
കോഴിക്കോട്: ജീവിതത്തിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് മനസാണെന്നും പരാജിതനാകരുതെന്ന ഉറച്ച ബോധമാണ് ഒരാളെ വിജയിയാക്കുന്നതെന്നും മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍.
പൂര്‍ണ പബ്ലിക്കേഷന്‍സ് ഉടമ എന്‍.ഇ ബാലകൃഷ്ണമാരാരുടെ ശതാഭിഷേക ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജിതനാകരുതെന്ന ഉറച്ചബോധത്തോടെ മുന്നോട്ടു നീങ്ങിയതുകൊണ്ടാണ് എന്‍.ഇ ബാലകൃഷ്ണമാരാര്‍ക്ക് ഇന്നു കാണുന്ന ഉയരത്തില്‍ എത്താനായത്. അദ്ദേഹത്തിന്റെ ജീവിതം പഠനവിധേയമാക്കേണ്ടതാണ്. വരുന്ന തലമുറകള്‍ ആ ജീവിതത്തില്‍ നിന്ന് മൂല്യമുള്ക്കൊള്ളണമെന്നും കെ. ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. കൃഷ്ണദാസ് വത്സന്, ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍, എന്‍.ഇ രാജ സുബ്രഹ്മണ്യന്, എന്‍.ഇ ബാലകൃഷ്ണമാരാരുടെ ഭാര്യ സരോജം, ഡോ. അനിതാ സേതുമാധവന്, ഡോ. ടി. സേതുമാധവന് സംസാരിച്ചു. എന്‍.ഇ മനോഹര്‍ സ്വാഗതവും പ്രിയ മനോഹര്‍ നന്ദിയും പറഞ്ഞു.