കാസർകോട്
കുന്നുകളും പാറക്കെട്ടുകളും തുരന്ന് ഭൂമിക്കടിത്തട്ടിലെ ഉറവുകൾ വീട്ടിലേക്കും തോട്ടങ്ങളിലേക്കും എത്തിക്കുകയാണ് കാസർകോട് കുണ്ടംകുഴി നീർക്കയത്തെ സി. കുഞ്ഞമ്പു. 56 വർഷം കൊണ്ട് 1400 ലേറെ തുരങ്കങ്ങൾ നിർമിച്ചു ഈ 69 കാരൻ.
മലഞ്ചെരിവിലെ ഉള്ളറകളിൽ ഒളിച്ചിരിക്കുന്ന തെളിനീരുറവ, ചാലുകളായി പുറത്തേക്ക് എത്തിക്കുന്നതിന്റെ ചുരക്കപ്പേരാണ് തുരങ്കം എന്നു മലയാളത്തിലും സുരങ്ക എന്ന് തുളുവിലും പറയുന്ന ജലസ്രോതസ്.
മണ്ണിനുറപ്പുള്ള സ്ഥലങ്ങളാണ് സുരങ്കകളുടെ നിർമാണത്തിനായി തിരഞ്ഞെടുക്കുന്നത്. ഉറവയുള്ള സ്ഥലം കണ്ടെത്തുകയാണ് ആദ്യപടി. പിന്നീട് ഒരാൾ നടക്കാൻ പറ്റുന്ന രീതിയിൽ വെള്ളം കണ്ടെത്തുന്നതുവരെ വെട്ടും. ശേഷം ഉറവയിൽനിന്നുള്ള ജലം തുരങ്കത്തിലൂടെ ഒഴുക്കിവിട്ട് സംഭരണികളിലേക്ക് ശേഖരിക്കും.
ചിലയിടങ്ങളിൽ ഉറവയിൽനിന്ന് നേരിട്ട് പൈപ്പ് വഴി ജലം സംഭരണിയിലേക്ക് എത്തിക്കുന്നു. കിണറുകൾക്കുള്ളിൽ വശങ്ങളിലേക്കും സുരങ്കകൾ നിർമിക്കാറുണ്ട്. മണ്ണിനെയും ജലത്തെയും ദുരുപയോഗം ചെയ്യാതെയാണ് സുരങ്ക നിർമാണമെന്ന പ്രത്യേകതയുമുണ്ട്.
14ാം വയസിൽ മണ്ണ് ചുമന്നുകൊണ്ടാണ് അദ്ദേഹം തുരങ്കനിർമാണത്തിൽ എത്തിയത്. 16ാം വയസിലാണ് സ്വന്തമായി തുരങ്കം നിർമിക്കുന്നത്. കർണാടകയിലും ആന്ധ്രയിലും നീരുറവകൾ ഒഴുക്കി. 240 കോലാണ് (180 മീറ്റർ) അദ്ദേഹം നിർമിച്ചതിൽ ഏറ്റവും നീളമുള്ള സുരങ്ക.ജീവൻ പണയംവച്ചുള്ള സാഹസികതയിലാണ് നിർമാണം. മണ്ണിടിഞ്ഞുവീഴും. ശ്വാസം കിട്ടാൻ വലിയ ടോർച്ചും ഫാനും ഇറക്കിവയ്ക്കും.
2015ൽ കർണാടകയിലെ ബിദർ ജില്ലാ ഭരണ കാര്യാലയത്തിലേക്കും ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും മല തുരന്ന് വെള്ളം എത്തിച്ചതു വഴിയാണ് അദ്ദേഹം ദേശീയശ്രദ്ധ നേടിയത്. പിന്നീട് അവിടെ സെമിനാറുകൾ നടത്തുകയും 40 പേരെ നിർമാണം പഠിപ്പിക്കുകയും ചെയ്തു. തുരങ്ക നിർമാണത്തിലെ മികവ് അറിഞ്ഞു സ്ഥലത്തെത്തിയ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ അനുമോദനവും കുഞ്ഞമ്പു ഏറ്റുവാങ്ങി.
Comments are closed for this post.