2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മദര്‍ തെരേസയുടെ വിശുദ്ധ പദവിയിയുടെ ആനന്ദത്തിലാണ് തെള്ളകം പള്ളി

രുണയുടെ വര്‍ഷത്തില്‍ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടയവും തെള്ളകം പള്ളിയും. കൊല്‍ക്കത്തയുടെ വിശുദ്ധയായി ഇനിയറിയപ്പെടുന്ന അമ്മയുമായി കോട്ടയത്തിനുള്ള ബന്ധത്തിന് അനേകം വര്‍ഷത്തിന്റെ പഴക്കമുണ്ട്. മാത്രമല്ല, അഗതികളുടെ അമ്മയുടെ ഓര്‍മ്മകള്‍ എന്നുമുറങ്ങുന്ന അക്ഷരനഗരിയില്‍ മദര്‍ തെരേസയെ നേരില്‍ കാണുവാന്‍ ഭാഗ്യം ലഭിച്ച നിരവധിയാളുകളുമുണ്ട്.

അമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതോടെ മദറിന്റെ തിരുശേഷിപ്പ് രാജ്യത്ത് ആദ്യം പ്രതിഷ്ഠിച്ച ദേവാലയമായ തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ്‌സ് ദേവാലയവും ഇനി ലോകമെമ്പാടും അറിയപ്പെടും.

മദര്‍ തെരേസയുടെ കബറിടത്തിലെ മണ്ണ്, ശിരോ വസ്ത്രത്തിന്റെ ഭാഗം, തലമുടി, അന്ത്യവേളയില്‍ ശരീരം തുടച്ച തുണിയും പഞ്ഞി തുടങ്ങിയവയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. 1974 ജനുവരി 20ന് ഇവിടെയത്തിയതോടെയാണു തെള്ളകം ദേവാലയത്തിനു മദര്‍ തെരേസയുമായുള്ള ബന്ധം തുടങ്ങുന്നത്. ഇടവക സന്ദര്‍ശന വേളയില്‍ മദര്‍ നല്‍കിയ ഉദ്‌ബോധനത്തെ വിശ്വാസികള്‍ ഇപ്പോഴും പാലിക്കുന്നു. അശരണ സഹായിക്കുന്നതിനാണ് ആഘോഷ വേളയില്‍ പ്രാമുഖ്യം. മദര്‍ തെരേസയുടെ ജീവിതരേഖ ചിത്ര ശില്‍പ രൂപത്തില്‍ അവതരിപ്പുന്ന ചരിത്ര പ്രദര്‍ശനവും ദേവാലയത്തിലുണ്ട്. ഇവിടെയവസാനിക്കുന്നില്ല അമ്മയ്ക്ക് കോട്ടയവുമായുള്ള ബന്ധം.

mother

മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന് ചേര്‍പ്പുങ്കല്‍ ഇടവകയുമായി ബന്ധമുണ്ട്. മദര്‍ തെരേസയുടെ സമൂഹത്തില്‍ ആദ്യമായി ചേര്‍ന്ന രണ്ടു മലയാളികളും ചേര്‍പ്പുങ്കല്‍ ഇടവകാംഗങ്ങളാണ്. ഈ സന്യാസിനീ സമൂഹത്തിന്റെ ഇപ്പോഴത്തെ അസിസ്റ്റന്റ് സിസ്റ്റര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലൈല അറയ്ക്കക്കുന്നേലും ചേര്‍പ്പുങ്കല്‍ ഇടവകക്കാരിയാണ്. മദര്‍ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിനു തുടക്കമിട്ട കാലത്ത് ബംഗാളില്‍നിന്നുള്ളവരായിരുന്നു ആദ്യകാല സഹോദരിമാര്‍. ഏറെപ്പേരും മദര്‍ സ്‌കൂളില്‍ പഠിപ്പിച്ച വിദ്യാര്‍ഥിനികള്‍. മദര്‍ സ്ഥാപിച്ച സമൂഹത്തിലെ പ്രഥമ മലയാളിയും 21ാമത്തെ അംഗവുമായിരുന്നു സിസ്റ്റര്‍ യൂജിന്‍ വട്ടമറ്റം.പാലാ ചേര്‍പ്പുങ്കല്‍ വട്ടമറ്റം കൊച്ചുകുന്നേല്‍ സ്‌കറിയയുടെ ഏക മകള്‍. അന്‍പതു വര്‍ഷത്തിലേറെ മദര്‍ തെരേസയോടൊപ്പം കഴിഞ്ഞിട്ടുള്ള സിസ്റ്റര്‍ യൂജിന്‍ രണ്ടു വര്‍ഷം മുന്‍പാണ് അന്തരിച്ചത്.

