
കൊച്ചി: മലങ്കര സഭാ തര്‍ക്കത്തില്‍ ഇരുവിഭാഗങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മധ്യസ്ഥനാക്കാനുള്ള ബി.ജെ.പിയുടെ നീക്കം ഓര്‍ത്തഡോക്സ് സഭയുടെ വോട്ട് ലക്ഷ്യമിട്ട്. തങ്ങള്‍ക്കനുകൂലമായ സുപ്രിംകോടതി വിധി പ്രകാരം പള്ളികള്‍ കൈമാറ്റം ചെയ്യുന്ന കാര്യത്തില്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ എല്‍.ഡി.എഫും വ്യക്തമായ നിലപാടെടുക്കാതെ യു.ഡി.എഫും നല്കുന്ന അവസരം മുതലാക്കുകയാണ് ബി.ജെ.പി. മധ്യസ്ഥതയിലൂടെ പ്രശ്നപരിഹാരമെന്നാണ് ബി.ജെ.പി പ്രഖ്യാപിക്കുന്നതെങ്കിലും തങ്ങളോട് ചായ്വ് കാണിക്കുന്ന ഓര്‍ത്തഡോക്സ് സഭയെ സഹായിക്കുക തന്നെയാണ് അവരുടെ ലക്ഷ്യം. യാക്കോബായ വിഭാഗം നേരത്തെ തന്നെ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചര്‍ച്ചകളില്‍ അവരോട് അനുഭാവം പുലര്‍ത്തണമെന്ന് നിര്‍ബന്ധമില്ല.
സംസ്ഥാനത്തെ ആര്.എസ്.എസ് നേതൃത്വം കഴിഞ്ഞ കുറേ കാലങ്ങളായി ഓര്‍ത്തഡോക്സ് സഭാ നേതൃത്വവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരുന്നുണ്ട്. ലൗ ജിഹാദ് പോലുള്ള വിഷയങ്ങളില്‍ സംഘ്പരിവാര്‍ മുദ്രാവാക്യങ്ങളോട് ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തിനു സമാനമായ നിലപാടാണുള്ളത്. ലൗ ജിഹാദ് എന്ന സംഘ്പരിവാര്‍ പദം സ്വീകരിക്കുന്നില്ലെങ്കിലും പ്രണയവിവാഹത്തെ തുടര്‍ന്നുള്ള മതംമാറ്റത്തോട് സഭയ്ക്ക് യോജിപ്പില്ല.
ഇപ്പോള്‍ മോദിയുടെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നത് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ളയും മധ്യതിരുവിതാംകൂറിലെ ഒരു യുവമോര്‍ച്ച നേതാവുമാണ്. ഇരുവരും മധ്യതിരുവിതാംകൂറിലെ നിയമസഭാ സീറ്റില്‍ നോട്ടമിട്ടാണ് നീക്കം നടത്തുന്നത്. മധ്യതിരുവിതാംകൂറിലെ 25 നിയമസഭാ സീറ്റുകളിലെങ്കിലും ഓര്‍ത്തഡോക്സ് സഭ നിര്‍ണായകമാണ്.
2019 ഒക്ടോബറില്‍ നടന്ന കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുതല്‍ ഓര്‍ത്തഡോക്സ് സഭ ബി.ജെ.പിയുമായുള്ള ബന്ധം ക്രമേണ ശക്തമാക്കിക്കൊണ്ടുവരികയായിരുന്നു. അന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന് 40,000 വോട്ടാണ് നേടിയത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15,000 വോട്ട് നേടിയിടത്തു നിന്ന് ഇരട്ടിയിലധികം വോട്ട് ബി.ജെ.പിക്ക് നേടിക്കൊടുത്തത് ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണയാണ്. കോന്നിയില്‍ ഇടവകകള്‍ കേന്ദ്രീകരിച്ച് പുരോഹിതന്മാരുള്പ്പെടെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിച്ചത്. 2018ല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സഭാ തര്‍ക്കത്തിലെ കോടതി ഉത്തരവ് നടപ്പിലാക്കാമെന്ന ഉറപ്പു നല്‍കിയാണ് എല്‍.ഡി.എഫിലെ സജി ചെറിയാന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
എക്കാലത്തും യു.ഡി.എഫിനെ, പ്രത്യേകിച്ച് കോണ്‍ഗ്രസിനെ ഉറച്ചു പിന്തുണച്ചിരുന്നവരാണ് ഓര്‍ത്തഡോക്സ് സഭ. ഇപ്പോള്‍ ബി.ജെ.പിയോട് കാണിക്കുന്ന അനുഭാവം മധ്യതിരുവിതാംകൂറില്‍ യു.ഡി.എഫിനു വലിയ ക്ഷീണമുണ്ടാക്കിയേക്കും.
കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം മുന്നണി മാറിയതിനു പുറമെ ഓര്‍ത്തഡോക്സ് സഭയുടെ ചുവടുമാറ്റം കൂടിയായാല്‍ യു.ഡി.എഫിന് ഇരട്ടപ്രഹരമാകും. യു.ഡി.എഫിനെ ഓര്‍ത്തഡോക്സ് സഭ ഇക്കാലമത്രയും പിന്തുണച്ചിരുന്നത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വം മൂലമായിരുന്നു. ബി.ജെ.പി പാളയത്തിലേക്ക് പോകുന്ന ഓര്‍ത്തഡോക്സ് സഭയെ ഒപ്പം നിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി തന്നെ രംഗത്തിറങ്ങേണ്ടിവരുമെന്നാണ് കരുതുന്നത്.