2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മലബാര്‍ മാമ്പഴ മഹോത്സവം രണ്ടുമുതല്‍ അഞ്ചുവരെ പടന്നക്കാട്ട്

കാഞ്ഞങ്ങാട്: മലബാര്‍ മാംഗോ ഫെസ്റ്റിന് പടന്നക്കാട് കാര്‍ഷിക കോളജ് ഒരുങ്ങിക്കഴിഞ്ഞതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത്തവണയും സ്റ്റുഡന്റ്‌സ് യൂനിയനാണ് മാംഗോ ഫെസ്റ്റിന് ചുക്കാന്‍ പിടിക്കുന്നത്.
മെയ് രണ്ടു മുതല്‍ അഞ്ചു വരെ നടക്കുന്ന ഫെസ്റ്റില്‍ മാമ്പഴ പ്രദര്‍ശന വിപണനത്തോടൊപ്പം കാര്‍ഷിക പ്രദര്‍ശനം, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, പെറ്റ് ഷോ, മികച്ച നാടന്‍ മാമ്പഴയിനങ്ങളെ തിരഞ്ഞെടുക്കുന്ന മഹാമാംഗോ മത്സരം തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
രണ്ടായിരത്തോളം ഗ്രാഫ്റ്റ് മാവിന്‍തൈകളും വിതരണത്തിനായി ഒരുക്കും.
മേളയുടെ ഭാഗമായി കര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ സെമിനാറുകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. നീലേശ്വരം നഗരസഭയുമായി ചേര്‍ന്ന് നാടന്‍മാവുകളുടെ സംരക്ഷണത്തിനായി ഓരോ വാര്‍ഡിലും മാംഗോ ക്ലബ് രൂപീകരിച്ചിട്ടുണ്ട്. മാവിന്‍ തൈകളുട നടീല്‍ സംരക്ഷണം, രോഗകീടനിയന്ത്രണം, മാവിനങ്ങള്‍ തുടങ്ങി കീടങ്ങളെയും രോഗങ്ങളേയും കുറിച്ച് കര്‍ഷകരുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മാംഗോ കോര്‍ണറും ഒരുക്കുന്നുണ്ട്.
രണ്ടിന് കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ആര്‍. ചന്ദ്രബാബു ഉദ്ഘാടനം നിര്‍വഹിക്കും. കോളജ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ മാംഗോ ഫെസ്റ്റ് നടക്കുന്നത്. സ്റ്റുഡന്റ്‌സ് യൂനിയന്റെ റെഡി ടു സെര്‍വ് വിഭാഗവും മഹോത്സവത്തിനായി ഒരുങ്ങി കഴിഞ്ഞു.
പച്ചമാങ്ങ, നന്നാറി, ചക്ക, ചാമ്പക്ക, തുടങ്ങി എട്ടോളം സ്‌ക്വാഷുകളും, ചക്കപ്പായസം, മാംഗോ പുഡിംഗ്,വിവിധങ്ങളായ ഉപ്പിലിട്ട വിഭവങ്ങള്‍ തുടങ്ങിയവയ്ക്കും കൂണ്‍ കട്‌ലറ്റ്, നാടന്‍ കപ്പ, മീന്‍കറി എന്നിവയും മഹോത്സവ പവലിയനില്‍ ഉണ്ടാകും.
വീട്ടമ്മമാര്‍ക്കായി മാമ്പഴവും പച്ചമാങ്ങയും ഉപയോഗിച്ചുള്ള പാചകമത്സരവും നടത്തും. വരും കാലങ്ങളില്‍ കോളജിന്റെ പ്രജനന ആവശ്യങ്ങള്‍ക്കായി സയോണ്‍ ബാങ്കും രൂപീകരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കോളജിലെ അസോസിയേറ്റ് ഡീന്‍ ഡോ. പി.ആര്‍ സുരേഷ്, പ്രൊഫസര്‍ ഡോ. കെ.എം ശ്രീകുമാര്‍, ഫാം സൂപ്രണ്ട് പി.വി സുരേന്ദ്രന്‍, ജനറല്‍ കൗണ്‍സില്‍ അംഗം വസീം ഫജ്ല്‍, സ്റ്റുഡന്റ് കണ്‍വീനര്‍ പി. അജിത്ത് സംബന്ധിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.