2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മതംമാറ്റത്തിന്റെ അന്തര്‍ധാരകള്‍

ആധുനികജീവിതം നല്‍കുന്ന സമ്മര്‍ദങ്ങള അതിജീവിക്കുന്നതിനുള്ള മാര്‍ഗമായാണ് വെള്ളക്കാരായ മധ്യവര്‍ഗവിഭാഗങ്ങള്‍ അച്ചടക്കപൂര്‍ണമായ ഇസ്‌ലാമിന്റെ വഴി സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച് കേംബ്രിജ് സര്‍വകലാശാല നടത്തിയ 'നരേറ്റീവ്‌സ് ഓഫ് കണ്‍വേര്‍ഷന്‍ ടു ഇസ്‌ലാം ഇന്‍ ബ്രിട്ടണ്‍: ഫീമെയ്ല്‍ പെര്‍സ്‌പെക്ടീവ്' എന്ന പഠനം 1,50,000 തവണയാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്.

 

തന്‍സീര്‍ ദാരിമി കാവുന്തറ 9946972873

മതംമാറ്റം,ഘര്‍വാപസി എന്നിവയെ സംബന്ധിച്ച ചര്‍ച്ചകള്‍ അവിരാമം തുടരുകയാണ്. ആഗോള തലത്തില്‍ മതങ്ങള്‍ തമ്മിലുള്ള സംവാദവും സംവേദനവും നൂറ്റാണ്ടുകളായി തുടരുന്നുണ്ട്. ജനിച്ചുവളര്‍ന്ന മതപരിസരത്തു നിന്ന് ആഴത്തില്‍ അപഗ്രഥിച്ചറിഞ്ഞ മറ്റൊരു മതത്തിലേക്ക് ചേക്കേറുന്നവര്‍ നിരവധിയാണ്.

 

പ്രമുഖരും പ്രതിഭകളുമായ ധാരാളം പേര്‍ മതപരിവര്‍ത്തിതരായിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ മതംമാറ്റം സൃഷ്ടിക്കുന്ന കോളിളക്കം ചെറുതല്ല. ഹിന്ദുമതത്തിലേക്ക് മാത്രമേ മതംമാറ്റം ആകാവൂ എന്നും മറ്റുള്ള മതങ്ങളില്‍ ആളുകള്‍ക്ക് രഹസ്യമായി വിശ്വസിക്കാമെങ്കിലും രേഖകളനുസരിച്ച് അനുവാദം ഉണ്ടാവരുതെന്നാണ് ഇന്ത്യയിലെ സംഘ്പരിവാര്‍ ഭാഷ്യം. രാജ്യത്ത് ഏതാനും സംസ്ഥാനങ്ങളില്‍ മതംമാറ്റത്തിനെതിരെ ഇപ്പോള്‍ തന്നെ കരിനിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഗുജറാത്ത്,മധ്യപ്രദേശ്, ചത്തീസ്ഗഢ്,ഒറീസ മുതലായ സംസ്ഥാനങ്ങളില്‍ ആര്‍ക്കെങ്കിലും മതംമാറണമെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണമെന്നാണ് ചട്ടം. തന്റെ ആത്മീയ ജീവിതം എന്തായിരിക്കണമെന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ ഭരണഘടനാപരമായ അവകാശമാണ് ചോദ്യവിധേയമാവുന്നത്. എന്നാല്‍, മരണാനന്തരം സ്വര്‍ഗം ലഭിക്കുമെന്ന വിശ്വാസം പോലും പ്രേരണയും പ്രലോഭനവുമാകുന്ന രാജ്യത്താണ് മതം മാറുന്ന മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആളൊന്നുക്ക് അഞ്ചു ലക്ഷവും രണ്ടു ലക്ഷവും വീതം കൊടുക്കാന്‍ ‘സംഘ് ബന്ധുക്കള്‍’ സംഭാവന നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ് സംഘടനകള്‍ നോട്ടീസ് അടിച്ചു വിതരണം ചെയ്യുന്നത്. ആഗ്രയില്‍ റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് മോഹിപ്പിച്ചാണ് ഇവര്‍ ബംഗാളി മുസ്‌ലിംകള്‍ക്കിടയില്‍ മതംമാറ്റം സംഘടിപ്പിച്ചത്.
നിലവിലുള്ള നിയമങ്ങളനുസരിച്ചു തന്നെ നിര്‍ബന്ധിത മതംമാറ്റം കുറ്റകരമാണെന്നിരിക്കെയാണ് ആര്‍.എസ്.എസ് സംഘടനയായ ‘ധറം ജാഗ്രണ്‍ സംസ്ഥാന്‍’ പരസ്യമായി ഈ കുറ്റം ചെയ്തത്. ഈ പ്രവൃത്തിയില്‍ ഒരു നിയമപ്രശ്‌നവും ഇല്ലെന്നാണ് പാര്‍ലമെന്റില്‍ പ്രസംഗിക്കവെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വ്യക്തമാക്കിയത്.

