
കൊച്ചി: മലബാര്‍ സിമന്റ്സിന്റെ ചേര്‍ത്തലയിലെ പ്ളാന്റില്‍ നിര്‍മിക്കുന്ന സിമന്റിന് ബി.ഐ.എസ് മുദ്ര ലഭ്യമാക്കാന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മാണം തുടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പരിശോധനക്ക് അഡ്വ. ജേക്കബ് സെബാസ്റ്റ്യനെ സിംഗിള്‍ബെഞ്ച് അഭിഭാഷക കമ്മിഷനായി നിയമിച്ചു. ചേര്‍ത്തല പ്ളാന്റില്‍ നിര്‍മിക്കുന്ന സിമന്റിന് ബി.ഐ.എസ് മുദ്ര നിഷേധിച്ചതിനെതിരേ മലബാര്‍ സിമന്റ്സ് അധികൃതര്‍ നല്കിയ ഹരജി ജസ്റ്റീസ് പി.ബി സുരേഷ്കുമാറാണ് പരിഗണിച്ചത്.
മറൈന്‍ മേഖലയിലെ കെട്ടിട നിര്‍മാണത്തിനും വന്‍തോതില്‍ കോണ്‍ക്രീറ്റിങ് ആവശ്യമായി വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ ഉപയോഗിക്കുന്ന പോര്‍ട്ട്ലാന്റ് പൊസളോണ സിമന്റാണ് ചേര്‍ത്തലയിലെ പ്ളാന്റില്‍ ഉണ്ടാക്കുന്നത്. എന്നാല്‍ സാധാരണ കോണ്ക്രീറ്റിംഗിനുപയോഗിക്കുന്ന ഓള്‍ഡ് പോര്‍ട്ട്ലാന്റ് സിമന്റ് ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തി ബി.ഐ.എസ് അധികൃതര്‍ അംഗീകാരം നിഷേധിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ വാദം തള്ളിയ സിംഗിള്‍ബെഞ്ച് ബി.ഐ.എസിന്റെ വ്യവസ്ഥ പാലിക്കാതെ നിര്‍മിച്ച പൊസളോണ സിമന്റും ഇതിനായി വാങ്ങിയ ഓള്‍ഡ് പോര്‍ട്ട് ലാന്റ് സിമന്റും മാറ്റിവച്ച് മാനദണ്ഡങ്ങള്‍ പാലിച്ച് സിമന്റ് നിര്‍മിക്കണമെന്ന് നിര്‍ദേശിച്ചു. നിലവിലെ സംഭരണികള്‍ മുദ്രവച്ചെന്ന് ഉറപ്പാക്കി അഭിഭാഷക കമ്മിഷന് റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യക്തമാക്കി.