2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മക്ക മസ്ജിദ് സ്‌ഫോടനം: ഹിന്ദുത്വ ഭീകരതയ്ക്ക് കൈകഴുകാനാകുമോ?

പത്തു വര്‍ഷം പിന്നിട്ട സംഭവം തേച്ചുമായ്ച്ചു കളയുക വഴി ഹിന്ദുത്വ ഭീകരതയെ പാലൂട്ടാന്‍ മാത്രമേ ഈ വിധി സഹായിക്കുകയുള്ളൂ. ജീവഹാനി വരുത്തുകയും പള്ളിക്ക് നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുക വഴി രാജ്യത്തെ മുസ്‌ലിം-ഹിന്ദു സൗഹൃദം തകര്‍ക്കാന്‍ ശ്രമിച്ച സംഭവം രാജ്യത്തിന്റെ നീതിന്യായ രംഗം ഗൗരവത്തോടെ കാണേണ്ടതും കുറ്റവാളികളെ എന്തു വിലകൊടുത്തും നിയമത്തിനു മുമ്പില്‍ കൊണ്ടു വരേണ്ടതുമായിരുന്നു. ഹിന്ദുത്വ ഭീകര സംഘടനകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കെ അക്കാര്യം എങ്ങനെയെന്ന് തെളിയിക്കല്‍ കോടതിയുടെ കടമയാണ്. പകരം, കുറ്റാരോപിതരെ വെറുതെ വിട്ട് രാജ്യത്തിന്റെ അഖണ്ഠതയെ തകര്‍ക്കുന്ന ഘടകങ്ങള്‍ക്ക് ശക്തി പകരുന്നത് ഒരിക്കലും നല്ലതിനായിരിക്കില്ല. ഹിന്ദുത്വ ഭീകര സംഘടനകള്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ധൃഷ്ടരാവാനേ ഇത് സഹായകമാവുകയുള്ളൂ.

ഡോ. മോയിന്‍ മലയമ്മ

ഒടുവില്‍ പത്തു വര്‍ഷത്തിനു ശേഷം ആ വിധി വന്നു. ഒമ്പത് പേര്‍ ദാരുണമായി വധിക്കപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടന കേസിലെ, രാജ്യം കാത്തുനിന്ന വിധി. ഹിന്ദുത്വ ഭീകര സംഘടനകള്‍ക്ക് ക്ലീന്‍ ചിറ്റ് കൊടുക്കുന്ന വിധി.

2007 മെയ് 18നാണ് രാജ്യത്തെ നടുക്കിയ മക്ക മസ്ജിദ് സ്‌ഫോടനമുണ്ടാകുന്നത്. രാജ്യത്തെ പ്രമുഖ മുസ്‌ലിം പള്ളിയായ ഹൈദരാബാദിലെ ചാര്‍മിനാര്‍ പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കരിച്ചുകൊണ്ടിരിക്കെയായിരുന്നു ഈ സ്‌ഫോടനം. അനവധി വിലപ്പെട്ട ജീവനുകള്‍ അപഹരിക്കുകയും അനവധി പേരെ വേദനകളിലേക്ക് തള്ളിവിടുകയും ചെയ്ത പ്രസ്തുത സംഭവം രാജ്യത്ത് വലിയ കോളിളക്കങ്ങളുണ്ടാക്കിയിരുന്നു.

രാജ്യത്തെ ജനങ്ങളുടെ അഖണ്ഡത തകര്‍ക്കുന്നതിന് ചില ഭീകര ക്ഷുദ്ര സംഘടനകള്‍ ഒപ്പിച്ചെടുത്ത സംഭവമായിരുന്നു ഇതെന്ന് നേരത്തെതന്നെ നിരീക്ഷിക്കപ്പെട്ടിരുന്നു. ഹൈദരാബാദ് പോലെയുള്ള, മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശത്ത്, ചരിത്ര പ്രസിദ്ധമായ മുസ്‌ലിം പള്ളി, വെള്ളിയാഴ്ച ദിവസം ആക്രമിക്കാന്‍ ധൈര്യം കാണിക്കുന്നത് തീര്‍ച്ചയായും അവര്‍ക്കിടയില്‍ ഛിദ്രത സൃഷ്ടിക്കാനും അതിനിടയിലൂടെ കാര്യലാഭം നേടാനുമായിരുന്നു. കാലങ്ങളായി അവര്‍ കാത്തുവച്ച ഒരു അജണ്ടയാണ് ഇതിലൂടെ നടത്തപ്പെട്ടത്.

