2022 July 02 Saturday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മദ്‌റസ അധ്യാപകര്‍ക്കുള്ള പലിശരഹിത ഭവനവായ്പ എവിടെ

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച പാലോളി സമിതിയുടെ ശുപാര്‍ശപ്രകാരമാണ് അച്യുതാനന്ദന്റെ ഭരണകാലത്ത് കേരള മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചത്. വര്‍ഷത്തില്‍ അടയ്‌ക്കേണ്ട 1200 രൂപ സഹകരണബാങ്കില്‍ അടയ്ക്കണമെന്നും അതില്‍നിന്നുളള പലിശയാണു പെന്‍ഷനായി നല്‍കുകയെന്നും നിബന്ധനയുള്ളതിനാല്‍ പലരും ക്ഷേമനിധിയില്‍ ചേരാന്‍ മടിച്ചു.

ജീവിത കാലം മുഴുവന്‍ പലിശയ്‌ക്കെതിരേ പോരാടിയവര്‍ ജീവിതസായാഹ്നത്തില്‍ പലിശവാങ്ങി കഴിയുകയെന്നതിലെ അസാംഗത്യം ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രീമിയം അടവ് ഹെഡ് പോസ്റ്റോഫീസിലേയ്ക്കു മാറ്റുകയും പലിശരഹിതമായി പ്രഖ്യാപിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണു എല്ലാവരും അംഗത്വമെടുക്കുന്നത്.

65 വയസ് പൂര്‍ത്തിയാകുമ്പോള്‍ കുറഞ്ഞത് 800 രൂപയും കൂടിയത് 5200 രൂപയും പെന്‍ഷന്‍, സ്വന്തം വിവാഹത്തിനും പെണ്‍മക്കളുടെ വിവാഹത്തിനും 10000 രൂപ ധനസഹായം, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മക്കള്‍ക്ക് 2000 രൂപ സ്‌കോളര്‍ഷിപ്പ്, ഭവന നിര്‍മാണത്തിനു പലിശരഹിത വായ്പ 2.5 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങള്‍.

യു.ഡി.എഫ് സര്‍ക്കാര്‍ രണ്ടുവര്‍ഷം അംഗത്വകാലാവധി പൂര്‍ത്തീകരിച്ചവരില്‍നിന്നു പലിശരഹിതവായ്പക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അപേക്ഷകരില്‍ മുന്‍ഗണനാക്രമത്തില്‍ നൂറാളുകള്‍ക്ക് ഒന്നാം ഗഡു നല്‍കിയെങ്കിലും മറ്റ് അപേക്ഷകരെ പരിഗണിച്ചില്ല. എന്നു മാത്രമല്ല അങ്ങനെയൊരു പദ്ധതി നിലവിലില്ലെന്നാണു അധികാരികള്‍ ഇപ്പോള്‍ പറയുന്നത്. ഇതോടെ നിര്‍ധനരായ മുഅല്ലിമുകള്‍ക്ക് ആശ്വാസമാവേണ്ട പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്.

ക്ഷേമനിധി ബോര്‍ഡില്‍ ബന്ധപ്പെട്ടാല്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനാണ് ഇത് നിര്‍വഹിക്കുന്നതെന്നു പറഞ്ഞു കൈമലര്‍ത്തും. പതിനായിരത്തിലധികം രൂപ ചെലവഴിച്ചാണ് അപേക്ഷയ്ക്ക് ആവശ്യമായ രേഖകള്‍ തയാറാക്കിയത്. പഞ്ചായത്ത്, വില്ലേജ്, റജിസ്ട്രാര്‍ ഓഫിസുകളില്‍ കയറിയിറങ്ങിയ സമയനഷ്ടം വേറെ. ഈ പദ്ധതിക്ക് വകയിരുത്തിയ ഫണ്ട് പലിശയിനത്തില്‍ വഴിതിരിച്ച് ഉദ്യോഗതലത്തില്‍ വന്‍ അഴിമതി നടക്കുന്നതായും പരാതിയുണ്ട്. പ്രശ്‌നം പരിഹരിച്ച് അപേക്ഷകര്‍ക്കു മുന്‍ഗണനാക്രമത്തില്‍ വായ്പ ലഭ്യമാകാന്‍ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും ഇടപെടണം.

അബ്ദുല്‍ അസീസ് ദാരിമി,
കരിങ്ങാരി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.