2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മരുന്ന് കച്ചവടമാകുമ്പോള്‍ മനുഷ്യന്‍ മണ്ണാകുന്നു

പ്രേംജി വയനാട് (സെക്രട്ടറി, കേരള ഫാര്‍മസിസ്‌റ്‌സ് ഓര്‍ഗനൈസേഷന്‍)

കേരളത്തില്‍ പെരുകുന്ന ലഹരി ഉപയോഗത്തെക്കുറിച്ചു അനുദിനം വാര്‍ത്തക്കള്‍ വരുമ്പോഴും ഇവിടെ അനധികൃത വ്യാപാരം അനുസ്യൂതം നടക്കുകയാണ്. കേരളത്തിലെ മൂവായിരത്തോളം വരുന്ന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും പതിനേഴായിരത്തിലധികം വരുന്ന സ്വകാര്യ മരുന്നുകടകളും പ്രവര്‍ത്തിക്കുന്നത് നിയമ വിരുദ്ധമായാണ്്. പനിയും പകര്‍ച്ചവ്യാധിയും മൂലം കേരളത്തില്‍ മരണനിരക്ക് കൂടാനുള്ള പ്രധാന കാരണം സ്വയം ചികില്‍സയും ആന്റിബയോട്ടിക്ക് അടക്കമുള്ള മരുന്നുകളുടെ അമിതമായ ദുരുപയോഗവുമാണ്.

ജീവന്‍രക്ഷാ ഔഷധങ്ങള്‍ യോഗ്യതയുള്ള ഫാര്‍മസിസ്റ്റുകള്‍ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നു നിയമം അനുശാസിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ഇവ കൈകാര്യം ചെയ്യുന്നത് യാതൊരു യോഗ്യതയുമില്ലാത്ത വ്യക്തികളാണ്.
1948 ലെ ഫാര്‍മസി നിയമത്തിലെ 42- ാം ചട്ടത്തില്‍ വ്യക്തമായി പറയുന്നു- യോഗ്യതയില്ലാത്ത വ്യക്തി ഔഷധനങ്ങള്‍ കൈകാര്യം ചെയ്താല്‍ നടപടി സ്വീകരിച്ച് ആറു മാസം തടവോ. ആയിരം രൂപ പിഴയോ രണ്ടും കൂടിയോ നല്‍കണം.

എന്നാല്‍ നാളിതുവരെയായിട്ടും കേരളത്തില്‍ ഇത്തരത്തില്‍ ഒരു കേസും ഉണ്ടായതായി അറിവില്ല. 1945 ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ ചട്ടം  64 ഉം 65 ഉം അനുസരിച്ചു ഒരു ഔഷധ വില്‍പ്പനശാലയ്ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ അവിടെ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിനു യോഗ്യതയുള്ള ഫാര്‍മസിസ്‌ററ് ഉണ്ടായിരിക്കണം എന്നു വ്യക്തമാക്കുന്നു. എന്നാല്‍ കേരളത്തിലെ  വലിയൊരുവിഭാഗം മരുന്നു കടകള്‍ പകല്‍പോലും പ്രവര്‍ത്തിക്കുന്നത് യാതൊരു യോഗ്യതയുമില്ലാത്ത  വ്യക്തികളുടെ മേല്‍നോട്ടത്തിലാണ്. ഫാര്‍മസിസ്‌ററ് ഉണ്ടാകാറില്ല. സര്‍ട്ടിഫിക്കറ്റ് മാത്രം തൂക്കിയിട്ടിട്ടുണ്ടാകും. വൈകുന്നേരം നാലുമണി കഴിഞ്ഞാല്‍ പറയുകയും വേണ്ട. കടയുടമയും സെയില്‍സ്മാനും കൂടി കച്ചവടം പൊടിപൊടിക്കുന്നു. ഈ സമയത്താണ് സ്‌കൂള്‍വിട്ടു കുട്ടികളും ഓഫിസ് ജോലിയും മറ്റുജോലികളും കഴിഞ്ഞു പൊതുജനവും തങ്ങള്‍ക്കാവശ്യമായ മരുന്നു വാങ്ങാന്‍ കടയില്‍ എത്തുക. അതുപോലെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറെകണ്ടു മരുന്നുവാങ്ങാന്‍ വരുന്നവരും…