ലണ്ടന്‍ ആസ്ഥാനമായുള്ള ഫെയ്ത്ത് മാറ്റേഴ്‌സ് 2011 പ്രസിദ്ധീകരിച്ച ‘എ മൈനോറിറ്റി വിത്തിന്‍ എ മൈനോറിറ്റി’ എന്ന പഠനം ഇസ്‌ലാമിലേക്കുള്ള വെള്ളക്കാരുടെ മതംമാറ്റത്തെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണ്. സ്വാന്‍സിയ സര്‍വകലാശാലയില്‍ നിന്നുള്ള എം.എ കെവിന്‍ ബ്രൈസ് നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 2001ല്‍ യുകെയില്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത 60,669 പേരില്‍ 55 ശതമാനവും വെള്ളക്കാരായ ഗോത്ര സംഘങ്ങളില്‍ പെട്ടവരായിരുന്നു.

പത്തുവര്‍ഷത്തിനുള്ളിലെ പരിവര്‍ത്തനം ഒരു ലക്ഷം കവിഞ്ഞു. 2010ല്‍ മാത്രം 5,200 പേരാണ് ഇസ്‌ലാം സ്വീകരിച്ചത് ഇതില്‍ സ്ത്രീപുരുഷ അനുപാതം 2:1 ആണ്. യുഎസിലും ഇതേ പ്രവണത കാണാം. 2015ലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ഉള്ള 3.3 ദശലക്ഷം മുസ്‌ലിംകളില്‍ 23 ശതമാനവും ഇസ്‌ലാമിക് പരിവര്‍ത്തനം നടത്തിയവരാണെന്ന് പേവ്‌സ് റിസേര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തുന്നു. ഇവരില്‍ 93 ശതമാനവും യുഎസില്‍ ജനിച്ചവരാണ്. ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തിയവരില്‍ 27 ശതമാനവും വെള്ളക്കാരാണ്. അമേരിക്കയില്‍ ഒരു പുരുഷന് നാല് സ്ത്രീകള്‍ എന്ന നിലയിലാണ് പരിവര്‍ത്തന അനുപാതം.
സൗകര്യങ്ങള്‍ക്ക് വേണ്ടി ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്നവരാണ് ഒരു വിഭാഗം. പലരുടെയും ജീവിതപങ്കാളി മുസ്‌ലിം ആണെന്നതാണ് ഇതിന് കാരണം. തങ്ങളുടെ സാംസ്‌കാരിക അനുഭവങ്ങള്‍, സൂഫിസവുമായുള്ള ബന്ധം, യാത്രകള്‍, മുസ്‌ലിം സുഹൃത്തുക്കള്‍ തുടങ്ങിയവയുടെ സ്വാധീനം മൂലം ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്നവരാണ് മറ്റൊരു വിഭാഗം.

