
ലക്നൗ: മഥുരയിലെ ഈദ് ഗാഹ് പള്ളിവളപ്പില്‍ അതിക്രമിച്ചു കയറി ഹനുമാന് ചാലിസ നടത്തിയ നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകരായ സുരാഭ് നംബാര്‍ദര്‍, രാഘവ് മിത്തല്‍, റൗക്കി, കന്ഹ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
പള്ളിക്കു സമീപത്തുനിന്ന് ഇവര്‍ ഹനുമാന് ചാലിസ ചൊല്ലുന്നതും ജയ് ശ്രീറാം മുഴക്കുന്നതുമായി വിഡിയോ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ, ഉത്തര്‍പ്രദേശിലെ മറ്റൊരു ക്ഷേത്രവളപ്പില്‍ രണ്ടു യുവാക്കള്‍ ക്ഷേത്രം അധികൃതരുടെ അനുമതിയില്ലാതെ നിസ്കരിച്ചത് വിവാദമായിരുന്നു. ഇവരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മഥുര പള്ളിയില്‍ ഇത്തരത്തിലൊരു സംഭവം നടന്നിരിക്കുന്നത്.
ബാബരി മസ്ജിദ് വിധിക്കു പിന്നാലെ, മഥുര പള്ളിയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നു വ്യക്തമാക്കി സംഘ്പരിവാര്‍ രംഗത്തെത്തിയിരുന്നു. കൃഷ്ണ ജന്മഭൂമിയിലാണ് മഥുര പള്ളി നിലനില്ക്കുന്നതെന്നു സ്ഥാപിച്ചെടുക്കാനാണ് തീവ്ര ഹിന്ദു സംഘടനകളുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി യു.പിയിലെ കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.