കച്ചവടംമാത്രം ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന മരുന്നകടഉടമയും സഹായിയും എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി ലൈംഗിക ഉത്തേജകമരുന്നായ സിഡാനാഫില്‍ സിട്രേറ്റ്( ഇത് അമിതമായ അളവില്‍ കഴിച്ചാല്‍ ഹൃദയസ്തംഭനംവരെ ഉണ്ടാകാം.), ഉറക്ക ഗുളികള്‍, ലഹരി നല്‍കുന്ന ചുമ മരുന്നുകള്‍ എന്നിവ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചോദിക്കുന്നവര്‍ക്കെല്ലാം എടുത്തുനല്‍കി വരുമാനംകൂട്ടുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ സിരാകേന്ദ്രമായ തിരുവനതപുരം പട്ടണത്തില്‍പോലും സ്ഥിതി വ്യത്യസ്തമല്ല. ഔഷധ നിയന്ത്രണവിഭാഗം ഉദ്യോഗസ്ഥരെ കാണേണ്ടപോലെ കണ്ടാല്‍ എന്തും വില്‍ക്കാം. ഈ അനാസ്ഥയാണ് നമ്മുടെ നാട്ടില്‍ ലഹരിഉപയോഗം പെരുകാന്‍ കാരണം.

എല്ലാ മരുന്നുകടയിലും കുറഞ്ഞത് രണ്ടു ഫാര്‍മസിസ്‌ററ് ഉണ്ടാകണം (24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മൂന്നും) എന്ന്  ഉറപ്പുവരുത്തണം. കേരളത്തില്‍ 10 മുതല്‍ 15 മണിക്കൂര്‍ വരെ തുറന്നു പ്രവര്‍ത്തിക്കുന്ന മരുന്നുകടയില്‍ ഒരു ഫാര്‍മസിസ്‌ററ് മാത്രമേ പലപ്പോഴും ഉണ്ടാകിറുള്ളു. തൊഴില്‍ നിയമം അനുസരിച്ചു 8 മണിക്കൂര്‍ മാത്രമേ ഒരു ദിവസം ഒരു വ്യക്തി തൊഴില്‍ ചെയ്യേണ്ടതുള്ളൂ എന്നുള്ളപ്പോള്‍ അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട മരുന്നുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ നിയമം ലംഘിച്ചു പ്രവര്‍ത്തിക്കാന്‍ അധികാരികള്‍ തന്നെ ഒത്താശ ചെയ്യുന്നു.

ഡാക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ വിപണനം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ പര്യാപ്തമായ രീതിയില്‍ എലെക്ട്രോണിക്‌സ് പ്രെസ്‌ക്രിപ്ഷന്‍( E. Prescription)  കേരളത്തില്‍ നടപ്പിലാക്കണം. എങ്കില്‍മാത്രമേ ആന്റിബയോട്ടിക്കുകള്‍ അടക്കമുള്ള മരുന്നുകളുടെ ദുരുപയോഗം തടയാന്‍ കഴിയുകയുള്ളൂ.

ഫാര്‍മസിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് വാടകയ്ക്ക് നല്‍കരുതെന്നും ഔഷധവിതരണവില്‍പനശാലയില്‍ മുഴുവന്‍ സമയം യോഗ്യതയുള്ള ഫാര്‍മസിസ്റ്റ് ഉണ്ടായിരിക്കണമെന്നും അവര്‍ യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ധരിക്കണമെന്നും കൈകാര്യം ചെയ്യുന്ന മുഴുവന്‍ മരുന്നുകുറിപ്പടികളും അടുത്ത 5 വര്‍ഷം സൂക്ഷിച്ചുവയ്ക്കണമെന്നും വ്യക്തമാക്കി ദേശീയ ഫാര്‍മസി കൗണ്‍സില്‍ പുറപ്പെടുവിച്ച ഫാര്‍മസി പ്രാക്റ്റീസ് റെഗുലേഷന്‍സ്- 2015 ഇനിയും കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ല.

