സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ പതിമൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മാതാവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിന് വിധേയനാക്കിയേക്കും. കുട്ടിയെ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാനുള്ള ശ്രമവും പൊലിസ് തുടങ്ങിയിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ പരാതിയില്‍ അനാവശ്യ തിടുക്കം കാണിച്ചുവെന്നും എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയതില്‍ പിഴവുകളുണ്ടായെന്നുമുള്ള ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കുരുക്കഴിച്ച് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാനുളള ഊര്‍ജിത ശ്രമത്തിലാണ് പൊലിസ്. സംഭവത്തില്‍ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം തുടങ്ങി. കേസ് ഫയലുകള്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയില്‍ നിന്നും കടയ്ക്കാവൂര്‍ എസ്.ഐയില്‍ നിന്നും വിവരങ്ങള്‍ ആരായുകയും ചെയ്തിട്ടുണ്ട്. കേസ് കെട്ടിച്ചമച്ചതാണെന്ന കുട്ടിയുടെ മാതാവിന്റെ കുടുംബത്തിന്റെ പരാതിയും ഐ.ജിയാണ് അന്വേഷിക്കുന്നത്.
അതിനിടെ കേസില്‍ മാതാവിന് പോക്‌സോ കോടതി ജാമ്യം നിഷേധിച്ചു. കുട്ടിയുടെ കൗണ്‍സിലിങ് റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും കൗണ്‍സിലിങ് നടത്തിയവര്‍ക്കു മുന്നിലും മജിസ്‌ട്രേറ്റിനു മുന്നിലും കുട്ടി ഇതേകാര്യങ്ങള്‍ വിവരിച്ചതായി കേസ് ഡയറിയിലുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. മാതാവിനെതിരേയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. കുടുംബ കോടതിയിലെ കേസ് വിജയിക്കാന്‍ ഭര്‍ത്താവ് 13 വയസുകാരനായ മകനെ ഉപകരണമാക്കുകയാണെന്നും പണവും സ്വാധീനവും ഉപയോഗിച്ച് മാതാവിനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.
ബാലാവകാശ കമ്മിഷന്‍
റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: പതിമൂന്നുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോക്‌സോ കേസില്‍ ജയിലില്‍ അടച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ബന്ധപ്പെട്ടവരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ജില്ല കലക്ടര്‍, ജില്ല പൊലിസ് മേധാവി, ജില്ല ശിശു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എന്നിവര്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിവിധ വാദങ്ങള്‍ ഉയരുന്നതിനാല്‍ കുട്ടികളുടെ അന്തസിനെ ഹനിക്കാത്ത വിധത്തിലാവണം അന്വേഷണം നടത്തേണ്ടതെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കുട്ടികള്‍ക്ക് മനോവിഷമം ഉണ്ടാകാത്ത വിധത്തില്‍ ആയിരിക്കണമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ നിര്‍ദേശിച്ചു.
Comments are closed for this post.