2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മലയാളികളുടെ നെഞ്ചിടിപ്പുയര്‍ന്ന ബ്രെക്‌സിറ്റ്

കെ ജംഷാദ് 8089998341

ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ (ഇ.യു) തുടരണമോ വേണ്ടയോയെന്ന വിഷയത്തില്‍ ബ്രിട്ടന്‍ ജനത തങ്ങളുടെ അഭിപ്രായം ഇന്നു വോട്ടിങ്ങിലൂടെ അറിയിക്കും. ലോകം ആകാംക്ഷയോടെ കാതോര്‍ക്കുന്ന ജനഹിതപരിശോധനയുടെ ഫലം അര്‍ധരാത്രിയോടെ പുറത്തുവന്നു തുടങ്ങും.
ആഗോളസാമ്പത്തികതലസ്ഥാനമായ ബ്രിട്ടനിലെ ഹിതപരിശോധന രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങള്‍ക്കാണു വേദിയൊരുക്കുക. ജനഹിതമെന്താകുമെന്നു തീര്‍ച്ചയില്ലെങ്കിലും ഒടുവില്‍ പുറത്തുവന്ന സര്‍വേകളില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന നിലപാടിനാണു പിന്തുണ കൂടുതല്‍. ഒട്ടേറെ മലയാളികള്‍ കഴിയുന്ന ബ്രിട്ടനിലുണ്ടാകുന്ന മാറ്റം കേരളത്തെയും ബാധിക്കും.

1973 ലാണു ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗമായത്. അതിനുശേഷം രണ്ടാംതവണയാണ് യൂറോപ്യന്‍ യൂനിയനില്‍ തുടരണമോയെന്നതു സംബന്ധിച്ച ഹിതപരിശോധന നടക്കുന്നത്. ആദ്യഹിതപരിശോധന 1975 ലായിരുന്നു. അന്ന് 67 ശതമാനം അനുകൂലിച്ചു.

എന്താണ് ബ്രെക്‌സിറ്റ് പോള്‍

ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമോ വേണ്ടയോ എന്ന ഹിതപരിശോധനയാണ് ബ്രിക്‌സിറ്റ് പോള്‍ എന്നറിയപ്പെടുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ നേതൃത്വത്തിലുള്ള റിമെയ്ന്‍ (തുടരണം) എന്ന വിഭാഗവും ലണ്ടന്‍ മുന്‍മേയര്‍ ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള ലീവ് (വിടണം) എന്ന വിഭാഗവും തമ്മിലാണു മത്സരം. ലീവ് വിഭാഗമാണു ബ്രെക്‌സിറ്റ് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത്.

ആദ്യഘട്ട അഭിപ്രായവോട്ടെടുപ്പുകളില്‍ ബോറിസ് പക്ഷത്തിനു മുന്‍തൂക്കമുണ്ടായിരുന്നെങ്കില്‍ കൊട്ടിക്കലാശം നടന്ന കഴിഞ്ഞദിവസം ബ്രിട്ടനിലെ പ്രമുഖമാധ്യമങ്ങളുടെ സര്‍വേകള്‍പ്രകാരം യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന്‍ തുടരണമെന്ന നിലപാടിനാണു ഭൂരിപക്ഷം.

വോട്ടെടുപ്പും ഫലവും

വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി പത്തുവരെയാണു ഹിതപരിശോധനാ വോട്ടെടുപ്പ്. അര്‍ധരാത്രിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. പുലര്‍ച്ചയോടെ ഫലം പുറത്തുവരും. ബാലറ്റ് രീതിയിലാണ് വോട്ടെടുപ്പ്.

റിമെയ്ന്‍, ലീവ് എന്നീ രണ്ട് ഓപ്ഷനുകളിലാണു വോട്ടിങ് നടക്കുക. എല്ലാ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റിന് അവകാശമുള്ള ബ്രിട്ടനില്‍ പലരും ഇതിനകം വോട്ടുചെയ്തു കഴിഞ്ഞു.

മാഞ്ചസ്റ്റര്‍ ടൗണ്‍ഹാളില്‍ ബ്രിട്ടനിലെ ജനഹിതത്തിന്റെ വിധി പുറപ്പെടുവിക്കും. വനിതാ എം.പിയും റിമെയ്ന്‍ ക്യാംപിലെ ആവേശവുമായിരുന്ന ജോ കോക്‌സ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടതോടെയാണു സര്‍വേഫലങ്ങള്‍ തിരിഞ്ഞത്. അക്രമത്തിലുള്ള പ്രതിഷേധം സൃഷ്ടിച്ച സഹതാപതരംഗം റിമെയ്്ന്‍ പക്ഷത്തിന് അനുകൂലമായെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കോക്‌സിന്റെ വധത്തെത്തുടര്‍ന്നു താല്‍ക്കാലികമായി നിര്‍ത്തിവച്ച ഹിതപരിശോധനാനടപടികള്‍ കഴിഞ്ഞദിവസം പുനരാരംഭിക്കുകയായിരുന്നു.

ഹിതപരിശോധനാ സാഹചര്യം

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ക്കു യൂറോപ്യന്‍ യൂനിയന്റെ അവകാശങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണു ഹിതപരിശോധന ആവശ്യം ഉയരുന്നത്. പുതിയ കുടിയേറ്റക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ അനുമതി നല്‍കിയെങ്കിലും സ്വന്തംപാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍പ്പോലും അഭിപ്രായം ഒന്നിപ്പിക്കാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിന് കഴിഞ്ഞില്ല.