ഇത് നടപ്പിലാക്കാതെ ഔഷധ മാഫിയയെ സഹായിക്കാനുള്ള ശ്രമമാണ് സംസ്ഥാന ഫാര്‍മസി കൗണ്‍സിലും ഔഷധ നിയന്ത്രണ വിഭാഗവും നടത്തിക്കൊണ്ടിരിക്കുന്നത്.
  പൊതുജനാരോഗ്യത്തെ ബാധിക്കന്നതും കേരളത്തിലെ 65000 ലധികം വരുന്ന ഫാര്‍മസിസ്റ്റുകളുടെ അവകാശ നിഷേധവുമായ ഇക്കാര്യ ത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ട് മാസങ്ങളായി.

സര്‍ക്കാറും സര്‍ക്കാര്‍ സംവിധാനങ്ങളും യോഗ്യത യില്ലാത്ത വ്യക്തികള്‍ ജീവന്‍രക്ഷാ ഔഷധങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കുക വഴി നീതിന്യായ വ്യവസ്ഥയെ തകിടം മറിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുകയാണ് എന്ന് പറയാതിരിക്കാനാകില്ല.

ഫാര്‍മസിയില്‍ ഡിപ്ലോമ മുതല്‍ ഡോക്ടറേറ്റ് വരെ നേടിയവര്‍ (പലരും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും ലക്ഷങ്ങള്‍ കടമെടുത്തും പരിചയക്കാരില്‍നിന്നും കടം വാങ്ങിയുമാണ് പഠനം പൂര്‍ത്തിയാക്കിയത്. എന്നാല്‍ മാന്യമായ ജോലിയും വേതനവും ലഭ്യമല്ല)
കഴിഞ്ഞ 4 വര്‍ഷമായി യാതൊരു പരിശോധനയും നടത്തിയിട്ടില്ലാത്ത 5000 ലധികം മരുന്നു വില്‍പനശാലകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഫാര്‍മസി ബിരുദധാരികള്‍ ഉദ്യോഗസ്ഥന്മാരായി ജോലി ചെയ്യുന്ന ഔഷധ നിയന്ത്രണ വിഭാഗത്തിന്റെ കഴിവില്ലായ്മയുടേയും കെടുകാര്യസ്ഥതയുടേ യും കൈക്കൂലിയുടേയും അഴിമതിയുടേയം വ്യക്തമായ ചിത്രം വരച്ചുകാട്ടുന്നു.

സ്വകാര്യ സ്ഥാപനങ്ങള്‍ വന്‍തുക ഫീസ് വാങ്ങി ഫാര്‍മസിസ്റ്റായി ജോലി ലഭിക്കാന്‍ സഹായിക്കുന്ന കോഴ്‌സ് എന്നപേരില്‍ യുവതി യുവാക്കളെ വഞ്ചിച്ച് നല്‍കുന്ന ഫാര്‍മസി അസിസ്റ്റന്റ് എന്ന സര്‍ട്ടിഫിക്കറ്റിന് ഫാര്‍മസി നിയമപ്രകാരം സാധുതയില്ല. എന്നാല്‍ സ്വകാര്യ ആശുപത്രികളിലും മരുന്നുകടകളിലും നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് ഭൂരിപക്ഷവും ഈ സര്‍ട്ടിഫിക്കറ്റ് നേടിയവരും. ഇന്ന് കേരള വിപണിയില്‍ എണ്‍പതിനായിരത്തിലധികം ബ്രാന്‍ഡ് മരുന്നുകള്‍ അനുദിനം കൈകാര്യം ചെയ്യപ്പെടുന്നു. കേവലം 26 അക്ഷരങ്ങള്‍ കൊണ്ടുള്ള ഞാണിന്‍മേല്‍ കളിയാണ് ഇംഗ്ലീഷ് മരുന്ന് വ്യാപാരം.

