
തിരുവനന്തപുരം: മദ്യപിച്ചുവെന്ന കാരണത്താല്‍ ആരെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുപോകരുതെന്ന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണറുടെ സര്‍ക്കുലര്‍. മദ്യപിച്ച് വാഹനമോടിച്ചാലോ, പ്രശ്നങ്ങളുണ്ടാക്കിയാലോ മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. മദ്യപരെ തോന്നുംപോലെ അറസ്റ്റ് ചെയ്യുന്ന നടപടി പൊലിസ് ഒഴിവാക്കണമെന്നായിരുന്നു മനുഷ്യാവകാശ കമ്മിഷന് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്. അകാരണമായി മദ്യപരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്യരുതെന്ന് സംസ്ഥാന പൊലിസ് മേധാവിക്ക് മനുഷ്യാവകശ കമ്മിഷന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി സുരേഷ് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തായിരുന്നു കമ്മിഷന്റെ നടപടി. കണ്‍സ്യൂമര്‍ഫെഡും, ബിവറേജസ് കോര്‍പറേഷനും വിറ്റഴിക്കുന്ന മദ്യം വാങ്ങിക്കഴിക്കുന്നവരെ പൊലിസ് അകാരണമായി അറസ്റ്റ് ചെയ്യുന്നുവെന്നായിരുന്ന് സുരേഷ് ബാബുവിന്റെ പരാതി. തിരുവനന്തപുരം ഫോര്‍ട്ട് സബ്ഡിവിഷന് കീഴില്‍ വരുന്ന നേമം പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് പ്രധാനമായും പരാതിയില്‍ കുറ്റപ്പെടുത്തിയത്.
എന്നാല്‍ തങ്ങള്‍ മദ്യപിച്ച് പൊതുസ്ഥലങ്ങളിലിരുന്ന് പ്രശ്നം ഉണ്ടാക്കുന്നവര്‍ക്ക് എതിരെയും പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നവര്‍ക്ക് എതിരെയും മാത്രമാണ് നടപടിയെടുക്കുന്നതെന്നാണ് പൊലിസ് പറയുന്നത്. മതിയായ ജാമ്യവ്യവസ്ഥയില്‍ ഇവരെ വിട്ടയക്കാറുണ്ടെന്നും ആര്‍ക്കെതിരെയും വ്യക്തിവൈരാഗ്യം മൂലം നടപടിയെടുത്തിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി.എന്നാല്‍ പരാതിക്ക് ഇട നല്‍കാത്തവിധം നിയമപരമായി മാത്രമേ പൊലിസ് നടപടി സ്വീകരിക്കാവൂ എന്നും ആരെയും അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും പൊലിസ് മേധാവി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശിച്ചു.
ഇത് പ്രകാരം തിരുവനന്തപുരം സിറ്റി പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ എല്ലാ അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്കും അയച്ച കത്തില്‍, മദ്യപിച്ചുവെന്ന ഒറ്റക്കാരണത്താല്‍ ആരെയും അറസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെടിട്ടുണ്ട്.