കണ്ണൂരില്‍ ഓരോ രാഷ്ട്രീയ കൊലപാതകമുണ്ടാകുമ്പോഴും സമാധാനകാംക്ഷികള്‍ നെഞ്ചത്തു കൈവച്ചു പ്രാര്ഥിച്ചുപോകാറുണ്ട്, ഇത് അവസാനത്തേതായിരിക്കണേയെന്ന്. എന്നാല്‍, എല്ലാ സമാധാനശ്രമങ്ങളെയും സര്‍വകക്ഷിയോഗ തീരുമാനങ്ങളെയും നിഷ്ഫലമാക്കിക്കൊണ്ടു കണ്ണൂര്‍ ഇന്ത്യയുടെ ഭൂപടത്തില്‍ രക്തസാക്ഷികളുടെ രക്തം കൊണ്ട് അടയാളപ്പെടുത്തുന്ന ജില്ലയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏറ്റവുമൊടുവിലായി ഇന്നലെ സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തലശ്ശേരിയില്‍ ഒരു യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏതാനും വാര അകലെ ബോംബ് സ്ഫോടനമുണ്ടായി.
എല്ലാ സമാധാനശ്രമങ്ങളെയും പരാജയപ്പെടുത്തി ജില്ലയെ കലാപഭൂമിയാക്കാനാണ് ആര്.എസ്.എസ് ശ്രമമെന്നും സൈക്കിളിലെത്തിയ ആര്.എസ്.എസ് പ്രവര്‍ത്തകരാണു കഴിഞ്ഞദിവസം ബോംബ് സ്ഫോടനം നടത്തിയതെന്നും കോടിയേരിയുള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ കുറ്റപ്പെടുത്തുമ്പോള്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈയിലെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശ് പ്രത്യാരോപണം നടത്തുകയാണ്.
ഇത്തരം ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ ജില്ലയിലെ ജനങ്ങളുടെ സമാധാനപൂര്‍ണമായ ജീവിതമാണു ദുസ്സഹമായിരിക്കുന്നത്. സ്ഫോടനത്തില്‍ പ്രതിഷേധിച്ചു ജില്ലയുടെ വിവിധഭാഗങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറി. വടകരയിലെ കോട്ടപ്പള്ളി, നാദാപുരത്തെ ഇരിങ്ങന്നൂര്‍ എന്നിവിടങ്ങളിലെ ബി.ജെ.പി ഓഫിസുകള്‍ തകര്‍ക്കപ്പെട്ടു. ഇവിടങ്ങളിലെല്ലാം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പൊലിസ് സന്നാഹം ജില്ലയെ ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കുന്നു.
സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തോടനുബന്ധിച്ചു ജില്ലയില്‍ അരങ്ങേറിയ സി.പി.എം, ബി.ജെ.പി കലഹത്തോടെയാണു ജില്ല വീണ്ടും അശാന്തിയിലേക്കു കൂപ്പുകുത്തിയത്. ധര്‍മ്മടം അണ്ടല്ലൂരില്‍ ജനുവരി 28 ബുധനാഴ്ച രാത്രി ബി.ജെ.പി പ്രവര്ത്തകന് സന്തോഷ്കുമാര്‍ വീട്ടില്‍ വെട്ടും കുത്തുമേറ്റു മരിച്ചിരുന്നു. സ്വത്തു തര്‍ക്കത്തെ തുടര്‍ന്നാണു സന്തോഷ് കൊല്ലപ്പെട്ടതെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും ജില്ലയിലെ സി.പി.എം നേതാവായ എം.വി ജയരാജനും പറഞ്ഞുവെങ്കിലും പൊലിസ് അറസ്റ്റ് ചെയ്തത് സി.പി.എം പ്രവര്‍ത്തകരെയായിരുന്നു. രാഷ്ട്രീയകൊലപാതകമാണു നടന്നതെന്നു പൊലിസ് വെളിപ്പെടുത്തുകയും ചെയ്തു.
