2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മധുരപ്പതിനെട്ടില്‍ കോഴിക്കോട്

   

കണ്ണൂര്‍: പതിനെട്ടാം തവണയും കോഴിക്കോട് സ്വര്‍ണക്കപ്പില്‍ കൈയൊപ്പ് ചാര്‍ത്തി. കൗമാരകലോത്സവത്തില്‍ കോഴിക്കോടിന് ഇനി മധുരപതിനെട്ട്.
കലോത്സവ മാമാങ്കത്തില്‍ ഇനി കോഴിക്കോടിന് എതിരാളികളില്ലെന്നുള്ള പ്രഖ്യാപനം കൂടിയായി കൊടിയിറങ്ങിയ കണ്ണൂര്‍ കലോത്സവം. 1991 മുതലാണ് കലോത്സവത്തില്‍ കോഴിക്കോടിന്റെ പടയോട്ടം തുടങ്ങുന്നത്. 92 ലും 93 ലും കപ്പ് കോഴിക്കോടിനു തന്നെയായിരുന്നു. 94 ല്‍ തൃശൂര്‍ സ്വര്‍ണക്കപ്പ് കരസ്ഥമാക്കിയതിനുശേഷം കോഴിക്കോടിന്റെ പ്രതാപത്തിന് താല്‍ക്കാലിക തിരിച്ചടിയുണ്ടായി. 2001 ല്‍ തൊടുപുഴയില്‍ നടന്ന മേളയിലാണ് പിന്നീട് കോഴിക്കോടിന് കപ്പില്‍ മുത്തമിടാന്‍ കഴിഞ്ഞത്.
2002 ലും കപ്പ് സാമൂതിരിയുടെ നാട്ടിലെത്തിയെങ്കിലും 2003 ല്‍ എറണാകുളം കപ്പുമായി പോയി. എന്നാല്‍ അടുത്ത വര്‍ഷം കോഴിക്കോട് കപ്പ് തിരിച്ചുപിടിച്ചു. 2005 ലും കപ്പ് കോഴിക്കോടിനായിരുന്നു. 2006 ല്‍ പാലക്കാടിനായി വിജയം. എന്നാല്‍ 2007ല്‍ കോഴിക്കോട് വീണ്ടും സ്വര്‍ണക്കപ്പ് കൈക്കലാക്കി.
പിന്നെ തുടര്‍ച്ചയായി കോഴിക്കോടിന്റെ പടയോട്ടമായിരുന്നു. കണ്ണൂര്‍ അടക്കം തുടര്‍ച്ചയായ 11 മത്തെ തവണയാണ് കോഴിക്കോട് കപ്പില്‍ മുത്തമിടുന്നത്. ഇതിനിടെ 2015ല്‍ സ്വന്തം തട്ടകത്തില്‍ നടന്ന കലോത്സവത്തില്‍ കോഴിക്കോടിന് പാലക്കാടുമായി കപ്പ് പങ്കിടേണ്ടി വന്നു.
അതിന്റെ പകരം കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തും ഇപ്പോള്‍ കണ്ണൂരിലും കോഴിക്കോട് വീട്ടി. കപ്പ് ഇനി കോഴിക്കോടിന് മാത്രം സ്വന്തം.
 നൃത്ത ഇനങ്ങളിലെ സര്‍വാധിപത്യവും അറബിക്, സംസ്‌കൃത കലോത്സവങ്ങളിലെ വിജയക്കുതിപ്പുമായാണ് കോഴിക്കോട് കപ്പുമായി സ്വന്തം നാട്ടിലേക്ക് വണ്ടി കയറിയിരിക്കുന്നത്.

