
പട്ന: മദ്യനിരോധം പ്രായോഗികമാണോ അല്ലേ എന്നതാണ് കേരളത്തിലെ പ്രധാന ചര്‍ച്ച. കേരളത്തില്‍ കൊണ്ടുവന്ന ഭാഗികമായ മദ്യനിരോധനം തന്നെ സമൂഹത്തിനു ഗുണമുണ്ടാക്കിയിട്ടില്ലെന്ന ഇടതുപക്ഷത്തിന്റെ വാദമുഖങ്ങള്‍ നിലനില്‍ക്കേ, ബിഹാറിലെ പൂര്‍ണ മദ്യനിരോധം ഈ തെരഞ്ഞെടുപ്പു കാലത്ത് ഒരിക്കല്‍കൂടി ചര്‍ച്ചയാവുന്നു. ബിഹാറില്‍ ഏര്‍പ്പെടുത്തിയ മദ്യനിരോധനം വന്‍ വിജയമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കണക്കുകള്‍ സഹിതം വിശദീകരിക്കുന്നത്. മദ്യനിരോധനം നിലവില്‍ വന്ന ഏപ്രില്‍ മാസം മുതല്‍ കുറ്റകൃത്യങ്ങള്‍ 27 ശതമാനം കുറഞ്ഞതായി നിതീഷ് കുമാര്‍ വ്യക്തമാക്കുന്നു.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കലാപങ്ങള്‍ എന്നീ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവുണ്ടായതാണ് വിലയിരുത്തല്‍.
ഏപ്രില്‍ അഞ്ചിനാണ് ബിഹാറില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം കൊണ്ടുവന്നത്. വിദേശ, സ്വദേശ വ്യത്യാസമില്ലാതെ എല്ലാ മദ്യ നിര്‍മാണവും വ്യവസായവും നിരോധിച്ചു. നിരോധം പ്രാബല്യത്തില്‍ വന്ന് ഒരുമാസം പൂര്‍ത്തിയായപ്പോള്‍ അവലോകനം നടത്തുകയായിരുന്നു.
2015 ഏപ്രില്‍ മാസത്തില്‍ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ എണ്ണം 12 ആയിരുന്നുവെങ്കില്‍ ഇക്കൊല്ലം ഏപ്രിലില്‍ അത് ഒന്നായി ചുരുങ്ങി. റേപ്പ് കേസുകള്‍ 112 ല്‍ നിന്ന് 59 ലേക്ക് താഴ്ന്നു. ഓരോ ജില്ലകളിലെയും എസ്.പി, എസ്.എസ്.പിമാര്‍ ചേര്‍ന്നു തയ്യാറാക്കിയ കണക്കാണിത്.
ചെറുതും വലുതുമായ കലാപങ്ങളിലും കാര്യമായ കുറവുണ്ടായതാണ് സി.ഐ.ഡിയുടെ കണക്ക് പറയുന്നത്. 2015 ഏപ്രിലില്‍ 1,118 ചെറുകലാപങ്ങള്‍ നടന്ന ബിഹാറില്‍ ഇപ്രാവശ്യം അത് 684 ആയി ചുരുക്കാനായി. അതായത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 38.82 ശതമാനത്തിന്റെ കുറവ്.
ഇതേ കാലയളവില്‍ കഴിഞ്ഞവര്‍ഷം 27 വന്‍ കലാപങ്ങള്‍ നടന്നപ്പോള്‍ ഇക്കൊല്ലം അത് ഒന്പതിലൊതുക്കാനായി. കവര്‍ച്ചാ കേസിലും 41.03 ശതമാനം കുറവുണ്ടായി.
മദ്യനിരോധനം കൊണ്ടുവന്നത് റോഡപകടങ്ങളിലും 16.72 ശതമാനം കുറവുവരുത്താന്‍ സഹായിച്ചിട്ടുണ്ട്. വീടു കൊള്ളയടി 2.4 ശതമാനം കുറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമം 13.32 ശതമാനം കുറയാന്‍ സഹായിച്ചു. എസ്.സി, എസ്.ടിക്കെതിരായ ആക്രമണങ്ങളില്‍ 45.09 ശതമാനം കുറയാനും മദ്യനിരോധം സഹായകമായി.