2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മക്കളെ ദാരിദ്ര്യത്തില്‍ വിടില്ല; അവര്‍ക്കും വ്യവസായങ്ങള്‍ വേണം: ലാലു

പട്‌ന: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരേ 500 കോടി രൂപയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണം. മക്കളുടെ പേരില്‍ വാങ്ങിയ ഭൂമിയില്‍ വന്‍മുതല്‍മുടക്കില്‍ മാള്‍ പണിയാനുള്ള തീരുമാനമുണ്ടായ സാഹചര്യത്തിലാണ് ലാലുവിനെതിരേ ആരോപണം ഉയര്‍ന്നത്.
അതേസമയം മക്കളെ ദാരിദ്ര്യത്തില്‍ മരിക്കാന്‍ വിടില്ലെന്നും അവര്‍ക്കും വ്യവസായങ്ങള്‍ വേണമെന്നുമാണ് ആരോപണത്തിന് മറുപടിയായി ആര്‍.ജെ.ഡി അധ്യക്ഷന്‍ മുന്നോട്ടുവച്ച ന്യായം.
പട്‌നയില്‍ 60 കോടി രൂപ വരുന്ന രണ്ട് ഏക്കര്‍ ഭൂമി മക്കളായ തേജ് പ്രതാപ്, തേജസ്വി യാദവ്, ഭാര്യ റാബ്‌റി ദേവി എന്നിവരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ ഭൂമിയില്‍ ബിഹാറിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് ലാലു. 500 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ പകുതി ഓഹരി മാത്രമേ തങ്ങള്‍ക്കുള്ളു എന്നും പകുതി പാര്‍ട്ടിയുടെ നിയമസഭാംഗത്തിന്റെതാണെന്നും ലാലു പ്രസാദ് വ്യക്തമാക്കി.
എല്ലാ ആരോപണവും തനിക്കും കുടുംബത്തിനുമെതിരായാണ്. ഇതെല്ലാം അടിസ്ഥാന രഹിതമാണ്. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിയമവിധേയമായിട്ടാണ് പൂര്‍ത്തീകരിച്ചത്-ലാലു പറഞ്ഞു.
അതേസമയം 2008 ല്‍ ലാലു പ്രസാദ് റെയില്‍വെ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്ത് സ്വന്തമാക്കിയതാണ് പട്‌നയിലെ ഭൂമിയെന്ന് ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി ആരോപിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.