2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മനുഷ്യാവകാശ ലംഘനം കേരളത്തില്‍

അഡ്വ.പി. റഹിം

മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍ക്കാഴ്ചകള്‍ കണികണ്ടുണരുയാണ് കേരളമിന്ന്. 2016 മെയ് 19-ാം തീയതി ഇടതു ഗവണ്മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ തന്നെ മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്‍മേഘങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. തുടര്‍ന്നുള്ള 2 വര്‍ഷം മനുഷ്യാവകാശ ലംഘനങ്ങളുടെ പെരുമഴയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. കസ്റ്റഡി മരണങ്ങളുടേയും പീഢനങ്ങളുടേയും ഒരു പരമ്പര തന്നെ സംസ്ഥാനത്ത് അരങ്ങേറി. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നു തുടങ്ങിയ കസ്റ്റഡി മരണങ്ങളുടെ പരമ്പര വാരാപ്പുഴ സ്റ്റേഷനിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.
6 പേരാണ് കസ്റ്റഡി മരണത്തെ പുല്‍കി , ലോകത്തോട് വിട വാങ്ങിയത്. ആദ്യ മരണം മലപ്പുറം ജില്ലയിലായിരുന്നു. മലപ്പുറത്ത് വണ്ടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ ലത്തീഫ് എന്നയാളെ സ്റ്റേഷനിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
തലശ്ശേരി പോലീസിന്റെ ലോക്കപ്പില്‍ നിന്ന് തമിഴ്‌നാട് ആണ്ടിപ്പെട്ടി സ്വദേശി കാളിമുത്തുവിനെ പരലോകത്തേയ്ക്കയച്ചു. എറണാകുളത്ത് ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഷഹീര്‍ എന്ന ചെറുപ്പക്കാരന്‍ ലോക്കപ്പില്‍ കൊല്ലപ്പട്ടു. കാസര്‍കോട്ട് സന്ദീപ് എന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ കസ്റ്റഡിയില്‍ മരണമടഞ്ഞു. വാരാപ്പുഴയിലെ ശ്രീജിത്ത് ആയിരുന്നു ഏറ്റവും ഒടുവില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.
അഗളിയില്‍ ടിജോ എന്ന റിമാന്റ് പ്രതി മരിച്ചത് ഇതിനു പുറമെയാണ്. ഇങ്ങനെ ആറു കസ്റ്റഡി മരണങ്ങളുടെ കിരീടവും പേറി ഭരണം മുന്നോട്ടു പോകുമ്പോള്‍ ജനങ്ങളുടെ ജീവഭയത്തിന്റെ ഗ്രാഫ് ഉയര്‍ന്നുയര്‍ന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ലോക ജനതയ്ക്ക് ഇന്ന് കേരളത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്.
കസ്റ്റഡി മരണത്തിന്റെ നോവുന്ന ചിത്രത്തോടൊപ്പം തന്നെ വേദനയുണ്ടാക്കുന്നതാണ് കസ്റ്റഡിയുടെ പുറത്ത് പോലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും. ട്രാഫിക് പരിശോധനയ്ക്കിടയില്‍ ഒരു ബൈക്കുകാരനെ പിടികൂടാന്‍ ആലപ്പുഴയില്‍ ജീപ്പു കുറുകെയിട്ട് 2 പേരെ മരണത്തിലേക്കു നമ്മുടെ പോലീസ് തള്ളിവിട്ടു.
സുമി എന്ന ഒരു വീട്ടമ്മ കൊല്ലപ്പെട്ടു. ബിച്ചു എന്ന മറ്റൊരു ബൈക്ക് യാത്രക്കാരനും കൊല്ലപ്പെട്ടു. ഷേബു എന്ന ഒരു യാത്രക്കാരന്‍ നട്ടെല്ലു തകര്‍ന്ന് ചികിത്സയിലായി. കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന്‍ വിനോദിനെ പോലീസ് വലിച്ചു താഴെയിട്ട് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. മലപ്പുറത്ത് താനൂരില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മൂന്ന് യുവാക്കളെക്കൊണ്ട് നൃത്തം ചെയ്യിച്ചു. കൊച്ചിയില്‍ കായല്‍ തീരത്ത് വിശ്രമിക്കാനെത്തിയ ഭരണത്തെ പിന്താങ്ങുന്ന ഒരു കുടുംബം തന്നെ പോലീസ് അതിക്രമത്തിന് ഇരയായി, മനുഷ്യാവകാശ ലംഘനത്തിന്റെ നേര്‍ക്കാഴ്ച ഉള്‍ക്കൊണ്ടു.
കൊച്ചിയില്‍ സൗത്ത് പോലീസ് ബൈക്ക് പരിശോധനയ്ക്കിടെ പിടികൂടിയ യുവാക്കളെ നഗ്നരാക്കി ലോക്കിപ്പിലിട്ടു. കോഴിക്കോട്ട് അര്‍ദ്ധ രാത്രി ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ എസ്.ഐയെ സംശയാസ്പദമായ നിലയില്‍ കണ്ടത് ചോദ്യം ചെയ്ത ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിച്ചു. അന്വേഷണം ആവശ്യപ്പെട്ട അമ്മയെ രാത്രി പോലീസ് വലിച്ചിഴച്ചുകൊണ്ട് പോയി. തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് ഹോക്കി സ്റ്റിക്കു കൊണ്ടു അടികൊടുത്ത് ഒരു ഡി.വൈ.എഫ്.ഐ. നേതാവിനെ തന്നെ പോലീസ് മനുഷ്യാവകാശ ലംഘനത്തിന് വിധേയനാക്കി.
തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ മുടി നീട്ടി വളര്‍ത്തിയ വിനായകന്‍ എന്ന ദളിത് യുവാവിനെ പിടിച്ചുകൊണ്ട് പോയി മര്‍ദ്ദിച്ച് പോലീസ് നടത്തിയ മനുഷ്യാവകാശ ലംഘനം ആ നിരപരാധിയെ ആത്മഹത്യയിലേക്ക് നയിച്ചു. കോഴിക്കോട് അത്തോളിയില്‍ ഓട്ടോ ഡ്രൈവറായ അനൂപിനെ സ്റ്റേഷനില്‍ മര്‍ദ്ദിച്ചു ബോധരഹിതനാക്കി.
ഈ രീതിയില്‍ മനസാക്ഷിയെ നടുക്കിയ മനുഷ്യാവകാശ ലംഘനങ്ങള്‍ അത് സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായവര്‍ തന്നെ നടത്തി കേരളത്തെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു വേദിയാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് രാഷ്ട്രീയ കൊലപാതകളങ്ങളിലൂടെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതായും കാണാം.
23 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇക്കാലത്ത് സംസ്ഥാനത്ത് അരങ്ങേറി. ഇതിനെ ചെറുക്കുന്നതിനും ഇനി ആവര്‍ത്തിക്കാതിരിക്കുന്നതിന് നടപടിയെടുക്കുവാന്‍ ഭരണകൂടത്തിന് കഴിയാതെ പോയതും മനുഷ്യാവകാശലംഘനം പ്രോത്സാഹിപ്പിക്കുന്ന നിലപാടായാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കാണുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.