
മറയൂര്‍: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉത്സവമായ വോട്ടിങ്ങില്‍ കാടിന്റെ മക്കള്‍ സജീവ പങ്കാളികളായി. മറയൂര്‍ മലനിരകളിലെ ആദിവാസി ഊരുകളില്‍ നിന്നുള്ളവര്‍ വോട്ട് രേഖപ്പെടുത്തുന്ന അഞ്ചുനാടന്‍ ഗ്രാമമായ മറയൂരിലെ ഒന്നാംനമ്പര്‍ ബൂത്തില്‍ 69 ശതമാനം വോട്ട് രേഖപ്പെടുത്തി.
മറയൂരില്‍ ആദിവാസി മേഖലകളില്‍ ആകെ 72 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇടമലക്കൂടിക്ക് സമാനമായി മറയൂരിലെ ഒന്ന് രണ്ട് ബൂത്തുകളിലും പൂര്‍ണ്ണമായും ആദിവാസി വോട്ടര്‍മാരാണ്.
അതിരാവിലെ തന്നെ കൂഞ്ഞുങ്ങളുമായി കാല്‍നടയായും ജീപ്പുകളിലുമായെത്തി ആദിവാസികള്‍ വോട്ട് രേഖപ്പെടുത്തി. ആദിവാസി കോളനിയിലെ 761 ആദിവാസി വോട്ടര്‍മാരില്‍ 529 പേരും വോട്ട് രേഖപ്പെടുത്തി. മുതുവാ വിഭാഗത്തിലുള്ള ആദിവാസി വോട്ടര്‍ മാത്രമുള്ള കൂടക്കാട് ബൂത്തിലെ 903 വോട്ടര്‍മാരില്‍ 644 പേര് വോട്ട് രേഖപ്പെടുത്തി.