ഡോക്ടര്‍മാരുടെ വായിക്കാന്‍ പറ്റാത്ത കുറിപ്പടി കൂടിയാകുമ്പോള്‍ ഇതിന്റെ ഭീകരത വര്‍ധിക്കുന്നു. അക്ഷരമൊന്നു മാറിയാല്‍ മരുന്നുപോലും മാറും. ചിലപ്പോള്‍ ജീവഹാനിപോലും സംഭവിക്കാം. (കുറഞ്ഞത് 10 പേരെങ്കിലും ഇത്തരത്തില്‍ തെറ്റായ മരുന്ന് ഉപയോഗം മൂലം അകാലത്തില്‍ മരണമടയുന്നു.ഇത്തരം കണക്കുകള്‍ ഒരിക്കലും പുറത്തു വരില്ല. ചികില്‍സയിലെ പിഴവ് (medication errors) എന്നാല്‍ കൃത്യമായി രോഗനിര്‍ണയം നടത്താതെ ചികിത്സയും മരുന്നും നല്‍കുക എന്നാണ്.

തെറ്റായ അളവില്‍ മരുന്നു കഴിക്കാന്‍ കുറിച്ചുനല്‍കുക. രോഗിക്ക് ആവശ്യമില്ലാത്ത മരുന്ന് കുറിച്ചുനല്‍കുക. കുറിപ്പടി വായിക്കാന്‍ കഴിയാത്തതിനാല്‍ ഉദ്ദേശംവച്ചു  മരുന്നു നല്‍കുന്നത് മൂലം മരുന്നു മാറിപ്പോകുക. തുടങ്ങി നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുന്നു.

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കമ്മീഷണറുടെ നേതൃത്വത്തില്‍ എക്‌സൈസ് വകുപ്പു നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കണം.  എക്‌സൈസ് വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കാണണമെങ്കില്‍ ഔഷധ നിയന്ത്രവിഭാഗത്തിലും നിയമം നടപ്പിലാക്കാന്‍ നട്ടെല്ലുള്ള കാര്യശേഷിയുള്ള ഉദോഗസ്ഥനെ മേധാവിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഔഷധ വ്യാപാരികളുടെയും മരുന്ന് കമ്പനികളുടെയും വക്താവായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ് കേരളത്തിലെ ഔഷധ നിയന്ത്രണവിഭാഗത്തെ നയിക്കുന്നത്. അതുതന്നെയാണ് ആരോഗ്യരംഗത്ത് കേരളം  നേരിടുന്ന ശാപവും. ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ പാരിതോഷികങ്ങളും കിമ്പളവും ഈ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്.

അതുകൊണ്ടുതന്നെയാണ് കുഗ്രാമങ്ങളില്‍പോലും മൂന്നും നാലും മരുന്നുകടകള്‍ക്കു ലൈസന്‍സ് നല്‍കുന്നതിന് കാരണവും. പിന്നെ കച്ചവടമുണ്ടാക്കാന്‍ മരുന്നുവ്യാപാരികള്‍ തോന്നിയപോലെ വ്യാപാരം നടത്തുന്നു. ഇതൊന്നും കണ്ടില്ല എന്ന മട്ടില്‍ കണ്ണടച്ച് ഔഷധ നിയന്ത്രണവിഭാഗം ഉദ്യോഗസ്ഥരും. ഈ നില തുടര്‍ന്നാല്‍ അധികം വൈകാതെ  ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍പോലും മയക്കുമരുന്നിനു അടിമകളാകുന്ന അവസ്ഥ കേരളത്തില്‍ വന്നു ചേരും    

                                                                                                                              


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.