2021 July 27 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

മരംമുറി അഴിമതി മൂടിവയ്ക്കാന്‍ എത്രയെത്ര കള്ളങ്ങള്‍!


 

നാട്ടില്‍ എവിടെ അവിഹിത ഗര്‍ഭമുണ്ടായാലും അതിന്റെ ആള് ഞമ്മളാ എന്നുപറഞ്ഞ് ഉത്തരവാദിത്വം ഏറ്റെടുക്കല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമായ ഷണ്ഡന്‍ എട്ടുകാലി മമ്മൂഞ്ഞിന്റെ പതിവായിരുന്നു. അത്തരമൊരു ഏറ്റെടുക്കല്‍ പോലെയല്ല റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വിസ് എന്‍ട്രി റദ്ദാക്കിയത് ഞമ്മളാ എന്ന ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാട്. നേരത്തെ ഇങ്ങനെ ഒരു വിഷയം ശ്രദ്ധയില്‍പോലും പെട്ടിട്ടില്ലെന്ന നിലയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍, വനംമന്ത്രി എ.കെ ശശീന്ദ്രന്‍, റവന്യൂ മന്ത്രി കെ. രാജന്‍ എന്നിവര്‍ പ്രതികരിച്ചിരുന്നത്. അതില്‍നിന്നു വ്യത്യസ്തമായി ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വിസ് എന്‍ട്രി പിന്‍വലിച്ചത് അറിയാമായിരുന്നുവെന്ന നിലപാടിലേക്ക് മലക്കം മറഞ്ഞിരിക്കുകയാണിപ്പോള്‍ സര്‍ക്കാര്‍. ഒ.ജി ശാലിനിക്കെതിരായ നടപടി സര്‍ക്കാര്‍ പരിശോധിച്ച് എടുത്തതാണെന്നാണ് ഇപ്പോള്‍ വന്ന തിരുത്ത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ച് എടുത്ത നടപടി എന്നായിരുന്നു മുന്‍ ഉത്തരവില്‍ ഉണ്ടായിരുന്നത്.

മുട്ടില്‍ മരംമുറി സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ചോദിച്ച വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. സി.ആര്‍ പ്രാണകുമാര്‍ നല്‍കിയ അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കി എന്നതായിരുന്നു റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനി ചെയ്ത ‘തെറ്റ ്’. സര്‍ക്കാരിന്റെ കണ്ണില്‍ ഇതു വലിയ പാതകമാണ്.കാരണം ഒ.ജി ശാലിനി നല്‍കിയ രേഖയില്‍ മുന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് മുട്ടില്‍ മരംമുറി സംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നു പറയുന്നുണ്ട്. ഇതിന്റെ തുമ്പുപിടിച്ച് കെ.പി.സി.സി സെക്രട്ടറി കൂടിയായ അഡ്വ. സി.ആര്‍ പ്രാണകുമാര്‍ നിയമനടപടികളിലേക്ക് നീങ്ങിയാല്‍ ഇ. ചന്ദ്രശേഖരനും സി.പി.ഐയും മാത്രമല്ല കുടുങ്ങുക. സംസ്ഥാന വ്യാപകമായി നടന്ന മരംമുറി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിനുവരെ അറിവുണ്ടായിരുന്നു എന്നതിലും എത്തും.

അതൊഴിവാക്കാനും ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വിസ് എന്‍ട്രി പിന്‍വലിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകനെ രക്ഷിക്കാനും കൂടിയാണ് ജയതിലക് ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ തിരുത്തല്‍ വരുത്തി പുതുക്കിയിരിക്കുന്നത്. ഗുഡ് സര്‍വിസ് എന്‍ട്രി പിന്‍വലിക്കാനുള്ള അധികാരം ചീഫ് സെക്രട്ടറിക്കു പോലുമില്ല. ഗവര്‍ണര്‍ക്കാണ് അതിനുള്ള അധികാരം. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അമിതാധികാര പ്രയോഗത്തിനെതിരേ വലിയ എതിര്‍പ്പുകളായിരുന്നു ഉയര്‍ന്നുവന്നത്. ഒ.ജി ശാലിനി നിയമനടപടി സ്വീകരിച്ചാല്‍ തുടര്‍ന്നുണ്ടായേക്കാവുന്ന കേസ് വിചാരണയില്‍ സര്‍ക്കാരും റവന്യൂ, വനം ഉദ്യോഗസ്ഥരും മരംമാഫിയയും ചേര്‍ന്നു നടത്തിയ കൊള്ള പുറംലോകം അറിയുമെന്നതിനാലും അതൊഴിവാക്കാനും കൂടിയായിരിക്കണം ശാലിനിയോട് അവധിയില്‍ പോകാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ടാവുക.

