കൊച്ചി
മത -സമുദായ സംഘടനകളിൽ ഭാരവാഹികളാകുന്നതിന് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിൽ വിലക്കുന്നുണ്ടെന്ന് ഹൈക്കോടതി. സി.എസ്.ഐ മധ്യകേരള ഇടവകയുടെ വിവിധ സമിതികളിൽ സർക്കാർ ജീവനക്കാർ ഭാരവാഹികളാവുന്നതിനെതിരേ തലയോലപ്പറമ്പ് വടകര സ്വദേശി കെ.ജെ ഫിലിപ്പ് നൽകിയ ഹരജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ടി.ആർ രവി ഇക്കാര്യം വ്യക്തമാക്കിയത്. പെരുമാറ്റച്ചട്ട പ്രകാരമുള്ള വിലക്ക് സി.എസ്.ഐ മധ്യകേരള ഇടവകയുടെ സമിതികളിൽ ഭാരവാഹികളാവുന്നതിനും ബാധകമാണെന്നും ഉത്തരവിൽ പറയുന്നു.
ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ സെക്ഷൻ 67 എ യിൽ സർക്കാർ ഉദ്യോഗസ്ഥർ മത-സമുദായ സംഘടനകളിൽ ഭാരവാഹികളാവുന്നത് വിലക്കിയിട്ടുള്ളത് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
സി.എസ്.ഐ മധ്യ കേരള ഇടവകയുടെ വിവിധ സമിതികളിലേക്ക് മത്സരിച്ചു ജയിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഹരജിക്കാരൻ നേരത്തെ വകുപ്പുകൾക്ക് നിവേദനം നൽകിയിരുന്നു.
ഈ പരാതികളിൽ ആറാഴ്ചയ്ക്കകം നിയമാനുസൃതം നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരും അധ്യാപകരും ഇത്തരം പദവികൾ വഹിക്കുന്ന പ്രവണത സമീപകാലത്ത് വർധിച്ചിട്ടുണ്ടെന്നും ഔദ്യോഗിക പദവിയിലുള്ളവർ ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടാൽ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഇടയാക്കുമെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.
എന്നാൽ ഇത്തരം പദവികളിൽ സർക്കാർ ഉദ്യോഗസ്ഥരെ മത്സരിപ്പിക്കുന്നതിൽ നിന്ന് സി.എസ്.ഐ മധ്യകേരള ഇടവകയെ വിലക്കണമെന്ന ആവശ്യം സിംഗിൾബെഞ്ച് നിരസിച്ചു.
മത -സമുദായ സംഘടനകളുടെ ഭാരവാഹികളാകാൻ മാത്രമാണ് വിലക്ക്. മത്സരിക്കുന്നതിന് വിലക്കില്ല.
മത്സരിച്ച് ജയിച്ചു ഭാരവാഹിയാലേ പെരുമാറ്റച്ചട്ടത്തിലെ വിലക്ക് ബാധകമാവൂ എന്നും കോടതി വിലയിരുത്തി.
Comments are closed for this post.