2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

മാധ്യമങ്ങള്‍ കഥകള്‍ മെനഞ്ഞ് സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: ചില മാധ്യമങ്ങള്‍ ഭാവനയിലൂടെ കഥകള്‍ മെനഞ്ഞ് സര്‍ക്കാരിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും തകര്‍ക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പച്ചക്കള്ളമാണെന്ന് ബോധ്യമുണ്ടായിട്ടും ചില മാധ്യമങ്ങള്‍ അതിന് വലിയ പ്രാധാന്യം നല്‍കി എല്‍.ഡി.എഫിനെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുകയാണ്. ആ വേല വേണോ, തങ്ങള്‍ക്ക് കൂടി ബോധ്യമുള്ളത് ചെയ്താല്‍ പോരെ എന്ന് അത്തരക്കാര്‍ ആലോചിക്കുന്നത് നല്ലതാണ്. അപവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനം മറുപടി പറയും എന്ന് താന്‍ നേരത്തെ പറഞ്ഞതാണ്. അന്ന് പറഞ്ഞത് പോലെ സംഭവിച്ചു. ജനങ്ങളെ ഒരിക്കലും ചുരുക്കി കാണരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നാടിനെ പിന്നോട്ടടിപ്പിക്കാനും തെറ്റായ പ്രചാരണം നടത്താനും തയാറായവരുടെ കൂടെയല്ല നമ്മുടെ നാടിന്റെ മനസ് സഞ്ചരിക്കുന്നത്. ആസൂത്രിതമായി സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകളും അപവാദങ്ങളും ആധികാരികമെന്ന നിലയില്‍ പ്രചരിപ്പിക്കാനും അതിലൂടെ എല്‍.ഡി.എഫിനെയും സര്‍ക്കാരിനെയും തകര്‍ത്ത് കളയാനും ചില മാധ്യമങ്ങള്‍ ഈ ഘട്ടത്തില്‍ ശ്രമിച്ചിട്ടുണ്ട്. വികലമായ ചില മനസുകള്‍ ചില അസംബന്ധങ്ങള്‍ വിളിച്ച് പറഞ്ഞെന്ന് വരും. അതിന് വലിയ പ്രാധാന്യം കൊടുത്ത് വലിയ കാര്യം വന്നിരിക്കുന്നു എന്ന മട്ടില്‍ വാര്‍ത്ത ചമച്ച് ചില മാധ്യമങ്ങള്‍ തരംതാണ രീതി പിന്തുടര്‍ന്നുവെന്ന് പിണറായി കുറ്റപ്പെടുത്തി.
ജനങ്ങളെ പരമാവധി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇത്തരക്കാരുടെ ലക്ഷ്യം. എന്നാല്‍ അത്തരം കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ ജനം തയാറായില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കണ്ടത്. കഴിഞ്ഞ നാലര വര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ക്കും ക്ഷേമ പരിപാടികള്‍ക്കും ജനം വലിയ പിന്തുണ നല്‍കി. ആ പിന്തുണയുടെ തുടര്‍ച്ചയാണ് ഈ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ വരെ ഉപയോഗിച്ച് സര്‍ക്കാരിനെതിരേ നീക്കം നടത്തി. അതിന് വലത് പക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ചു. ഇത്തരം പ്രവര്‍ത്തികളിലൂടെ ജനഹിതത്തെ അട്ടിമറിക്കാനാകും എന്നാണ് വിചാരിച്ചത്. എന്നാല്‍ കേരളത്തിലെ ജനം പ്രത്യേക സംസ്‌കാരം ഉള്ളവരും ശരിയായ രീതിയില്‍ കാര്യങ്ങളെ മനസിലാക്കാനുള്ള വിവേചന ബുദ്ധിയുള്ളവരുമാണ്. അതുകൊണ്ടാണ് അവര്‍ എല്‍.ഡി.എഫിന് വന്‍ പിന്തുണ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.