ഈ കള്ളത്തരങ്ങളെല്ലാം മറച്ചുപിടിക്കാന്‍ വിവരാവകാശ നിയമംവരെ സര്‍ക്കാര്‍ അട്ടിമറിച്ചു. പട്ടയ വിതരണത്തില്‍ ശാലിനി നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചായിരുന്നു ഇക്കഴിഞ്ഞ ഏപ്രിലില്‍ അവര്‍ക്ക് ഗുഡ് സര്‍വിസ് എന്‍ട്രി നല്‍കിയിരുന്നത്. ഇപ്പോള്‍ ഇതു പിന്‍വലിക്കാനുള്ള കാരണമായി പറയുന്നത് ആഭ്യന്തര അന്വേഷണത്തില്‍ ശാലിനി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്നാണ്. അതിനാലാണ് ഗുഡ് സര്‍വിസ് എന്‍ട്രി പിന്‍വലിക്കുന്നതെന്ന് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഗുഡ് സര്‍വിസ് എന്‍ട്രി റദ്ദാക്കുക എന്നത് ഭരണഘടനാവിരുദ്ധമാണ്.

വിവരവകാശ നിയമത്തെ അട്ടിമറിക്കുന്നതുംകൂടിയാണ് ഇപ്പോള്‍ നടത്തിയ നീക്കം. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ എ. ജയതിലകന്റെ നടപടി സര്‍ക്കാര്‍ ഉത്തരവ് പുതുക്കിയതുകൊണ്ട് അദ്ദേഹത്തിനു രക്ഷയാകണമെന്നില്ല. നിയമനടപടികളില്‍നിന്നു രക്ഷപ്പെടാനും കഴിയില്ല. ഇല്ലാത്ത അധികാരം ഉപയോഗിച്ചതിന് സര്‍ക്കാരിന്റെ തിരുത്തിയ ഉത്തരവും അദ്ദേഹത്തിന് രക്ഷയാകാന്‍ പോകുന്നില്ല. മരംമുറിയുമായി ബന്ധപ്പെട്ട കേസുകളെല്ലാം സര്‍ക്കാര്‍ റദ്ദ് ചെയ്തു. ഇതോടെ മരംമാഫിയകളും തുണച്ച വനം, റവന്യൂ ഉദ്യോഗസ്ഥരും രക്ഷപ്പെടുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സര്‍ക്കാരിനുണ്ടായ 15 കോടിയുടെ നഷ്ടം എഴുതിത്തള്ളുന്നതും ചോദ്യം ചെയ്യപ്പെടാം.

ഒരു ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തൊട്ടാകെ മരംമാഫിയ കോടികളുടെ മരം മുറിച്ചു കട്ടുകടത്തിയത് സര്‍ക്കാര്‍ അറിഞ്ഞില്ല എന്ന ന്യായം പൊളിഞ്ഞുകൊണ്ടിരിക്കുകയും സര്‍ക്കാര്‍ അറിവോടെയാണ് വ്യാപകമായ മരംകൊള്ള നടന്നതെന്നുമുള്ള വിവരങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ഈ വേളയില്‍ മുഖം രക്ഷിക്കാനും കൂടെനിന്ന ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനും വേണ്ടിയുള്ള പ്രതിരോധം തീര്‍ക്കലിന്റെ ഭാഗമായാണ് ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വിസ് എന്‍ട്രി പിന്‍വലിച്ച നടപടി സര്‍ക്കാര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരഴിമതി മൂടിവയ്ക്കാന്‍ എത്രയെത്ര കള്ളങ്ങളാണ് സര്‍ക്കാര്‍ ചമച്ചുകൊണ്ടിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.