45 ശതമാനം പരിവര്‍ത്തനത്തിനും വിവാഹവുമായി ഒരു ബന്ധവുമില്ലെന്ന് ഫെയ്ത്ത് മാറ്റേഴ്‌സിന്റെ സര്‍വെ ചൂണ്ടിക്കാണിക്കുന്നു. ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തിയ ശേഷം സ്വാഭാവികമായി മുസ്‌ലിം പങ്കാളിയെ കണ്ടെത്തിയവരാണിവര്‍. പരിവര്‍ത്തനം ചെയ്തവരില്‍ 86 ശതമാനത്തിനും മുസ്‌ലിം സുഹൃത്തുക്കളുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്. 96 ശതമാനം പേര്‍ പുസ്തകങ്ങളുടെയും 64 ശതമാനം ഇന്റര്‍നെറ്റിന്റെയും സ്വാധീനത്താല്‍ പരിവര്‍ത്തനം നടത്തിയവരാണ്. മതപരിവര്‍ത്തനത്തിന് പള്ളികളില്‍ നിന്ന് ഒരു സ്വാധീനവും ലഭിക്കാത്തവരാണ് 52 ശതമാനം പേരും.

മതം മാറ്റത്തിനുള്ള കാരണങ്ങള്‍ സര്‍വെയില്‍ വ്യക്തമല്ലെങ്കിലും ജീവിത്തെ കുറിച്ചുള്ള ഇസ്‌ലാമിന്റെ കര്‍ക്കശമായ നിയമസംഹിതയാണ് അതിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് പലരുടേയും പ്രതികരണം. അതുവരെയുള്ള തങ്ങളുടെ ജീവിതത്തെ ‘മോശം’, ‘പാപഭരിതം’, ‘നഷ്ടപ്പെട്ടത്’ എന്നൊക്കെയാണ് പരിവര്‍ത്തനം നടത്തിയ പലരും വിശേഷിപ്പിച്ചത്.

ബ്രിട്ടീഷ് സംസ്‌കാരത്തില്‍ നിലനില്‍ക്കുന്ന മദ്യപാനാസക്തി, ധാര്‍മികതയുടെ അഭാവം, ലൈംഗിക സ്വാതന്ത്ര്യം, ഉപഭോകാസക്തി എന്നിവയൊക്കെ മോശമാണെന്നും അവര്‍ കരുതുന്നു.തത്വശാസ്ത്രപരവും അസ്തിത്വപരവുമായ പ്രശ്‌നങ്ങളാണ് പലരെയും മതംമാറ്റത്തിനു പ്രേരിപ്പിക്കുന്നതെന്നാണ് കേംബ്രിജ് സര്‍വകലാശാലയിലെ ഇസ്‌ലാമിക് പഠന കേന്ദ്രം തലവന്‍ യാസിര്‍ സുലൈമാന്‍ വിശദീകരിക്കുന്നത്.
ആധുനികജീവിതം നല്‍കുന്ന സമ്മര്‍ദങ്ങള അതിജീവിക്കുന്നതിനുള്ള മാര്‍ഗമായാണ് വെള്ളക്കാരായ മധ്യവര്‍ഗവിഭാഗങ്ങള്‍ അച്ചടക്കപൂര്‍ണമായ ഇസ്‌ലാമിന്റെ വഴി സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച് കേംബ്രിജ് സര്‍വകലാശാല നടത്തിയ ‘നരേറ്റീവ്‌സ് ഓഫ് കണ്‍വേര്‍ഷന്‍ ടു ഇസ്‌ലാം ഇന്‍ ബ്രിട്ടണ്‍: ഫീമെയ്ല്‍ പെര്‍സ്‌പെക്ടീവ്’ എന്ന പഠനം 1,50,000 തവണയാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്.

