
ന്യൂഡല്‍ഹി: മലയാളി ജവാന് ലാന്‍സ് നായിക് റോയ് മാത്യു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരേ കേസെടുത്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഇന്ത്യന്‍ സൈന്യത്തിനും സുപ്രിംകോടതി നോട്ടിസ്.
റോയ് മാത്യുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ പരാതിയെ തുടര്‍ന്ന് നാസിക് പൊലിസാണ് പത്രപ്രവര്‍ത്തക പൂനം അഗര്‍വാളിനെതിരേ കേസെടുത്തത്. നിരോധിത മേഖലയില്‍ അനധികൃതമായി പ്രവേശിച്ചതിനും ജവാനുമായി അഭിമുഖം നടത്തിയെന്നും ആരോപിച്ച് ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് പൂനം അഗര്‍വാളിനെതിരേ കേസെടുത്തിരുന്നത്.
ഇതേതുടര്‍ന്ന്, തനിക്കെതിരേ ഔദ്യോഗിക രഹസ്യ നിയമം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചാണ് പൂനം അഗര്‍വാള്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഔദ്യോഗിക രഹസ്യ നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് സുപ്രിംകോടതി മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിക്കണമെന്നാണ് പൂനം കോടതിയില്‍ ആവശ്യപ്പെട്ടത്.
സൈന്യത്തിനകത്തെ സഹായക് സമ്പ്രദായം അന്യായമായ പ്രവൃത്തിയാണെന്നും ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുക്കാവുന്ന ഒന്നും ചെയ്തിട്ടില്ലെന്നും ഹരജിക്കാരിക്കു വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യന് വ്യക്തമാക്കി.
പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി 31ാമത് നല്കിയ ശുപാര്‍ശയുടെ മറവില്‍ സൈന്യത്തിലെ സഹായക് സംവിധാനം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ അദ്ദേഹം പറഞ്ഞു. റോയ് മാത്യുവിന്റെ മരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കീഴുദ്യോഗസ്ഥര്‍ അടിമപ്പണി ചെയ്യുന്ന സഹായക് സമ്പ്രദായത്തിനെതിരേ പത്രപ്രവര്‍ത്തകയുമായി സംസാരിച്ച റോയ് പരാതി പറഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് റോയ് മാത്യുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വാര്‍ത്ത വന്നതിന് ശേഷം റോയ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമായിരുന്നു സൈന്യത്തിന്റെ വാദം.