പത്തനാപുരം (കൊല്ലം)
മകൾ അമ്മയെ വീട്ടുമുറ്റത്തെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. പത്തനാപുരം പാലപ്പള്ളിൽ വീട്ടിൽ ലീലാമ്മയ്ക്കാണ് മർദനമേറ്റത്. സംഭവത്തിൽ ലീലാമ്മയുടെ മകൾ ലീനയ്ക്കെതിരേ പൊലിസ് കേസെടുത്തു.
അതിനിടെ പ്രശ്‌നത്തിൽ ഇടപെട്ട വനിത പഞ്ചായത്ത് അംഗത്തിനും മർദനമേറ്റിരുന്നു.
ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. ലീന വയോധികയായ മാതാവ് ലീലാമ്മയെ വീട്ടുമുറ്റത്തുള്ള ഇരുമ്പ് തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതാണ് മർദനത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറയുന്നു. മർദനത്തിനിടെ വീടിനുപുറത്തുകടക്കാനായി ശ്രമിക്കുന്ന അമ്മയെ മകൾ അകത്തേക്ക് വലിക്കുന്നതും ലീലാമ്മ ഗേറ്റിൽ മുറുകെ പിടിച്ചുനിൽക്കുന്നതും വിഡിയോയിൽ കാണാം. പ്രശ്‌നത്തിൽ ഇടപെട്ട പത്തനാപുരം പഞ്ചായത്ത് നടുക്കുന്ന് നോർത്ത് വാർഡ് അംഗം അർഷമോൾക്കാണ് മർദനമേറ്റത്
നാട്ടുകാരും പഞ്ചായത്തംഗത്തിന്റെ ഭർത്താവും ഉൾപ്പെടെയുള്ളവർ ചേർന്ന് ലീനയെ പിടിച്ചു മാറ്റുകയായിരുന്നു. പഞ്ചായത്തംഗത്തിന്റെ പരാതിയിലാണ് പത്തനാപുരം പൊലിസ് കേസെടുത്തത്.
നാട്ടുകാരെയും ലീന അസഭ്യം പറയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തതായും പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. ലീലാമ്മയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദനമേറ്റ പഞ്ചായത്തംഗം അർഷമോൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലിസ് കേസെടുത്തതോടെ ലീനയും ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ ബീനാകുമാരി ഉത്തവിട്ടു. കൊല്ലം റൂറൽ ജില്ലാ പൊലിസ് മേധാവിക്കാണ് ഉത്തരവ് നൽകിയത്.
Comments are closed for this post.