ഡെയ്‌ലി മെയില്‍ മാധ്യമ പ്രവര്‍ത്തക ഈവ് അഹമ്മദ് മതം മാറിയവരുടെ മാനസികാവസ്ഥയെ സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.മതംമാറിയ ചിലരോട് ഇവര്‍ സംസാരിച്ചാണ് ആ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ ഭാര്യാസഹോദരി ലൗറന്‍ ബൂത്തായിരുന്നു അവരില്‍ ഒരാള്‍.
ഇറാനിലെ ക്വോം നഗരത്തിലെ ഫാത്തിമ-അല്‍-മസൗമെ പള്ളി സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ടെലിവിഷന്‍ ബ്രോഡ്കാസ്റ്ററായ ബൂത്ത് ഇസ്‌ലാം സ്വീകരിച്ചത്. ‘അവിടെ ഇരുന്നപ്പോള്‍ ഒരു ആത്മീയ ഉന്മാദം ബാധിച്ചതുപോലെ തോന്നി. അത് സമ്പൂര്‍ണ നിര്‍വൃതിയും ഹര്‍ഷോന്മാദവും ആയിരുന്നു,’ എന്നാണ് വിവരിക്കുന്നത്.

എം.ടി.വിയുടെ മുന്‍ അവതാരക ക്രിസ്റ്റീന ബക്കറാണ് ഇസ്‌ലാം സ്വീകരിച്ച മറ്റൊരു പ്രമുഖ വനിത. പാകിസ്താന്റെ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാനുമായുള്ള രണ്ടുവര്‍ഷത്തെ സഹവാസമാണ് ഇവരെ ഇസ്‌ലാമിലേക്ക് അടുപ്പിച്ചത്. ഇമ്രാനുമായി പിരിഞ്ഞെങ്കിലും അവര്‍ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുകയും പിന്നീട് മതപരിവര്‍ത്തനം നടത്തുകയുമായിരുന്നു. തന്റെ ജോലിയുടെ ഭാഗമായി ധാരളം യാത്ര ചെയ്യുകയും പ്രഗത്ഭരെ അഭിമുഖം ചെയ്യുകയുമൊക്കെ വേണ്ടിയിരുന്നെങ്കിലും ഉള്ളില്‍ ശൂന്യതയായിരുന്നുവെന്ന് അവര്‍ പറയുന്നു.

ഇപ്പോള്‍ താന്‍ സംതൃപ്തയാണെന്നും തന്റെ ജീവിതത്തിന് ഒരു ലക്ഷ്യം നല്‍കാന്‍ ഇസ്‌ലാമിനായിട്ടുണ്ടെന്നും ബക്കര്‍ പറയുന്നു. കെറന്‍ ആംസ്‌ട്രോങ് പറയുന്നത് ശ്രദ്ധേയമാണ്: ‘പടിഞ്ഞാറുളള നമുക്ക് ഇസ്‌ലാമുമായി പൊരുത്തപ്പെടാന്‍ ഒരിക്കലും സാധിച്ചിട്ടില്ല. അതിനെ കുറിച്ചുള്ള നമ്മുടെ ധാരണകള്‍ അപരിഷ്‌കൃതവുമാണ്. സഹിഷ്ണുതയോടും സഹാനുഭൂതിയോടുമുള്ള നമ്മുടെ പ്രതിജ്ഞാ ബദ്ധതയുമായി പൊരുത്തപ്പെടുന്നതല്ല മുസ്‌ലിം ലോകത്തെ വേദനയോടും ദുരിതത്തോടുമുള്ള നമ്മുടെ മനോഭാവം. ഇസ്‌ലാം അപ്രത്യക്ഷമാവുകയോ കൊഴിഞ്ഞുപോവുകയോ ഇല്ല, അത് ആരോഗ്യകരവും ശക്തവുമായി നിലനിന്നാല്‍ അതുകൊണ്ട് കൂടുതല്‍ പ്രയോജനമുണ്ടാകും. ഇനിയും സമയം വൈകിയിട്ടില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.’

(മുഹമ്മദ്: പ്രവാചകന്റെ ജീവചരിത്രം, പേജ്: 335, കെറന്‍ ആംസ്‌ട്രോങ്.)

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.