ചേര്‍പ്പുങ്കലില്‍ തേര്‍ഡ് ഫോമിനു പഠിക്കുന്ന കാലത്ത് വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ മിഷനറിമാരുടെ ജീവിതം നേരില്‍ അറിയാനാണ് അവിടേക്കു പോയത്. കൂട്ടുകാരി ചക്കാലയ്ക്കല്‍ ഏലിക്കുട്ടി എന്ന എലിസബത്തും ഒപ്പമുണ്ടായിരുന്നു. കിഴക്കന്‍ പാക്കിസ്ഥാനിലെ ചിറ്റഗോംഗില്‍ ക്വീന്‍ ഓഫ് ദി മിഷനില്‍ കഴിഞ്ഞ ഇരുവരെയും ഷില്ലോംഗിലെ ബിഷപ്പാണ് മദര്‍ തെരേസയെ സഹായിക്കാന്‍ കോല്‍ക്കത്തിലേക്ക് അയച്ചത്. മദര്‍ തെരേസ കോല്‍ക്കത്തയില്‍ ശുശ്രൂഷകള്‍ക്കു തുടക്കമിട്ട കാലമായിരുന്നു അത്.

കോല്‍ക്കത്ത ക്രീക്ക് ലെയിനിലെ മൈക്കിള്‍ ഗോമസിന്റെ വീടിന്റെ രണ്ടാം നിലയില്‍ കഴിയുന്ന കാലത്താണ് ഇരുവരും മദര്‍ തെരേസയെ ആദ്യമായി കണ്ടത്. അവിടെ മറിനൊപ്പം ശിഷ്യകളായ ഇരുപത് അര്‍ഥിനികളുണ്ടായിരുന്നു. അര്‍ഥിനികളില്‍ 21ാമത്തെ അംഗമായി മേരിയും അടുത്ത അംഗമായി എലിസബത്തും ഉപവിയുടെ സഹോദരിമാരുടെ കൂട്ടായ്മയില്‍ അക്കാലത്ത് അംഗങ്ങളായി.

നൂറിലേറെ രാജ്യങ്ങളില്‍ ശുശ്രൂഷയര്‍പ്പിക്കുന്ന മിഷനറീസ് ഓപ് ചാരിറ്റി സമൂഹത്തിന്റെ നേതൃനിരയില്‍ രണ്ടാമത്തെ ചുമതലക്കാരിയായാണ് സിസ്റ്റര്‍ ലൈസ.

ചേര്‍പ്പുങ്കല്‍ അറയ്ക്കക്കുന്നേല്‍ ജോസഫ്‌റോസമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകളായ സിസ്റ്റര്‍ ലൈസ 1968ലാണ് മിഷനറീസ് ഓഫ് ചാരിറ്റിയില്‍ അംഗമായത്. 1972 മുതല്‍ 1990 വരെ ആഫ്രിക്കന്‍ രാജ്യങ്ങളിലും 1990 മുതല്‍ 94 വരെ റോമിലും 1994 മുതല്‍ 97 വരെ അമേരിക്കയിലും സേവനം ചെയ്തു. തീരുന്നില്ല അമ്മയ്ക്ക് കോട്ടയവുമായുള്ള ബന്ധം. ആദ്യ അനുയായി മാത്രമല്ല, നിരവധിയാളുകളാണ് അമ്മയുടെസ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന കോട്ടയത്തുകാര്‍ നിരവധിയാണ്.

