2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മതാചാര പ്രകാരം മൃതദേഹം സംസ്‌കരിക്കല്‍; മുസ്‌ലിം നേതാക്കള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

കോഴിക്കോട്: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം പ്രോട്ടോകോള്‍ പാലിച്ച് മതാചാര പ്രകാരം സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ടി.പി അബ്ദുല്ലക്കോയ മദനി, എം.ഐ അബ്ദുല്‍ അസീസ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, എ. നജീബ് മൗലവി, ടി.കെ അഷ്‌റഫ്, സി.പി ഉമര്‍ സുല്ലമി, അബ്ദുല്‍ ഹൈദര്‍ മൗലവി, ഹാഫിള് അബ്ദുല്‍ ശുക്കൂര്‍ അല്‍ഖാസിമി, വി.എച്ച് അലിയാര്‍ കെ. ഖാസിമി, ഡോ. പി.സി അന്‍വര്‍, ഡോ. അബ്ദുല്ല ചെറയക്കാട്ട്, ഡോ. വി. ഇദ്‌രീസ്, ഡോ. അബ്ദുല്‍ അസീസ്, ഡോ. എ.കെ അബ്ദുല്‍ ഖാദര്‍, എം.സി മായിന്‍ ഹാജി എന്നിവര്‍ ഒപ്പുവച്ച നിവേദനമാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
വിദഗ്ധ പരിശീലനം ലഭിച്ച സേവന സന്നദ്ധരായ വളണ്ടിയര്‍മാരെ ഉപയോഗിച്ച് മതാചാര പ്രകാരം മൃതദേഹം കുളിപ്പിക്കാനും മറവു ചെയ്യാനുമുള്ള ഇളവ് അനുവദിക്കണം. മൃതദേഹത്തില്‍നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം ശരീരം മുഴുവന്‍ വെള്ളം എത്തുന്ന രീതിയില്‍ കുളിപ്പിക്കുന്നതിനു വേണ്ട സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഒരുക്കുകയോ ആശുപത്രികള്‍ക്ക് സമീപം ഇതു ചെയ്യാന്‍ കഴിയുന്ന സന്നദ്ധ സംഘടനകള്‍ക്ക് അനുവാദം നല്‍കുകയോ വേണം. കഫന്‍ ചെയ്ത (തുണികൊണ്ട് പൊതിഞ്ഞ) മൃതദേഹം പ്ലാസ്റ്റിക് ബോഡി ബാഗുകളിലാക്കി പരിപൂര്‍ണ സുരക്ഷിതത്വം ഉറപ്പു വരുത്തി കൃത്യമായി ഖബറിലേക്ക് വെക്കാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ക്ക് സുരക്ഷാ മാനദണ്ഡം പാലിച്ച് മൃതദേഹം കാണുന്നതിന് വിരോധമില്ല എന്ന ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ പ്രാബല്യത്തില്‍ വരുത്തണം. ഇതിനായി നിലവിലെ ചട്ടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വേണമെന്നും കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനവും മരണവും കൂടി വരുന്ന സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ കൃത്യമായി പരിപാലിച്ച് സംസ്‌കരിക്കുന്നതിന് നിലവിലെ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പരിമിതികളുണ്ട്. എന്നാല്‍ മൃതദേഹത്തോട് മാന്യത പുലര്‍ത്താതെ കൊവിഡ് പ്രോട്ടോകോള്‍ എന്ന പേരില്‍ അനാദരവ് കാട്ടുന്നില്ലേയെന്നത് ഗൗരവമായി പരിശോധനാവിധേയമാക്കേണ്ടതുണ്ടെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.