
മറയൂര്‍: മറയൂര്‍ ടൗണിലെ മൊബൈല്‍ ഷോപ്പ് കൂത്തി തുറന്ന് മുഴുവന്‍ മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്തു. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് മറയൂര്‍ ശാഖക്ക് എതിര് വശത്തുള്ള മൊബൈല്‍ വേള്‍ഡ് എന്ന സ്ഥാപനത്തില്‍ നിന്നാണ് ലാപ്പ് ടോപ്പ് അടക്കം മോഷണം പോയത്.
മറയൂര്‍ കരിമുട്ടി കാര്‍ത്തിക ഭവത്തില്‍ പ്രകാശിന്റെ സ്ഥാപനമാണ് കവര്‍ച്ച ചെയ്തത്.ചൊവ്വാഴ്ച്ച രാത്രി ഒരുമണിയോടെയാണ് കവര്‍ച്ച നടന്നതെന്ന് സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലെ സി.സി.ടി.വി യില്‍ പതിഞ്ഞ വ്യക്തതയില്ലാത്ത ദൃശ്യങ്ങളില്‍ നിന്നും വിവരം ലഭിച്ചു.
മറ്റ് പ്രദേശങ്ങളില്‍ നിന്നൂം വ്യത്യസ്ഥമായി ഞായാറാഴ്ച്ച ചന്ത ദിവസവും ബുധനാഴ്ച്ച അവധിയുമാണ് മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍. ബുധനാഴ്ച്ച ക്ഷേത്രദര്‍ശനത്തിനായി പ്രകാശ് ടൗണ്‍ വഴി കടന്ന് പോയപ്പോള്‍ സ്ഥാപനത്തിന്റെ പൂട്ടുകള്‍ കാണാതായതിനെ തുടര്‍ന്ന് മോഷണം നടന്നതായി മനസ്സിലാക്കി 200 മീറ്റര്‍ മാത്രം അകലത്തിലുള്ള പൊലിസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
പൊലിസിന്റെ സാന്നിധ്യത്തില്‍ കട തുറന്ന് നോക്കിയപ്പോള്‍ മുഴുവന്‍ മൊബൈല്‍ ഫോണുകളും, ചാര്‍ജ്ജറുകള്‍, മെമ്മറി കാര്‍ഡുകള്‍, പവര്‍ ബാങ്ക് ഉള്‍പ്പെടെ മുഴുവന്‍ സാധനങ്ങളും മോഷ്ടിക്കപ്പെട്ടതായി ബോധ്യമായി. മറയൂര്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലിസ് വി.ആര്. ജഗദീഷിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം അന്വേഷണം ആരംഭിച്ചു.