
മുരളീധരന്
പനവൂര്‍, നെടുമങ്ങാട്
മദ്യ നിരോധനം ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്ല് അവതരിപ്പിക്കാനുള്ള ബിഹാര്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഇത്തരത്തില്‍ ശ്രമം നടത്തുന്ന സംസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്ക്കുതന്നെയും മാതൃകയാണ്. സമ്പൂര്‍ണ മദ്യനിരോധനമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ അതിന് അടിസ്ഥാനമാകുന്ന ശക്തമായൊരു നിയമത്തിന്റെ പിന്തുണ അത്യാവശ്യമാണ്. അതിനുവേണ്ടി ശക്തമായ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി ബില്ല് അവതരപ്പിക്കാനാണ് ബിഹാര്‍ സര്‍ക്കാരിന്റെ നീക്കം. കടുത്ത ശിക്ഷ ലഭിക്കുമെന്ന ധാരണയിലെങ്കിലും മദ്യമെന്ന മഹാവിപത്തിനെ ഒഴിവാക്കാന്‍ ആളുകള്‍ തയാറായാല്‍ അതൊരു നല്ല ശ്രമം തന്നെയാകും.
വധശിക്ഷയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുയരുകയും ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുന്ന സമയമാണിതെങ്കിലും ഒരു നല്ല ലക്ഷ്യത്തിനുവേണ്ടി കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന് ഒരു യഥാര്‍ഥ പൗരന് ഭരണകൂടത്തിന് പിന്തുണ നല്കുകുതന്നെ വേണം. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിന് ബിഹാര്‍ സര്‍ക്കാരിന്റെ നടപടികള്‍ പരിശോധിച്ച്, വിജയകരമാണെങ്കില്‍ പകര്‍ത്താവുന്നതാണ്. സംസ്ഥാനത്തെ മദ്യവില്പന ശാലകളുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കുന്ന നടപടിക്കൊപ്പം ശക്തമായൊരു നിയമത്തിന് രൂപം നല്‍കുന്നത് സമ്പൂര്‍ണ മദ്യനിരോധനമെന്ന മഹത്തായ ലക്ഷ്യത്തിന് കൂടുതല്‍ കരുത്ത് നല്‍കും.