2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മണ്ണാര്‍ക്കാട് കാന്തപുരത്തിന്റെ നിലപാട് ഇടതുപക്ഷത്തിന് വിനയായി

മണ്ണാര്‍ക്കാട്: മതചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യുകയും കുപ്രചാരണങ്ങളും ഇടതുപക്ഷത്തിന്റെ മണ്ഡലത്തിലെ വിജയസാധ്യതകള്‍ തീര്‍ത്തും നശിപ്പിച്ചതായാണ് ഇടതുക്യാംപുകള്‍ വിലയിരുത്തുന്നത്. സിറ്റിങ് എം.എല്‍.എ അഡ്വ. എന്‍. ശംസുദ്ദീന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കാതെ ഇരിക്കുന്നതിനിടയിലാണ് ഇടതുപക്ഷത്തിന് കൂനിന്മേല്‍ കുരുവെന്ന പോലെ കാന്തപുരത്തിന്റെ പ്രവര്‍ത്തനം വിനയായിവന്നിരിക്കുന്നത്. 

മുസ്്‌ലിംലീഗ് വിരോധം കാന്തപുരം വിഭാഗത്തിന്റെ ജന്മവൈകല്യമാണ്. കഴിഞ്ഞതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തവരല്ല എ.പി വിഭാഗം. പരമ്പരാഗതമായി ഇടതുപക്ഷത്തിന് ലഭിക്കുന്ന വോട്ടുകള്‍ ഇത്തവണയും ഇടതുപക്ഷത്തിന് ലഭിക്കുമെന്നതില്‍ കവിഞ്ഞ് മറിച്ചൊന്നും സംഭവിക്കില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. കല്ലാംകുഴി കൊലപാതകം സ്വത്ത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കുടുംബ വഴക്കാണ് എന്നത് എല്ലാവര്‍ക്കും അറിയുന്നതാണ്. കൊല്ലപ്പെട്ട പള്ളത്ത് ഹംസയും, നൂറുദ്ദീനും 1998ല്‍ ദാരുണമായി വധിക്കപ്പെട്ട മുഹമ്മദ് വധക്കേസിലെ പ്രതികളാണ്. ഇവരെ പിന്നീട് കോടതി വെറുതെ വിടുകയായിരുന്നു.
ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജലീലിന്റെ പിതാവാണ് 1998ല്‍ കൊല്ലപ്പെട്ട മുഹമ്മദ്. കുടുംബത്തിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങളെ സംഘടനാവത്കരിക്കാന്‍ കാന്തപുരം വിഭാഗം നടത്തിയ നീക്കം വന്‍തിരിച്ചടിയായതായാണ് ഇടതുപാളയത്തിലെ വിലയിരുത്തല്‍. ഭാര്യയെ വീടിനകത്ത് വച്ച് വെട്ടിക്കൊന്ന ശേഷം കുളിമുറിയില്‍ കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച്കത്തിച്ച കേസിലെ പ്രതിയായിരുന്നു അന്ന് ആശുപത്രിയില്‍ അഡ്മിറ്റായ ഇവരുടെ സഹോദരന്‍ എന്നതും ഇടതിന് തിരിച്ചടി ആയിരിക്കയാണ്. തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ നുണപ്രചാരണവുമായി കടന്നു വന്ന കാന്തപുരം പരസ്യപ്രഖ്യാപനം നടത്തി കുടുങ്ങുകയും പരാജയം ഉറപ്പാകുകയും ചെയ്തപ്പോള്‍ വിശുദ്ധഖുര്‍ആന്‍ തൊട്ട് സത്യം ചെയ്യിക്കാന്‍ നടത്തിയ ശ്രമങ്ങളും ഇടതിന് തിരിച്ചടിയായി. ശരീരശുദ്ധി ഇല്ലാത്തവരെ കൊണ്ട് സത്യംചെയ്യിക്കാന്‍ ശ്രമിച്ചത് വ്യാപക പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. അതേസമയം കാന്തപുരത്തിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ അട്ടപ്പാടി പീഡന കേസിലെ പ്രതിയെ സഹായിക്കാത്തതിലുള്ള അമര്‍ഷമാണെന്ന വെളിപ്പെടുത്തല്‍ കാന്തപുരം വിഭാഗത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
തന്നെ തോല്‍പ്പിക്കാന്‍ കാന്തപുരവും സംഘവും ശ്രമിക്കുന്നതിനു പിന്നില്‍ കല്ലാംങ്കുഴിയിലെ സംഭവമല്ല, മറിച്ച് അട്ടപ്പാടിയിലെ പീഡന കേസില്‍ പെട്ട പ്രതിയെ സഹായിക്കാത്തതാണെന്നാണ് എം.എല്‍.എ പറയുന്നത്. ഇത് സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലടങ്ങിയ പ്രഭാഷണത്തിന്റ വീഡിയോ ക്ലിപ്പുകള്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്. ഈ വിവരം പുറത്തായതോടെ പലവീടുകളില്‍ നിന്നും കാന്തപുരം അനുയായികള്‍ക്ക് വിഷയം പ്രതിരോധിക്കാനാകാതെ ഇറങ്ങിപ്പോകേണ്ടി വന്നത് രാഷ്ട്രീയപരമായി ഇടതുപക്ഷത്തിന് വന്‍ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.
മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ തന്നെയുള്ള അട്ടപ്പാടിയില്‍ കാന്തപുരം വിഭാഗത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസുറഹ്മ ഗേള്‍സ് യതീംഖാനയില്‍ സ്ഥാപനമേധാവി കൂടിയായ ഉസ്മാന്‍ സഖാഫി പയ്യനടം 40 പെണ്‍കുട്ടികളെ പീഡിപ്പിച്ചതും ഈ കേസ് ഒതുക്കാന്‍ എം.എല്‍.എയോട് സഹായം തേടിയ സംഭവവും ഇതും സംബന്ധിച്ച വാര്‍ത്തകളും പ്രതികരണവുമാണിപ്പോള്‍ സോഷ്യല്‍മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നത്.
എല്ലാ സമൂഹവും ഒരുമിച്ച് എതിര്‍ത്ത ഈ സംഭവത്തെ സപ്പോര്‍ട്ട് ചെയ്യാനോ അതിന്റെ ശിക്ഷ ലഘൂകരിക്കാനോ തനിക്കാവില്ലെന്നും അതിന് തന്റെ സഹായമുണ്ടാവില്ലെന്നും താന്‍ വ്യക്തമാക്കിയിരുന്നതായും ഇതില്‍ കാന്തപുരം വിഭാഗത്തിന് തന്നോട് ശക്തമായ പ്രതിഷേധമുണ്ടായിരുന്നതായും അദേഹം പ്രഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സമുദായത്തിലും സമൂഹത്തിലും തങ്ങളുടെ ഇമേജ് തകര്‍ക്കുന്ന ഈ സംഭവം ഒതുക്കി തീര്‍ക്കാന്‍ സഹായിക്കാത്തതിലുള്ള ഈര്‍ഷ്യ പലപ്പോഴും കാന്തപുരം വിഭാഗം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, പൊലിസ് കേസന്വേഷണം ഊര്‍ജിതമാക്കുകയും ഒളിവില്‍ പോയ പ്രതി ഉസ്മാന്‍ സഖാഫിക്ക് വേണ്ടി പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് 2014 മെയ് 4ന് കോയമ്ബത്തൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് സഖാഫിയെ പൊലിസ് പിടികൂടി അറസ്റ്റ് ചെയ്തത്.
ഇതിനിടയില്‍ പലപ്പോഴും പ്രതിയെ സഹായിക്കാനും കേസ് ഒതുക്കിതീര്‍ക്കാനും കാന്തപുരം വിഭാഗം എം.എല്‍.എയുടെ സഹായം തേടിയിരുന്നെങ്കിലും എം.എല്‍.എ അത് നിരാകരിക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. മാത്രവുമല്ല, ഇനിയും ശംസുദ്ധീന്‍ ഇതേ മണ്ഡലത്തില്‍ വിജയിച്ചാല്‍ പീഢന കേസിലെ പ്രതിയെ രക്ഷിക്കാനോ കേസ് അവസാനിപ്പിക്കാനോ കഴിയില്ലെന്ന് കാന്തപുരം വിഭാഗത്തിന് നന്നായി ബോധ്യവുമുണ്ട്. അതുകൊണ്ട് കൂടിയാണ് ശംസുദ്ധീന്‍ ജയിക്കരുതെന്ന് കാന്തപുരം വിഭാഗത്തിന് നിര്‍ബന്ധമുള്ളത്.