ഇതേത്തുടര്‍ന്നാണ് കണ്ണൂര്‍ വീണ്ടും സി.പി.എം, ബി.ജെ.പി കൊലപാതക രാഷ്ട്രീയത്തിലേക്കു ചുവടുവയ്ക്കാന്‍ തുടങ്ങിയത്. സന്തോഷിന്റെ കൊലപാതകത്തിലുള്ള പ്രതിഷേധം പ്രകോപനത്തിലേയ്ക്കു നീങ്ങുന്നതായി പിന്നീടു നടന്ന സന്തോഷിന്റെ ശവമഞ്ചം വഹിച്ചുള്ള വിലാപയാത്ര. വിലാപയാത്ര സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയായ പൊലിസ് മൈതാനിക്കു മുന്നിലൂടെ കടന്നുപോകാന്‍ ബി.ജെ.പി നിര്‍ബന്ധം പിടിച്ചതു കലോത്സവവേദികളെ മൂന്നുമണിക്കൂര്‍ നേരത്തേയ്ക്കാണു മുള്‍മുനയില്‍ നിര്‍ത്തിയത്. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിനേറ്റ കളങ്കമായി ആ വാശിപിടിച്ച വിലാപയാത്ര.
വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന കൗമാര പ്രതിഭകളെയും കല ആസ്വദിക്കാന്‍ വന്ന നാട്ടുകാരെയും ഈയൊരു കൊലപാതക രാഷ്ട്രീയസംഘര്‍ഷത്തിനു സാക്ഷികളാക്കിയതിനപ്പുറം എന്തു നേട്ടമാണു സന്തോഷിന്റെ കൊലപാതകത്തിലൂടെ സി.പി.എമ്മും വിലാപയാത്ര കലോത്സവ മൈതാനിക്കു മുന്നിലൂടെ നിര്‍ബന്ധപൂര്‍വം കൊണ്ടുപോയതിലൂടെ ബി.ജെ.പിയും കൈവരിച്ചത്.
സന്തോഷിന്റെ കൊലപാതകത്തെ തുടര്‍ന്നു ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന സമാധാനശ്രമങ്ങള്‍ നിഷ്ഫലമായെന്നാണ് ഇന്നലെ നടന്ന ബോംബ് സ്ഫോടനത്തിലൂടെ വ്യക്തമാകുന്നത്. കണ്ണൂരിന്റെ പൈതൃകവും സാംസ്കാരികമഹിമയും കാലാന്തരത്തില്‍ തുടച്ചുനീക്കി അവിടെ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും ചോരപ്പുഴകള്‍ രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒഴുക്കിയെന്ന ചരിത്രമായിരിക്കുമോ ഭാവികാലം രേഖപ്പെടുത്തുക. എല്ലാ സമാധാനശ്രമങ്ങളെയും പാഴിലാക്കിക്കൊണ്ട് അരങ്ങേറിക്കൊണ്ടിരിക്കുന്ന ബി.ജെ.പി -സി.പി.എം സംഘര്‍ഷങ്ങളില്‍ ദരിദ്രകുടുംബത്തിലെ കുടുംബനാഥന്മാരാണു കൊല്ലപ്പെടുന്നത്.
കുടുംബത്തിന്റെ അത്താണി നഷ്ടപ്പെടുന്നതിലൂടെ ആ കുടുംബമാണു തെരുവാധാരമാകുന്നത്. എത്ര കാലമെന്നു കരുതിയാണ് ഇവരെയൊക്കെ പാര്‍ട്ടികള്‍ സംരക്ഷിച്ചു നിര്‍ത്തുക. ജില്ലയിലെ കൊലപാതകരാഷ്ട്രീയത്തിന്റെ അനുരണനം ഡല്‍ഹിയില്‍വരെ എത്തിയിരിക്കുന്നു. സന്ദര്‍ശനാര്‍ഥം ഡല്‍ഹിക്കു പോയ മുഖ്യമന്ത്രിക്കു രണ്ടുപ്രാവശ്യമാണ് ആര്.എസ്.എസിന്റെ ഭീഷണി കാരണം സന്ദര്‍ശനം ചുരുക്കി മടങ്ങേണ്ടി വന്നത്. ഇരുവിഭാഗത്തിന്റെയും മനസ്സുകളില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന പകയുടെ കനലുകള്‍ കെട്ടടങ്ങാത്തിടത്തോളം കണ്ണൂരിലെ ശാന്തി മരീചികപോലെ അകന്നുകൊണ്ടേയിരിക്കും.