രാജ്യം യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന് കാമറണിന് ആഗ്രഹമുണ്ടെങ്കിലും പ്രതിപക്ഷ സമ്മര്‍ദ്ദംമൂലം ഹിതപരിശോധന നടത്താന്‍ നിര്‍ബന്ധിതനായി. ലേബര്‍പാര്‍ട്ടിയിലെ ചില നേതാക്കളും സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയും യു.കെ ഇന്‍ഡിപെന്റന്‍സ് പാര്‍ട്ടിയും ഭിന്നനിലപാടുകളിലാണ്.

യൂനിയന്‍ വിട്ടാല്‍ എന്തുസംഭവിക്കും

ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) വിട്ടാല്‍ അതു ബ്രിട്ടനിലെ സുരക്ഷ, തൊഴില്‍, വ്യാപാരം, സാമ്പത്തികം തുടങ്ങിയ മേഖലകളെ ബാധിക്കും. ഈ മേഖലകളില്‍ ബ്രിട്ടനില്‍ ഇപ്പോഴുള്ള നയം യൂറോപ്യന്‍ യൂനിയന്റെ നയങ്ങളാണ്. ബ്രിട്ടനു സാമ്പത്തികമായി തിരിച്ചടിയുണ്ടാകുമെന്നും അതല്ല, വന്‍കുതിച്ചുചാട്ടമുണ്ടാക്കുമെന്നും രണ്ടഭിപ്രായങ്ങളുണ്ട്.

ബ്രിട്ടന്റെ 45 ശതമാനം വ്യാപാരവും യൂറോപ്യന്‍ യൂനിയനിലെ രാജ്യങ്ങളുമായാണ്. തൊഴില്‍നഷ്ടം സംഭവിച്ചാല്‍ ആഗോളതലത്തില്‍ ബാധിക്കും. യൂറോപ്യന്‍ യൂനിയനില്‍ തുടരുമെന്നു വാര്‍ത്തവന്നതോടെ പൗണ്ടിന്റെ ഇടിഞ്ഞ മൂല്യം തിരിച്ചുകയറിയത് ഇതിന്റെ സൂചനയാണ്. കുടിയേറ്റക്കാര്‍ രാജ്യത്തിനു വലിയ സംഭാവന നല്‍കിയെന്നും അവരെ സംരക്ഷിക്കണമെന്നുമാണു റിമെയ്്ന്‍ പക്ഷം പറയുന്നത്.

ബ്രിട്ടന്‍ പിന്മാറിയാല്‍ യൂറോപ്യന്‍ യൂനിയനും കനത്ത തിരിച്ചടിയാകും. ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയാണ് ബ്രിട്ടന്‍. ഇ.യുവിന്റെ വരുമാനം അംഗരാജ്യങ്ങളില്‍ നിന്നാണ്. ബ്രിട്ടനെപ്പോലൊരു രാജ്യത്തുനിന്നുള്ള വരുമാനം നിലയ്ക്കുന്നതു യൂറോപ്യന്‍ യൂനിയനെ പാപ്പരാക്കും. ബ്രിട്ടന്‍ ഇ.യുവില്‍ തുടര്‍ന്നാല്‍ അതു കാമറണിനു വന്‍നേട്ടമാകും. ഒപ്പം ബ്രിട്ടനുപ്രത്യേകപദവി ലഭിക്കാനും ഇടയാക്കും.

ഇന്ത്യയും കേരളവും

30 ലക്ഷം ഇന്ത്യക്കാര്‍ ബ്രിട്ടനിലുണ്ട്. അവിടെ 800 ഇന്ത്യന്‍ വ്യവസായസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. നിരവധി വിദ്യാര്‍ഥികള്‍ ബ്രിട്ടനില്‍ പഠിക്കുന്നു. വിനോദസഞ്ചാരമേഖലയിലും ഇരുരാജ്യങ്ങളും തമ്മില്‍ സുദൃഢബന്ധമുണ്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടാല്‍ തൊഴില്‍ നഷ്ടവും കുടിയേറ്റക്കാര്‍ക്കുള്ള ആനുകൂല്യം കുറയും. അത് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും.

അങ്ങനെ സംഭവിക്കുന്നത് ഇന്ത്യന്‍ സാമ്പത്തികരംഗത്തും നിഴല്‍ വീഴ്ത്തും. യൂറോയുടെയും പൗണ്ടിന്റെയും മൂല്യം ഇടിയുന്നതു മലയാളികളെ ബാധിക്കും. ഐ.ടി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നല്ലപങ്കും മലയാളികളാണ്. ഐ.ടി മേഖലയ്ക്കും പ്രതിസന്ധി തിരിച്ചടിയാകും. നാളെ പുലര്‍ച്ചെയോടെ ലോകം കാതോര്‍ക്കുന്ന ബ്രിട്ടന്‍ ജനതയുടെ ജനഹിതത്തിന്റെ ഫലം അറിയാം. അതു ഇന്ത്യക്കാരുടെ, മലയാളികളുടെ നെഞ്ചിടിപ്പുയര്‍ത്തുന്ന നിമിഷംകൂടിയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.