2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മഴ കളിച്ചു: വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്രഞ്ച് ഓപണ്‍ മത്സരങ്ങള്‍ മാറ്റിവച്ചു

പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ മഴ വില്ലനായപ്പോള്‍ മത്സരങ്ങള്‍ മാറ്റിവച്ചു. 16 വര്‍ഷത്തിന് ശേഷമാണ് ഫ്രഞ്ച് ഓപണില്‍ മത്സരങ്ങള്‍ മാറ്റുന്നത്. നേരത്തെ 2000ത്തില്‍ നടന്ന ടൂര്‍ണമെന്റിലും മഴയെ തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു. പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങളാണ് കനത്ത മഴയെ തുടര്‍ന്ന് നടത്താനാവാതെ വന്നത്. മത്സരങ്ങള്‍ ഇന്നു നടത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിരന്തരം പെയ്യുന്ന മഴയെ തുടര്‍ന്ന് മത്സരം ഇന്നും നടന്നേക്കില്ലെന്ന ആശങ്കയിലാണ് കാണികള്‍. വനിതകളുടെ നാലാം റൗണ്ടില്‍ സിമോണ ഹാലെപ്, റാഡ്വന്‍സ്‌ക എന്നിവരുടെ മത്സരങ്ങള്‍ മഴയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഏത്രയും വേഗം ഈ മത്സരം പൂര്‍ത്തിയായാല്‍ മാത്രമേ മറ്റു നാലാം റൗണ്ട് മത്സരങ്ങളും ക്വാര്‍ട്ടര്‍ മത്സരങ്ങളും ആരംഭിക്കാന്‍ സാധിക്കൂ. പുരുഷന്‍മാരുടെ സിംഗിള്‍സില്‍ സൂപ്പര്‍ താരം നൊവാക് ദ്യോക്കോവിചിന്റേതടക്കമുള്ള മത്സരങ്ങള്‍ നാലാം റൗണ്ടില്‍ പൂര്‍ത്തിയാകാനുണ്ട്. വനിതാ വിഭാഗത്തില്‍ സെറീന, വീനസ് എന്നിവരുടെ മത്സരങ്ങളും ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.
അതേസമയം ഞായറാഴ്ച്ച രാത്രി നടന്ന വനിതാ വിഭാഗം ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം മൂന്നാം റൗണ്ടില്‍ തോറ്റു. ക്രെജിക്കോവ-സിനിയക്കോവ സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 3-6, 2-6. പുരുഷ വിഭാഗം ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ഫ്‌ളോറിന്‍ മെര്‍ജിയ സഖ്യം ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ബേക്കര്‍-ഡാനിയല്‍ സഖ്യത്തെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 6-2, 6-7, 6-1.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.