2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മലപ്പുറം ഈസ്റ്റ് ജില്ലാ മനുഷ്യജാലിക; നിലമ്പൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

നിലമ്പൂര്‍: രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ നാളെ നിലമ്പൂരില്‍ നടക്കുന്ന മലപ്പുറം ഈസ്റ്റ്ജില്ലാ മനുഷ്യജാലികക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വര്‍ഗീയ ഫാഷിസത്തിനെതിരേ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും പൗരാണികമായി നിലനിന്നിരുന്ന സ്‌നേഹസൗഹൃദങ്ങളെ ഊട്ടിയുറപ്പിക്കുകയുമാണ് ജാലികയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
ജാലിക പ്രചാരണ ഭാഗമായി കരുവാരക്കുണ്ട്, കാളികാവ്, വണ്ടൂര്‍, നിലമ്പൂര്‍, എടക്കര മേഖലസംഗമങ്ങള്‍, 24 ക്ലസ്റ്റര്‍ സമ്മേളനങ്ങള്‍, അരലക്ഷം വീടുകളില്‍ ലഘുലേഖവിതരണം, സ്വാതന്ത്ര്യസമരത്തിലെ സൂഫീ സാന്നിധ്യം, ചുരുങ്ങുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യം, ഭാരതത്തെ ഭ്രാന്താലയമാക്കരുത് വിഷയങ്ങളില്‍ എടക്കര, നിലമ്പൂര്‍, കാളികാവ് മേഖലകളില്‍ സെമിനാറുകളും, നിലമ്പൂര്‍, വണ്ടൂര്‍ മേഖലകളില്‍ ജാലിക ചലനം ജ്വലനം സന്ദേശയാത്ര, അകമ്പാടം, ചുങ്കത്തറ എന്നിവിടങ്ങളില്‍ എസ്.കെ.എസ്.ബി.വി റോഡ്‌ഷോയും ജാലികയുടെ ഭാഗമായി നടത്തി.
ഈസ്റ്റ്ജില്ലാ കമ്മിറ്റി ജില്ലാ അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങളുടെ നായകത്വത്തില്‍ 18 മേഖലകളില്‍ മൂന്ന് ദിവസങ്ങളിലായി സ്‌നേഹ യാനം യാത്രയും സംഘടിപ്പിച്ചു. നാളെ നിലമ്പൂര്‍ ബൈപ്പാസില്‍ നിന്ന് വൈകീട്ട് നാലിന് ആരംഭിക്കുന്ന ജാലിക റാലിക്ക് ജില്ലാ ഭാരവാഹികള്‍ക്കും സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും പിറകില്‍ പ്രത്യേകം യൂണിഫോം ധരിച്ച വിഖായ, ത്വലബ, കാംപസ് എന്നീ വിങുകളും, ശേഷം 18 മേഖലയിലെ പ്രവര്‍ത്തകരും അതത് ബാനറിന് പിന്നിലായി അണിനിരക്കും.
തുടര്‍ന്ന് ജനതപ്പടിയില്‍ 4.30ന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രെഫസര്‍ കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്, പി.വി അബ്ദുല്‍വഹാബ് എം.പി, പി.വി അന്‍വര്‍ എം.എല്‍.എ, മാര്‍തിയോഫിലോസ് ഫൗണ്ടേഷന്‍ ഡയരക്ടര്‍ ഫാദര്‍ ജേക്കബ്ബ് വര്‍ഗീസ്, ശ്രീവിവേകാനന്ദാ എജ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ആര്‍ ഭാസ്‌ക്കരന്‍ പിളള, സത്താര്‍ പന്തല്ലൂര്‍, വാക്കോട് മൊയ്തീന്‍ക്കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുള്‍ ഹമീദ്‌ഫൈസി അമ്പലക്കടവ്, ഹാഷിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിയാസ് അലി ശിഹാബ് തങ്ങള്‍, ഷെമീര്‍ ഫൈസി ഒടമല തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ജന. കണ്‍വീനര്‍ സലീം എടക്കര, ഭാരവാഹികളായ അക്ബര്‍ മമ്പാട്, നാസര്‍ മാസ്റ്റര്‍ കരുളായി, ഹംസ ഫൈസി രാമംകുത്ത് പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.