
മലപ്പുറം: മണ്ണ് സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ വിവിധ പദ്ധതികള്‍ മണ്ണിന്റെ ഗുണമേന്മവര്ധിപ്പിച്ചതായി റിപ്പോര്‍ട്ട്. മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റേയും തദ്ദേശ സ്ഥാപനങ്ങളുടേയും കീഴില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്‍പും ശേഷവുമുണ്ടായ മാറ്റങ്ങള്‍ താരതമ്യം ചെയ്ത സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
മണ്ണ് സംരക്ഷണത്തിനുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കിയശേഷം വലിയ മാറ്റമാണ് കാര്‍ഷിക രംഗത്തുണ്ടായത്. പദ്ധതിക്ക് ശേഷം തരിശ് ഭൂമിയായി കിടന്നിരുന്ന 16.82 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യാന്‍ തുടങ്ങി. സംസ്ഥാനത്ത് 1264.18 എക്കറിലുണ്ടായിരുന്ന കൃഷി 1327.75 ഏക്കറിലേക്ക് വളര്‍ന്നു. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ മെച്ചപ്പെട്ടത്.
മണ്ണൊലിപ്പ് തടയുന്നതടക്കമുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്‍പ് മലപ്പുറത്ത് കൃഷി നടന്നിരുന്നത് 121.05 ഹെക്ടറിലായിരുന്നു. ഇത് 139.61 ഏക്കറായി വര്‍ധിച്ചു. 18.56 ഹെക്ടറിന്റെ വര്‍ധനവാണ് മലപ്പുറത്ത് മാത്രമുണ്ടായത്. റബ്ബര്‍, കുരുമുളക്, കമുങ്ങ്, കശുവണ്ടി, തെങ്ങ് എന്നീ വിളകളാണ് കൂടുതലായും ഇവിടെ വര്‍ധിച്ചത്. പദ്ധതിക്ക് മുന്‍പ് തൃശൂരില്‍ 103.91,ഉം കോഴിക്കോട് 132,07,ഉം കാസര്‍കോട് 172.58 ഹെക്ടറുകളിലുമായിരുന്നു. എന്നാല്‍ പദ്ധതി നടപ്പാക്കിയശേഷം തൃശൂര്‍ ജില്ലയില്‍ 8.28 ഉം കോഴിക്കോട് 7.20ഉം കാസര്‍കോട് 6.49ഉം വര്‍ധനവുണ്ടായി. തിരുവനന്തപുരത്ത് കപ്പ, വാഴ, ചേമ്പ് എന്നീ വിളകളുടെ ഉല്പാദനത്തില് വര്‍ധനവുണ്ടായി. മണ്ണ് സംരക്ഷണവകുപ്പും വിവിധ ഏജന്‍സികളും അഞ്ചുവര്‍ഷം മുന്‍പ് നടപ്പാക്കിയ 36 പദ്ധതികള്‍ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്.
ഓരോ പദ്ധതിയുടെയും ഗുണഭോക്താക്കളില്‍ നിന്നും 25 പേരെ വീതം തെരെഞ്ഞെടുത്തായിരുന്നു സര്‍വേ. കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും മണ്ണിന്റെയും ജലസ്രോതസ്സുകളുടെയും സംരക്ഷണത്തിന്റെ ഗുണങ്ങള്‍ പരിശീലിപ്പിച്ചതും സംരക്ഷണ പ്രവൃത്തികള്‍ ചെയ്തതുമാണ് ഈ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത്.
ഓരോ ജില്ലയിലും കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികളാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നടപ്പാക്കിയത്. മണ്ണൊലിപ്പ് തടയുന്നതിനും മഴവെള്ളം സംഭരിക്കുന്നതിനുമായി ആരംഭിച്ച പ്രവൃത്തികള്‍ക്ക് മികച്ച പ്രതികരണമാണുണ്ടായത്.
കുളങ്ങളുടെ നവീകരണങ്ങള്‍, മഴക്കുഴികളും തടയണകളും നിര്‍മിക്കല്‍, വൃക്ഷതൈനടീല്‍, പാര്‍ശ്വഭിത്തി സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ വിവിധ ജില്ലകളില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.