കലയുടെ പാലക്കാടന്‍ കാറ്റ്

കണ്ണൂര്‍: ഒരു പതിറ്റാണ്ടായി കൗമാരകലോത്സവത്തില്‍ പാലക്കാടിന്റെ തിളക്കം തുടങ്ങിയിട്ട്. പാലക്കാട്ടില്‍ നിന്നുള്ള കലാപ്രതിഭകള്‍ അരങ്ങുണര്‍ത്തുമ്പോള്‍ എല്ലാ വര്‍ഷവും മത്സരം ഫോട്ടോഫിനിഷിലേക്ക് നീങ്ങാറാണ് പതിവ്. ഇത്തവണയും അതു തന്നെ ആവര്‍ത്തിച്ചു. കോഴിക്കോടിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് പാലക്കാട് രണ്ടാം സ്ഥാനവുമായി മടങ്ങുന്നത്.
 2004 ല്‍ കപ്പില്‍ മുത്തമിട്ടാണ് പാലക്കാട് കലോത്സവ ചരിത്രത്തില്‍ കൊടി ഉയര്‍ത്തുന്നത്. 2006ലും കപ്പ് പാലക്കാടിനായിരുന്നു. പിന്നെ കുറെ വര്‍ഷങ്ങള്‍ പിന്തള്ളപ്പെട്ടെങ്കിലും കഴിഞ്ഞ നാലു വര്‍ഷമായി പാലക്കാട് കോഴിക്കോടിന് കനത്ത വെല്ലുവിളി ഉയര്‍ത്തി വരികയായിരുന്നു. കഥകളി, ശാസ്ത്രീയ സംഗീതം, കൂത്ത്, കൂടിയാട്ടം, തുള്ളല്‍ തുടങ്ങിയ ക്ലാസിക്കല്‍ കലകളിലെ അജയ്യതയാണ് പാലക്കാടിന്റെ കരുത്ത്. 2015ല്‍ കോഴിക്കോടുമായി കപ്പ് പങ്കിട്ട പാലക്കാട് കഴിഞ്ഞ വര്‍ഷവും ഇപ്പോഴും കപ്പിനടുത്തുവരെ എത്തിയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
എങ്കിലും പാലക്കാടുകാര്‍ അഭിമാനത്തോടെയാണ് കണ്ണൂരില്‍ നിന്നു തിരിക്കുന്നത്. കായിക രംഗത്തു മാത്രമല്ല, കലാരംഗത്തും തങ്ങളുടെ പേര് കൊത്തിവച്ചുകൊണ്ട്.

പൊരുതി, കണ്ണൂരിന് കൈവിട്ടു

കണ്ണൂര്‍: കപ്പിനും ചുണ്ടിനുമിടയില്‍ കണ്ണൂരിന് കിരീട നഷ്ടം. കോഴിക്കോടിനും പാലക്കാടിനും പിന്നില്‍ നേരിയ പോയിന്റുകള്‍ക്കാണ് കണ്ണൂരിന് ഇക്കുറി കിരീടം നഷ്ടമായത്. നേരത്തെ ഒരു തവണയും കണ്ണൂരിന് മൂന്നു പോയിന്റുകളുടെ വ്യത്യാസത്തില്‍ കലോത്സവ കിരീടം നഷ്ടമായിരുന്നു. ഇക്കുറി ആതിഥേയരെന്ന ആനുകൂല്യം മുതലാക്കി സ്വര്‍ണക്കപ്പ് ഉയര്‍ത്താമെന്ന പ്രതീക്ഷ കൈയെത്തും ദൂരത്തുവച്ചാണ് കണ്ണൂരിന് നഷ്ടമായത്. കലോത്സവത്തിന്റെ തുടക്കം മുതല്‍ കോഴിക്കോടിന്റെയും പാലക്കാടിന്റെയും പടയോട്ടത്തിനൊപ്പം കണ്ണൂരും വ്യക്തമായ ആധിപത്യവുമായി ഒപ്പത്തിനൊപ്പമുണ്ടായിരുന്നു. കലോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ അവസാന ദിവസം വരെ കണ്ണൂര്‍ കലോത്സവം അട്ടിമറിയിലൂടെ എത്തിപിടിക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ കോഴിക്കോടിന്റെയും പാലക്കാടിന്റയും മത്സരവീര്യത്തില്‍ കണ്ണൂരിന് കാലിടറി.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.