
സ്വന്തവും ബന്ധവുമൊക്കെ ഭാരമാകുന്ന കാലത്താണ് ഗോമതിയെന്ന ഒരമ്മ ഒന്നര ദശകമായി മാനസികരോഗിയായ മകനുവേണ്ടി മാത്രം ജീവിക്കുന്നത്. സന്തോഷമെന്തെന്ന് അറിയാതെ, ഒരു നിമിഷം പോലും ശരിയായ സുഖമനുഭവിക്കാതെ മകനെച്ചൊല്ലി കഷ്ടപ്പാടുകള്‍ താണ്ടുകയാണ് ആ അമ്മ. ഇത്തരം ഘട്ടങ്ങളില്‍ മക്കളെന്നോ മാതാപിതാക്കളെന്നോ വ്യത്യാസമില്ലാതെ ജീവിതത്തെ പഴിച്ചും പ്രാകിയും പോരെങ്കില്‍ ഇട്ടെറിഞ്ഞും സ്വന്തം കാര്യങ്ങളിലേക്ക് ഉള്‍വലിയുന്ന അറപ്പിന്റെയും മടുപ്പിന്റെയും ഭാവങ്ങളും രീതിയുമാണു സമൂഹത്തില്‍ മിക്കവരും അവലംഭിക്കുന്നത്. അത് എത്ര തന്നെ നമ്മുടെ സ്വന്തവും ബന്ധവുമാണെങ്കില് പോലും നമ്മുടെയൊക്കെ ക്ഷമക്കും സഹനത്തിനും പരിമിതികളുണ്ടാവുന്നു. അസഹ്യതയുടെ രൂക്ഷതയാണ് അത്തരം അവസരങ്ങളില്‍ പലര്ക്കുംഅനുഭപ്പെടുന്നത്.
എന്നാല്‍ തന്റെ മകന് വിനോദിനെ ചേര്‍ത്തുപിടിച്ച് കൊണ്ട് ഗോമതിയമ്മ വിളംബരം ചെയ്യുന്നത് ഒന്നും തിരിച്ച് ലഭിക്കാനില്ലെങ്കിലും നമ്മുടെ മക്കള്‍ നമ്മുടേതു മാത്രമല്ലേ എന്ന യാഥാര്‍ഥ്യമാണ്. ‘എനിക്കെന്ത് കിട്ടും’ എന്നതിനനുസരിച്ചാണ് ആധുനികബന്ധങ്ങളുടെ ശക്തിയും മൂല്യവും കണക്കാക്കുന്നത്. എന്നാല്‍ ബന്ധങ്ങള്‍ക്കു വിലയിടുന്ന ആധുനിക സമൂഹത്തിന് ഗോമതിയമ്മ പകര്ന്നുനല്കുന്നത് വലിയ പാഠങ്ങളും മൂല്യങ്ങളുമാണ്. ഗോമയിടുടെ വേറിട്ട ജീവിതം പരിചയപ്പെടുത്തിയ ലേഖകന്‍ ആദില്‍ ആറാട്ടുപുഴയ്ക്കും ‘ഞായര്‍ പ്രഭാത’ത്തിനും അഭിനന്ദനങ്ങള്‍.
കെ.ടി സൈദലവി വിളയൂര്‍