
ആദ്യമേ പറയട്ടെ ഇതൊരു കുറ്റപ്പെടുത്തലല്ല, ഓര്‍മപ്പെടുത്തലാണ്. കുറച്ചു ദിവസം മുമ്പാണു പാലക്കാട് ജില്ലയിലെ അട്ടപ്പാടി മുക്കാലിയില്‍ മധുവെന്ന ദരിദ്രയുവാവിനെ ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ ഒരു സംഘമാളുകള്‍ മര്‍ദിച്ചു കൊന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കേട്ടുവരാറുള്ള ഇത്തരം നീചമായ കൊലപാതകങ്ങള്‍ കേരളത്തിലും സംഭവിക്കുന്നുവെന്നതു ലജ്ജാകരവും ഗൗരവതരവുമാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ചു സാംസ്കാരികമായും സാമ്പത്തികമായും വൈജ്ഞാനികമായും ഉയര്ന്നുനില്ക്കുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നതെന്നതിനെക്കുറിച്ച് ആരും പഠിക്കുന്നില്ല, പരിഹാരത്തിനു ശ്രമിക്കുന്നുമില്ല. ഇന്നു മധുവിന് വേണ്ടി വാട്സാപ്പിലും ഫേസ്ബുക്കിലും സ്റ്റാറ്റസിടാനും ഹാഷ്ടാഗിറക്കാനും നിരവധി പേര് കാണും
.
അതിനു കുറച്ചു ദിവസങ്ങളുടെ ആയുസ്സേ കാണൂ. മുമ്പും നാം നിരവധി സൈബര്‍ വിപ്ലവങ്ങള്‍ കണ്ടിട്ടുണ്ട്. അവയെല്ലാം ഇയ്യാംപാറ്റ ജന്മങ്ങള് മാത്രം.
ആദ്യപ്രതികരണത്തില്‍ എല്ലാം തീര്‍ന്നു. മറിച്ചൊന്നും നാം ചിന്തിക്കുന്നില്ല, അന്വേഷിക്കുന്നുമില്ല, പഠിക്കുന്നുമില്ല.
മധു മാത്രമല്ല, മധുവിനെപ്പോലെ പട്ടിണികിടക്കുന്ന നിരവധി പേരുണ്ട് കേരളത്തില്‍. ആ സത്യം നമ്മുക്കെല്ലാമറിയാം.
എന്നിട്ടും അത്തരക്കാര്‍ക്കു വേണ്ടി നാം ഒന്നും ചെയ്യുന്നില്ല. അതു മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഒരു നേരത്തെ അന്നത്തിനു വകയില്ലാത്തവന്റെ വയറു നിറപ്പിക്കുന്നതു മറ്റെന്തിനേക്കാളും വലിയ പുണ്യമാണെന്നു നാം മനസ്സിലാക്കണം. വാട്സാപ്പിലും ഫേസ്ബുക്കിലും കുറച്ച് അക്ഷരങ്ങള്‍ കൊലയാളിക്കെതിരേ നിരത്തുകയും മരിച്ചവരെ പുണ്യാത്മാക്കളാക്കി ഒട്ടും ആത്മാര്‍ഥതയില്ലാത്ത കണ്ണീര് ഒഴുക്കുന്നതില്‍ ഒതുങ്ങരുത് നമ്മുടെ പ്രതികരണങ്ങള്‍.
ഇന്നു സോഷ്യല്‍ മീഡയയില്‍ മധു എന്ന പട്ടിണിപ്പാവത്തിനു വേണ്ടി കോളങ്ങള്‍ നിറയ്ക്കുന്ന സുഹൃത്തുക്കള്‍ ഒന്നു ചിന്തിക്കണം.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു നാം ഭിക്ഷാടകര്‍ക്കെതിരേ കൈക്കൊണ്ട നിലപാടു കുറച്ചു കൂടിപ്പോയില്ലേ. ഒരു നേരത്തെ അന്നത്തിനു വേണ്ടി നിങ്ങള്‍ക്കു മുന്നിലേയ്ക്കു വന്ന കൈകള്‍ക്കു പിന്നില്‍ വെറും ഭിക്ഷാടന മാഫിയ മാത്രമായിരുന്നില്ല. അട്ടപ്പാടിയിലെ മധുവെന്ന സഹോദരന്റെ മരണം ഓര്‍മിപ്പിക്കുന്നതു മാറിമാറി വരുന്ന ഭരണവര്ഗങ്ങള്ക്കുണ്ടാകേണ്ട മാനുഷിക പരിഗണനയെക്കൂടിയാണ്. എല്ലാ കാര്യത്തിലും സമ്പൂര്‍ണതയ്ക്കു വേണ്ടി പെടാപ്പാടു പെടുമ്പോള്‍ എന്തുകൊണ്ടാണു കേരളത്തെ സമ്പൂര്‍ണ പട്ടിണിമുക്ത സംസ്ഥാനമാക്കാന്‍ കഴിയാത്തത്. അത്തരമൊരു പ്രഖ്യാപനം കേള്‍ക്കാനുള്ള ഭാഗ്യം നമുക്കു ലഭിക്കണമെന്നില്ല.
കാരണം നിരുത്തരവാദപരമായാണു ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
‘മോഷ്ടിച്ചവന്റെ കൈ വെട്ടണം, എന്നാല്‍ വിശപ്പകറ്റാന്‍ വേണ്ടിയാണു മോഷ്ടിച്ചതെങ്കില്‍ ആ നാട്ടിലെ ഭരണാധികാരിയുടെ കൈ വെട്ടണം’ എന്നതായിരുന്നു ഖലീഫ ഉമറിന്റെ നിലപാട്.
സല്മാന് ഫാരിസ്, സുല്‍ത്താന്‍ ബത്തേരി