന്നു പറയുന്നതു മാധ്യമങ്ങളെ വിലക്കാന്‍ തന്നെയാണ്. ദൈവം തെറ്റുചെയ്താല്‍പ്പോലും ഞാനത് റിപ്പോര്‍ട്ടു ചെയ്യുമെന്ന് ഉറക്കെ പറഞ്ഞ പത്രപ്രവര്‍ത്തന കുലപതി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വാക്കുകളായിരിക്കണം മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്നും മാര്‍ഗദീപമാകേണ്ടത്.      


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.