അന്‍പതോളം രാജ്യങ്ങളിലായി കോട്ടയം ജില്ലയില്‍നിന്നുള്ള സഹോദരിമാര്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിവിധ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു. കോട്ടയം ജില്ലയില്‍നിന്നും വിവിധ റീത്തുകളില്‍നിന്നുള്ള മൂന്നുറിലേറെപ്പേര്‍ മദറിനൊപ്പം ശുശ്രൂഷ ചെയ്യുന്നുണ്ടെന്നു മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗങ്ങള്‍ തന്നെ വ്യക്തമാക്കുന്നു.

മദറിന്റ ആദ്യശിഷ്യഗണത്തില്‍പ്പെട്ട വൈക്കം മണിപ്പാടം വീട്ടില്‍ സിസ്റ്റര്‍ റെജിന, സിസ്റ്റര്‍ സ്റ്റെല്ല എന്നവര്‍ക്കൊപ്പം ആഴ്ചകളോളം മദര്‍ താമസിച്ചു. കേരളത്തില്‍ നിന്നും ഈ സമൂഹത്തിലേക്ക് കൂടുതല്‍ അംഗങ്ങളെ കണ്ടെത്താനാണ് മദര്‍ ഇവിടെ താമസിച്ച് വിജയപുരം, ചങ്ങനാശേരി, കൊല്ലം ബിഷപ്‌സ് ഹൗസുകളില്‍ പോയി ബിഷപ്പുമാരെ നേരില്‍കണ്ടത്. കോട്ടയം ഇറഞ്ഞാല്‍ റോഡില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠം തുടങ്ങിയപ്പോഴും മദര്‍ കോട്ടയത്ത് വരികയും താമസിക്കുകയും ചെയ്തിട്ടുണ്ട്. കോല്‍ക്കട്ടയില്‍ മദറിന് കാലങ്ങളോളം സഹായങ്ങള്‍ ചെയ്തിട്ടുള്ള കോട്ടയം സ്വദേശിയായ റബര്‍ വ്യാപാരി പാറമേല്‍ പിഎം ജോസഫ് എന്ന കോല്‍ക്കട്ട ജോസഫ് ചേട്ടന്റെ കുടുംബവീടാണ് ഇറഞ്ഞാല്‍ റോഡിലുള്ള മദര്‍ തെരേസ മഠം. മൗണ്ട് കാര്‍മല്‍ സ്‌കൂളിനു സമീപം പിന്നീട് ജോസഫ് ചേട്ടന്‍ പണിത വീട്ടിലും മദര്‍ വരികയും താമസിക്കുകയും ചെയ്തിട്ടുണ്ട്. ജോസഫ് കോല്‍ക്കത്തയിലായിരുന്നപ്പോള്‍ വാങ്ങിയ പശ്ചിമ ബംഗാള്‍ രജിസ്‌ട്രേഷന്‍ കാറില്‍ മദര്‍ തെരേസ ഇരുപതു വര്‍ഷത്തോളം യാത്ര ചെയ്തിട്ടുണ്ട്. മദര്‍ കോട്ടയത്ത് വന്നപ്പോഴും ഇവിടെ കാര്‍ ഓടിച്ചത് ജോസഫ് ചേട്ടനായിരുന്നു. ജോസഫ് ചേട്ടന്റെ ഭാര്യ മറിയാമ്മയുമായും മദറിന് അടുത്ത ബന്ധമായിരുന്നു.

വിവിധയിടങ്ങളില്‍വച്ച് മദറിനെ കാണുകയും സംസാരിക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്തവരും നിരവധി. ഇവര്‍ക്കെല്ലാം പറയാന്‍ മദറിനെക്കുറിച്ച് ഏറെക്കാര്യങ്ങള്‍. വിശുദ്ധയുമായുള്ള ആ കൂടിക്കാഴ്ചയെ സന്തോഷപൂര്‍വം അനുസ്മരിക്കുകയാണ് ഇവരെല്ലാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News