കൊല്ലം
മത്സ്യഫെഡിൽ അഴിമതി നടന്നെന്ന് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊല്ലം ജില്ലയിൽ അന്തിപ്പച്ചയിലെ മത്സ്യവിപണനത്തിലൂടെ ലഭിച്ച തുക ബാങ്കിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടിനെയാണ് അഴിമതിയായി ചിത്രീകരിച്ചത്. മത്സ്യഫെഡിലെ രണ്ട് ജീവനക്കാരാണ് 93.75 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയത്. അന്തിപ്പച്ച യൂനിറ്റുകളിൽ നിന്നുള്ള പണം മത്സ്യഫെഡിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാതെ കണക്കിൽ കൃത്രിമം കാട്ടി ഇവർ തട്ടിയെടുക്കുകയായിരുന്നു.
ഇത് മത്സ്യഫെഡ് ഭരണസമിതി തന്നെയാണ് കണ്ടെത്തിയത്. മത്സ്യഫെഡിലെ സ്ഥിരം ജീവനക്കാരനും താൽക്കാലിക ജീവനക്കാരനുമായിരുന്നു ഇതിന് പിന്നിൽ. ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് താൽക്കാലികക്കാരനെ പിരിച്ചുവിടുകയും സ്ഥിരം ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
ഇത് സംബന്ധിച്ച് ക്രമക്കേട് നടന്ന പരിധിയിലെ ശക്തികുളങ്ങര പൊലിസ് സ്റ്റേഷനിൽ മത്സ്യഫെഡ് തന്നെയാണ് പരാതി കൊടുത്തത്. സിറ്റിപൊലിസ് കമ്മിഷണർക്കും താൻ നേരിട്ട് പരാതി നൽകി. കഴിഞ്ഞ മാസം എറണാകുളത്ത് നടന്ന വാർഷിക അവലോകനത്തിലാണ് വിറ്റുവരവ് തുകയിലെ വ്യത്യാസം കണ്ടെത്തുകയും ധനകാര്യ വിഭാഗത്തിന്റെ അന്വേഷണത്തിൽ ക്രമക്കേട് നടന്നത് കണ്ടെത്തുകയും ചെയ്തതെന്നും ചെയർമാൻ പറഞ്ഞു.
Comments are closed for this post.