2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

മന്ത്രി എം.എം മണി മാറണം


യൂത്ത്‌കോണ്‍ഗ്രസ് നേതാവായിരുന്ന ബേബി അഞ്ചേരി വധക്കേസില്‍ പ്രതിസ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ടു മന്ത്രി എംഎം മണി നല്‍കിയ വിടുതല്‍ ഹരജി തൊടുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി തള്ളിയിരിക്കുകയാണ്. എം.എം മണിയുടെ വിടുതല്‍ ഹരജി തള്ളിയതിനെ തുടര്‍ന്ന് ഇടതുപക്ഷ സര്‍ക്കാറിന് മറ്റൊരു പ്രതിസന്ധികൂടി ഉടലെടുത്തിരിക്കുന്നു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ഇ.പി ജയരാജന് പകരക്കാരനായാണ് എം.എം മണി മന്ത്രി സ്ഥാനത്ത് അവരോധിതനായത്. എം.എം മണിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന വേളയില്‍ തന്നെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അതൃപ്തി പ്രകടിപ്പിച്ചതാണ്.

ഇപ്പോള്‍ ഈ പ്രശ്‌നം കത്തിനില്‍ക്കുമ്പോള്‍ വിഷയം സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ് കേന്ദ്രനേതൃത്വം. എം.എം മണി മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രനേതൃത്വത്തിലെ ഒരു വിഭാഗം കരുതുകയും ചെയ്യുന്നു. എന്നാല്‍ കെ.കരുണാകരനെതിരെ എഫ് ഐ ആര്‍ ഇട്ടപ്പോഴും വനംവകുപ്പ് മന്ത്രിയായിരുന്ന വിശ്വനാഥനെതിരെ ഒരു ചെറിയ പരാമര്‍ശം കോടതി നടത്തിയപ്പോഴും ഇരുവരുടെയും രാജി ആവശ്യപ്പെട്ടവരായിരുന്നു സിപിഎം എന്ന് വിസ്മരിക്കരുത്. കെ.കരുണാകരനും വിശ്വനാഥനും മന്ത്രിസ്ഥാനം രാജിവച്ച് ഒഴിയുകയും ചെയ്തു. ആ മാതൃക എം.എം മണിക്കും ബാധകമാണ്.

വി.എസ് അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന എം.എം മണി പിണറായി പക്ഷത്തേക്ക് മാറിയതാണ് മന്ത്രിസ്ഥാനത്തേക്ക് അദ്ദേഹത്തിന് നറുക്കുവീഴാന്‍ കാരണമായത്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മൂന്നാറിലെ അനധികൃത കുടിയേറ്റത്തിനെതിരെ നടത്തിയ നടപടി അദ്ദേഹത്തിന് ധീരനായ മുഖ്യമന്ത്രി എന്ന പരിവേഷം ചാര്‍ത്തിക്കൊടുത്തിരുന്നു. ആ പരിവേഷത്തിന് മേല്‍ എം.എം മണി തന്റെ സ്വത സിദ്ധമായ വാക്പ്രയോഗത്തിലൂടെ ആഞ്ഞടിച്ചു. അനധികൃത ക േയ്യറ്റത്തിന്റെ പേരില്‍ ഇടുക്കിയില്‍ ഒഴിപ്പിക്കാന്‍ വന്നാല്‍ കയ്യോ, കാലോ ഏതാണ് ആദ്യം വെട്ടുക എന്ന് തീര്‍ത്തുപറയാനാവില്ല എന്ന എം.എം മണിയുടെ തനത് വാക്പ്രയോഗം സിപിഎമ്മില്‍ വിഭാഗീയത കത്തി നിന്ന അവസരത്തില്‍ പിണറായി പക്ഷത്തിന് കിട്ടിയ ഊര്‍ജ്ജമായിരുന്നു. അതിന്റെ നന്ദി സൂചകമായിട്ടായിരിക്കണം എം.എം മണിയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണമായിട്ടുണ്ടാവുക. യോഗ്യരും വിവേകശാലികളുമായ, സുരേഷ് കുറുപ്പിനെ പോലുള്ള എത്രയോ നേതാക്കള്‍ സിപിഎമ്മിലുണ്ടായിട്ടും എം.എം മണിയെ മന്ത്രിസ്ഥാനത്ത് അവരോധിച്ചത് അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം കൊണ്ടായിരിക്കില്ല.

വണ്‍ ഒരാളെ വെടിവെച്ചുകൊന്നു, ടു ഒരാളെ കുത്തിക്കൊന്നു, ത്രി മറ്റൊരാളെ തല്ലിക്കൊന്നു എന്ന് പരസ്യമായി പറയുന്നത് മന്ത്രിസ്ഥാനത്തിനുള്ള യോഗ്യതയല്ല. ഇടക്കാലത്ത് സിപിഎമ്മിനുണ്ടായ ഗ്ലാനിയും തകര്‍ച്ചയും മറികടന്നാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ജനങ്ങള്‍ക്ക് വമ്പിച്ച പ്രതീക്ഷ നല്‍കി അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ആ പ്രതീക്ഷ നിറവേറ്റുന്നതിന്റെ നാലയലത്ത് പോലും എത്തുന്നില്ലെന്ന് മാത്രമല്ല നിരാശ നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

കൊലപാതകക്കേസില്‍ പ്രതിയായി ചേര്‍ക്കപ്പെട്ട ഒരു മന്ത്രിയെ തലസ്ഥാനത്ത് തുടരുവാന്‍ അനുവദിക്കുകയും അതിനെ ന്യായങ്ങള്‍ നിരത്തുകയും ചെയ്യുന്നത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നുള്ള പിന്മാറ്റമാണ്. മന്ത്രിസ്ഥാനത്തിരിക്കുന്ന പ്രതിയെ ചോദ്യം ചെയ്യുവാന്‍ പൊലിസും മടിക്കും. സാക്ഷി പറയാന്‍ ആളുകളും മടിക്കും. ഇത്തരമൊരവസ്ഥയില്‍ ബേബി അഞ്ചേരി വധക്കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയേറെയാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് പ്രയോഗിച്ചുകൊണ്ടിരിക്കുന്ന യുഎപിഎ എന്ന കരിനിയമം ഇടതുപക്ഷ സര്‍ക്കാറിന്റെ മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്ന ഒരു പശ്ചാത്തലത്തില്‍ എം.എം മണിയെകൂടി ചുമന്ന് കൂടുതല്‍ അപകടാവസ്ഥയിലേക്ക് നീങ്ങേണ്ടതുണ്ടോയെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. മന്ത്രി മണിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റുന്നതാണ് ഏറ്റവും ഉചിതം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.