
ദോഹ: ഗോളടി മേളത്തോടെ ഖത്തറില്‍ അരങ്ങേറിയ കാളകൂറ്റന്മാര്ക്ക് യാസിന് ബോണോ എന്ന മൊറോക്കന്‍ ഗോള്‍ കീപ്പര്‍ മടക്ക ടിക്കറ്റ് സമ്മാനിച്ചു.
36 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രീക്വാര്‍ട്ടറിലെത്തിയത് വെറും കയ്യോടെ മടങ്ങാനല്ലെന്ന് വാലിദ് റെഗ്രാഗുയുടെ മൊറോക്കന്‍ സംഘം പ്രഖ്യാപിച്ച പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സ്പെയിനിന്റെ പരാജയം. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ രഹിത സമനിലയിലായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ എടുത്ത മൂന്ന് കിക്കും പാഴാക്കിയാണ് സ്പെയിന് പുറത്തേക്ക് നടന്നത്. സ്പെയിനിനായി കിക്കെടുത്ത പാബ്ലോ സാറാബിയയുടെ കിക്ക് പുറത്തേക്ക് കാര്‍ലോസ് സോളറിന്റെയും നായകന് ബുസ്കെറ്റ്സിന്റെയും കിക്ക് യാസിന് ബോണോ തടുത്തിട്ടു. മൊറോക്കോക്കായി കിക്കെടുത്ത അബ്ദല്‍ ഹാമിദ് സാബിരി, ഹക്കിം സിയെച്ച്, അഷ്റഫ് ഹക്കീമി എന്നിവര്‍ അനായാസം വലകുലുക്കിയപ്പോള്‍ ബദ്ര് ബെനോന്റെ കിക്ക് സ്പെയിന് കീപ്പര്‍ സിമോണ്‍ തടുത്തു.
മത്സരത്തില്‍ 77 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ച സ്പെയിനിന് മൊറോക്കന്‍ പ്രതിരോധത്തെ മറികടക്കാന്‍ സാധിച്ചില്ല. മത്സരത്തില്‍ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് മാത്രമാണ് എന്റിക്വെയുടെ സംഘത്തിന് തൊടുക്കാനായത്. കൗണ്ടര്‍ അറ്റാക്കിലൂടെ പലപ്പോഴും മൊറോക്കന്‍ മുന്നേറ്റം സ്പെയിനിനെ ഞെട്ടിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
84ാം മിനുട്ടില്‍ പ്രതിരോധ താരം നയെഫ് അഗ്വേര്‍ഡ് പരുക്കേറ്റ് മടങ്ങിയത് മൊറോക്കോക്ക് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും അധികം സമയം കഴിയുന്നത് വരെ മൊറോക്കന്‍ മതില് കുലുങ്ങിയില്ല.
എക്സട്രാ ടൈമില്‍ വാലിദ് ചെഡ്ഡിര മികച്ച മികച്ച രണ്ട് അവസരങ്ങള്‍ പാഴാക്കുകയും ചെയ്തു.
അധിക സമയത്തിന്റെ അവസാന നിമിഷത്തില്‍ സ്പെയിനിന്റെ പാബ്ലോ സാറാബിയയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതോടെ മത്സരം പെനാല് ഷൂട്ടൗട്ടിലേക്ക് നീണ്ടു.
Comments are closed for this post.