2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മനം നിറഞ്ഞ് അവര്‍ കാടുകണ്ടു

ബഷീര്‍ മാടാല

അഗളി: അട്ടപ്പാടിയിലെ വിദൂര ദിക്കിലാണ് ഇടവാണി ആദിവാസി ഊരെങ്കിലും ഈ ഊരിലെ ആദിവാസികള്‍ ആദ്യമായി സൈലന്റ് വാലി കണ്ട സന്തോഷത്തിലാണ്. ലോകപ്രശസ്ത മഴക്കാടുകളിലൊന്നായ സൈലന്റ് വാലി ഭൂപ്രദേശം നേരില്‍ കാണാന്‍ ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അനേകം സഞ്ചാരികളാണ് ഇപ്പോഴും എത്തുന്നത്.
എന്നാല്‍ കൈ എത്തും ദൂരത്തുണ്ടായിരുന്ന തങ്ങള്‍ക്ക് ഇതുവരെ കാണാന്‍ കഴിയാതിരുന്ന സൈലന്റ് വാലി സന്ദര്‍ശനം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ഇടവാണി ഊരിലെ കുറുമ്പ വിഭാഗത്തില്‍പെട്ട 35 ആദിവാസികള്‍.

മാവോയിസ്റ്റുകളുടെ നിരന്തര സന്ദര്‍ശനത്തെ തുടര്‍ന്ന് പൊലിസിന്റെ പ്രത്യേക നിരീക്ഷണമുള്ള ഊരുകളില്‍ ഒന്നാണ് ഇടവാണി. നീലഗിരി മലനിരകളോട് ചേര്‍ന്ന് പൂത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഇടവാണിയില്‍ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകളില്‍ നൂറോളം ആദിവാസി കുടുംബങ്ങള്‍ കഴിയുന്നുണ്ട്.

മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് പൊലിസിന്റെ സ്ഥിരം സാന്നിദ്ധ്യം ഇവിടെ ഉണ്ടായതോടെ ആദിവാസികളും പൊലിസും തമ്മില്‍ തികഞ്ഞ സൗഹൃദത്തിലാവാന്‍ അധിക സമയം വേണ്ടി വന്നില്ല. ഈ സൗഹൃദം പൊലിസ് മനപ്പൂര്‍വം ഉണ്ടാക്കിയെടുത്തതാണെന്ന് പറയുന്നതാവും ശരി. അഗളി പൊലിസില്‍ ഡി.വൈ.എസ്.പിയായി എത്തിയ വാഹിദ് ഇത്തരം വിദൂര ദിക്കുകളിലുള്ള ഊരുകളില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തുകയും ആദിവാസികളുടെ ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞ് അവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കി നല്‍കുന്നുണ്ട്.
 ഇത്തരത്തിലാണ് ആദിവാസികള്‍ തങ്ങള്‍ക്ക് സൈലന്റ് വാലി സന്ദര്‍ശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

 

ഈ ആഗ്രഹമാണ് ഡി.വൈ.എസ്.പി ഇന്നലെ യാഥാര്‍ഥ്യമാക്കി നല്‍കിയത്. ഊരുകളിലെത്തുമ്പോഴെല്ലാം പ്രായവ്യത്യാസമില്ലാതെ സൈലന്റ് വാലി കാണാനുള്ള ആഗ്രഹം ആദിവാസികള്‍ അറിയിച്ചിരുന്നതായി ഡി.വൈ.എസ്.പി വാഹിദ് സുപ്രഭാതത്തോട് പറഞ്ഞു. ഡി.വൈ.എസ്.പിയെകൂടാതെ സി.ഐ അബ്ദുല്‍ ബഷീര്‍, എസ്.ഐ ബോബന്‍ മാത്യൂ എന്നിവരും 35 അംഗ ആദിവാസി സംഘത്തോടൊപ്പം സൈലന്റ് വാലി സന്ദര്‍ശനത്തിനെത്തി.
ഇവര്‍ വാച്ച് ടവറിലും കുന്തിപ്പുഴയിലും കാടനകത്തുമൊക്കെ ഏറെ സന്തോഷത്തോടെ കയറിയിറങ്ങി.

 

ഇടവാണി ഊരില്‍ നിന്നും നാല് മലകള്‍ക്ക് അപ്പുറമുള്ളതും അതേ സമയം ഇന്നുവരെ കാണാന്‍ കഴിയാത്തതുമായ സൈലന്റ് വാലിയിലെ കാഴ്ചകള്‍ ആദിവാസികള്‍ ആവോളം ആസ്വദിച്ചാണ് മടങ്ങിയത്. പൊലിസിനെക്കുറിച്ച് ആദിവാസികള്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാകുകയും അവര്‍ക്കിടയില്‍ സുരക്ഷിതത്വബോധം സൃഷ്ടിക്കുകയുമാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News