2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മണിയെ തള്ളി സ്പീക്കർ, ‘വിധി’ തിരുത്തി മണി

പ്രത്യേക ലേഖകൻ
തിരുവനന്തപുരം • കെ.കെ രമ എം.എൽ.എയ്‌ക്കെതിരായ ‘വിധി’ പരാമർശം നിയമസഭയിൽ പിൻവലിച്ച് എം.എം മണി. ഇന്നലെ സ്പീക്കർ എം.ബി രാജേഷിന്റെ റൂളിങ്ങിനെ തുടർന്നായിരുന്നു ഇത്. രമ വിധവയായത് അവരുടെ വിധിയെന്നാണ് കഴിഞ്ഞ 14ന് മണി സഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെ പറഞ്ഞത്. പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും മണി പരാമർശത്തിൽ നിന്നു പിന്മാറിയിരുന്നില്ല.
സ്വയം തിരുത്തലും നവീകരണവും അംഗങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകണമെന്ന് പരാമർശം പരിശോധിച്ച സ്പീക്കർ പറഞ്ഞു. മണിയുടെ പ്രസംഗത്തിൽ തെറ്റായ ഒരു ആശയം അന്തർലീനമായിട്ടുണ്ടെന്നുതന്നെയാണ് അഭിപ്രായം. പരാമർശം പുരോഗമനപരമായ മൂല്യബോധവുമായി ചേർന്നുപോകുന്നതല്ല. പിൻവലിക്കുമെന്നാണ് കരുതുന്നതെന്നും സ്പീക്കർ പറഞ്ഞു.
ഇതിന് പിന്നാലെയാണ് പരാമർശം പിൻവലിക്കുന്നതായി മണി അറിയിച്ചത്. പ്രസംഗത്തിൽ ഉദ്ദേശ്യശുദ്ധി വ്യക്തമാക്കാൻ ശ്രമിച്ചെങ്കിലും അന്ന് അത് ബഹളത്തിൽ മുങ്ങിപ്പോയി. അത് അവരുടേതായ വിധി എന്നു പറഞ്ഞിരുന്നു. ഒരു കമ്യൂണിസ്റ്റായ താൻ അങ്ങനെ പറയരുതായിരുന്നു, ഒഴിവാക്കണമായിരുന്നു. പരാമർശം പിൻവലിക്കുന്നതായും മണി പറഞ്ഞു.
മണിയെ നിലയ്ക്കുനിർത്തണമെന്ന സി.പി.ഐ ആവശ്യംപരിഗണിച്ച് സി.പി.എം പാർട്ടി നിർദേശപ്രകാരമാണ് പരാമർശം പിൻവലിച്ചതെന്നാണ് സൂചന.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.