
ഗുളികകള്‍ കഴിക്കാന്‍ അധികമാര്‍ക്കും ഭയമാണ്. സൈഡ് ഇഫക്ട് ഉണ്ടാവുമോ? ഒറിജിനലായിരിക്കുമോ അതോ വ്യാജനായിരിക്കുമോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഗുളിക കഴിക്കുന്നവരെ അലട്ടും. ഗുളികകളിലെ വ്യാജനെ കണ്ടെത്താന്‍ വളരെ ലളിതമായി ആര്‍ക്കും സാധിക്കാവുന്ന കണ്ടുപിടുത്തം നോട്രി ഡേം യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടേതാണ്.
വ്യാജനെ കണ്ടുപിടിക്കാന്‍ പേപ്പര്‍ ടെസ്റ്റാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നത്. വെറും 50 രൂപ ചെലവില്‍ സ്വന്തമായി തന്നെ ഗുളികയുടെ നിലവാരം പരീക്ഷിച്ചറിയാനാവും. പേപ്പറില്‍ ഓരോ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത 12 ചെറിയ തോടുകളുണ്ടാവും. പരീക്ഷിക്കേണ്ട ഗുളിക പൊടിയാക്കി മുകളില്‍ മാര്‍ക്ക് ചെയ്ത ഭാഗത്ത് വിലങ്ങനെ ഇട്ടുകൊടുത്താല്‍ മതി. തുടര്‍ന്ന് ഈ കാര്‍ഡിന്റെ താഴേ അറ്റം വെള്ളത്തില്‍ മുക്കിവയ്ക്കണം. ഇനിയെല്ലാം കാര്‍ഡ് ചെയ്തോളും.
വെള്ളവും രാസപദാര്‍ഥവും ഗുളികയും ലയിച്ച് 12 തോടുകളിലും ഓരോ നിറങ്ങള്‍ നിറയും. ഈ നിറങ്ങളുടെ ഓര്‍ഡര്‍ തന്നെയാണോ ആ ഗുളികയുടെ പെട്ടിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നതെന്നു നോക്കിയാല്‍ മതി. അതുതന്നെയാണെങ്കില്‍ ഗുളിക ഒറിജിനലും അങ്ങനെയല്ലെങ്കില്‍ വ്യാജനുമായിരിക്കും. സംഭവം പ്രചരിച്ചു വരുന്നതേയുള്ളൂവെന്നതിനാല് നമ്മള് കുറച്ച് കാത്തിരിക്കേണ്ടിവരും.