സമൂഹത്തിലും സമുദായത്തിലും മാനക്കേട് ഉണ്ടാക്കിയ യതീംഖാനയിലെ പീഡന സംഭവം വീണ്ടും പ്രചരിക്കപ്പെടുമെന്ന് ഭയന്നാണ് ചില പ്രാദേശിക നേതാക്കളുടെ ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങി തൊട്ടടുത്ത മണ്ഡലത്തിലെ ഇരട്ട ക്കൊലപാതക സംഭവത്തിന്റെ പേരില്‍ ശംസുദ്ധീനെ തോല്‍പ്പിക്കണമെന്ന് കാന്തപുരം വിഭാഗം പ്രസ്താവിച്ചതെന്നും സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോയോടൊപ്പമുള്ള വിശദീകരണത്തിലുണ്ട്.
അട്ടപ്പാടിയിലെ പീഡന കേസിനൊപ്പം തൊട്ടടുത്ത പ്രദേശമായ മുണ്ടേക്കരാടില്‍ കാന്തപുരം വിഭാഗം നടത്തിയ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുക്കാത്തതിലും അവര്‍ക്ക് തന്നോട് പ്രതികാരമുള്ളതായും ശംസുദ്ധീന്‍ എം.എല്‍.എ തന്റെ പ്രഭാഷണത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം കൊക്കിന് വെച്ചത് ചക്കിന് കൊണ്ട ദുരവസ്ഥയിലാണിപ്പോള്‍ കാന്തപുരം വിഭാഗം. അട്ടപ്പാടി വിഷയം റിപ്പോര്‍ട്ട് ചെയ്ത ചാനല്‍ ചാനല്‍ വാര്‍ത്തകളും പത്രകട്ടിംഗുകളും കൂടി വ്യാപകമായതോടെ മണ്ഡലത്തിലെ കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
ഇതിനിടെ കല്ലാംകുഴി കൊലപാതകത്തിന്റെ പേരില്‍ കാന്തപുരം വിഭാഗത്തിലെ ചില നേതാക്കള്‍ നടത്തുന്നത് കുപ്രചരണമാണെന്നും കൊലനടത്തിയതും സഹായിച്ചതും മുസ്‌ലിം ലീഗുകാരാണെന്നത് കേവലം വില കുറഞ്ഞ ആരോപണമാണെന്നും ഈയിടെ കാന്തപുരം വിഭാഗം വിട്ടവര്‍ ആക്ഷേപമുയര്‍ത്തിയത് കാന്തപുരത്തിന് തലവേദനയായി. അവരുടെ ഈ ആരോപണത്തില്‍ തെല്ലെങ്കിലും ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ സംഭവം നടന്നതിനു ശേഷം ഒരിക്കല്‍ പോലും മുസ്‌ലിം ലീഗിനെ പുകഴ്ത്തുകയോ നേതാക്കളെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് അടുപ്പിക്കുകയോ ചെയ്യരുതായിരുന്നു.
എന്നു മാത്രമല്ല, കല്ലാംകുഴി കൊലപാതകം നടന്നത് 2013 നവന്പര്‍. 20 നായിരുന്നു. എന്നിട്ടും 2013 നവംബര്‍ 28ന് നാദാപുരത്ത് വെച്ച് പേരോട് അബ്ദുറഹ്മാന്‍ സഖാഫി അടക്കമുള്ളവര്‍ ലീഗിനെ വാഴ്ത്തി ദീര്‍ഘമായി പ്രസംഗിച്ചതിന്റെ രേഖകളും സോഷ്യല്‍മീഡിയകളില്‍ വൈറലാണ്.
ചുരുക്കത്തില്‍ മതവിശ്വാസത്തോടുള്ള കൂറോ ആദരവോ അല്ല, പക്ഷപാതപരമായ രാഷ്ട്രീയ വിരോധമാണ് കാന്തപുരം സുന്നികളുടെ നീക്കത്തിന് പിന്നില്‍ എന്ന് വ്യക്തമായിരിക്കയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.