ആദ്യം ലോക്കല്‍ പൊലിസിനായിരുന്നു അന്വേഷണ ചുമതല. പിന്നീട് കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. സി.ബി.ഐ കുറ്റ പത്രം കൈമാറിയ കേസ് 2011ല്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഏറ്റെടുത്തു. ലഷ്‌കറെ ത്വയ്ബ പോലെയുള്ള സംഘടനകളാണ് ഇതിനു പിന്നിലെന്നായിരുന്നു തുടക്കത്തില്‍ ചിലരുടെ ആരോപണം.
എന്നാല്‍, ആഴത്തിലുള്ള അന്വേഷണത്തിനൊടുവില്‍ എന്‍.ഐ.എ ആണ് സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദുത്വ ഭീകര സംഘടനകളാണെന്ന വിവരം പുറത്തുകൊണ്ടുവന്നിരുന്നത്. അതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ എട്ടു പ്രതികള്‍ പിടിക്കപ്പെട്ടു. എല്ലാവരും ഹിന്ദുത്വ ഭീകര സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരോ സഹകരിക്കുന്നവരോ ആയിരുന്നു. സ്വാമി അസിമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍, രാജേന്ദ്ര ചൗധരി തുടങ്ങിയവരായിരുന്നു അതില്‍ പ്രധാനപ്പെട്ട ചിലര്‍. കുറ്റാരോപിതനായ സന്ദീപ് വിദാങ്കെ, രാംചന്ദ്ര കല്‍സങ്ക്ര എന്നിവര്‍ ഒളിവിലായതിനാല്‍ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. കേസിലെ മറ്റൊരു പ്രതിയായ ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷി വിചാരണക്കിടയില്‍ കൊല്ലപ്പെടുകയും ചെയ്തു.
എന്നാല്‍, രാജ്യത്തെ ന്യൂനപക്ഷങ്ങളെ അവമതിക്കുംവിധത്തിലാണ് ഇപ്പോള്‍ കേസിലെ വിധി പുറത്ത് വന്നിരിക്കുന്നത്. പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളില്ല എന്ന വ്യാജേന പ്രതികളെയെല്ലാം വെറുതെ വിട്ടുകൊണ്ടാണ് ഹൈദരാബാദ് പ്രത്യേക എന്‍.ഐ.എ കോടതി വിധി.

പത്തു വര്‍ഷം പിന്നിട്ട സംഭവം തേച്ചുമായ്ച്ചു കളയുക വഴി ഹിന്ദുത്വ ഭീകരതയെ പാലൂട്ടാന്‍ മാത്രമേ ഈ വിധി സഹായിക്കുകയുള്ളൂ. ജീവഹാനി വരുത്തുകയും പള്ളിക്ക് നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുക വഴി രാജ്യത്തെ മുസ്‌ലിം-ഹിന്ദു സൗഹൃദം തകര്‍ക്കാന്‍ ശ്രമിച്ച സംഭവം രാജ്യത്തിന്റെ നീതിന്യായ രംഗം ഗൗരവത്തോടെ കാണേണ്ടതും കുറ്റവാളികളെ എന്തു വിലകൊടുത്തും നിയമത്തിനു മുമ്പില്‍ കൊണ്ടു വരേണ്ടതുമായിരുന്നു. ഹിന്ദുത്വ ഭീകര സംഘടനകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കെ അക്കാര്യം എങ്ങനെയെന്ന് തെളിയിക്കല്‍ കോടതിയുടെ കടമയാണ്. പകരം, കുറ്റാരോപിതരെ വെറുതെ വിട്ട് രാജ്യത്തിന്റെ അഖണ്ഠതയെ തകര്‍ക്കുന്ന ഘടകങ്ങള്‍ക്ക് ശക്തി പകരുന്നത് ഒരിക്കലും നല്ലതിനായിരിക്കില്ല. ഹിന്ദുത്വ ഭീകര സംഘടനകള്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ധൃഷ്ടരാവാനേ ഇത് സഹായകമാവുകയുള്ളൂ.
ഏതായാലും, സ്വാമി അസിമാനന്ദക്കും ഹിന്ദുത്വ ഭീകര സംഘടനകള്‍ക്കും ഈ കൊടിയ പാതകത്തില്‍നിന്ന് ഒരിക്കലും കൈ കഴുകാന്‍ സാധിക്കില്ല. അന്വേഷണങ്ങള്‍ ആഴത്തില്‍ നടക്കുകയും ഇതിലെ യഥാര്‍ഥ കുറ്റവാളികളെ മറ നീക്കി പുറത്തുകൊണ്ടുവരികയും ഭരണ കൂടംചെയ്യേണ്ടതുണ്ട് . അവരെ തിരശ്ശീലക്കു പിന്നില്‍ നിര്‍ത്താനുള്ള ശ്രമം രാജ്യത്തിന്റെ മതേതര ആത്മാവിനോടു ചെയ്യുന്ന കൊടിയ പാതകമാണ്.

Advt.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.