2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

മഅ്ദനിക്കുവേണ്ടി
ശബ്ദം ഉയരണം


   

 


ബംഗളൂരു സ്‌ഫോടനക്കേസിൽ 31ാം പ്രതി പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യം അങ്ങേയറ്റം വഷളായിരുക്കുകയാണ്. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കണമെന്ന ആവശ്യമുയർത്തി വലിയ തോതിൽ കാംപയിൻ നടന്നുകൊണ്ടിരിക്കുന്നത് ഭരണകൂടത്തിന് കണ്ടില്ലെന്ന് നടിക്കാനാകില്ല. സുപ്രിംകോടതി 2014ൽ മഅ്ദനിക്ക് ജാമ്യം നൽകിയെങ്കിലും കടുത്ത വ്യവസ്ഥകളുള്ളതിനാൽ മഅ്ദനി ഇപ്പോഴും ബംഗളൂരു നഗരപരിധിയിലുള്ള ആശുപത്രിയിൽ കഴിയുകയാണ്. ജാമ്യം നൽകുമ്പോൾ നാലുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് കർണാടക സർക്കാരിനോട് സുപ്രിംകോടതി പ്രത്യേകം ആവശ്യപ്പെട്ടെങ്കിലും ഒമ്പത് വർഷമായിട്ടും കേസ് ഇഴഞ്ഞുനീങ്ങുകയാണ്. കർണാടകയിലെ ബി.ജെ.പി ഭരണകൂടം കേസ് സാവകാശമാക്കുന്നുവെന്ന് പറയുന്നതാകും ശരി.


1992 ഓഗസ്റ്റിൽ ആർ.എസ്.എസ് പ്രവർത്തകർ ബോംബെറിഞ്ഞതിനെത്തുടർന്ന് മഅ്ദനിക്ക് ഒരു കാൽ നഷ്ടമായിട്ടുണ്ട്. ബാബരി മസ്ജിദ് സംഘ്പരിവാർ തകർത്തതിന് പിന്നാലെയാണ് മഅ്ദനി പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി (പി.ഡി.പി) സ്ഥാപിച്ചത്. പിന്നീടുള്ള കാലമത്രയും ഒറ്റക്കാലിൽ സഞ്ചരിച്ച് കേരളത്തിലും പുറത്തും അദ്ദേഹം പ്രഭാഷണങ്ങൾ നടത്തി. മഅ്ദനിയെന്നു കേൾക്കുമ്പോൾ ആരോഗ്യവാനായ വ്യക്തിയുടെ രൂപമാണ് പൊതുവേ ഓർമവരിക. എന്നാലിപ്പോൾ ആ മഅ്ദനിയില്ല. ഇടറിയ ശബ്ദമുള്ള, മെലിഞ്ഞുണങ്ങിയ ആരോഗ്യം ക്ഷയിച്ച് അവശനായ മഅ്ദനിയുടെ ചിത്രമാണ് പുറത്തുവരുന്നത്.


പി.ഡി.പി രൂപീകരിച്ച് മഅ്ദനി കേരളാ രാഷ്ട്രീയത്തിൽ സജീവമായിക്കൊണ്ടിരിക്കെയാണ് കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പ്രതിചേർത്തതിനെത്തുടർന്ന് 1998ൽ അദ്ദേഹം അറസ്റ്റിലാകുന്നത്. പ്രകോപനപരമായി പ്രസംഗിച്ചെന്ന പരാതിയിൽ കേരളാ പോലിസാണ് അറസ്റ്റുചെയ്തതെങ്കിലും ബോംബ് സ്‌ഫോടനക്കേസ് കൂടി ചാർത്തി കോയമ്പത്തൂരിലേക്ക് മാറ്റി. നീണ്ട ഒമ്പതരവർഷം വിചാരണത്തടവുകാരനായി കഴിഞ്ഞ അദ്ദേഹത്തിന് 2007ലാണ് മോചനം സാധ്യമായത്. അപ്പോഴേക്കും ആരോഗ്യം ക്ഷയിക്കുകയും വിവിധ രോഗങ്ങൾ അലട്ടാൻ തുടങ്ങുകയുംചെയ്തു. യൗവനത്തിന്റെ നല്ല കാലം അഴിക്കുള്ളിൽ ചെലവഴിക്കേണ്ടിയും വന്നു.


ജയിലിൽ നിന്നിറങ്ങിയ മഅ്ദനി പൊതുപ്രവർത്തനത്തിൽ സജീവമായിരിക്കെയാണ് 2008ലെ ബംഗളൂരു സ്‌ഫോടനക്കേസിൽ പ്രതിചേർത്ത് അദ്ദേഹത്തെ 2010ൽ ജയിലിലടച്ചത്. തീർത്തും കെട്ടിച്ചമച്ച ആരോപണങ്ങളുടെയും വ്യാജ സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് മഅ്ദനിയെ ബംഗളൂരു കേസിൽ കുടുക്കിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മഅ്ദനിയെ കുടുക്കുന്നതിനുവേണ്ടി എങ്ങനെയാണ് വ്യാജ സാക്ഷിമൊഴിയുണ്ടാക്കിയതെന്ന് പുറത്തുകൊണ്ടുവന്ന തെഹൽക്കയുടെ ലേഖികയെയും വ്യാജ കേസുകളിൽ കുടുക്കാൻ ശ്രമമുണ്ടായി. അതായത് മഅ്ദനി നിരന്തരം ജയിലിൽ കിടക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു ഭരണകൂടമാണ് ഇവിടെയുള്ളതെന്നർഥം.


ബംഗളൂരു കേസിലെ 31 ാം പ്രതിയായ മഅ്ദനിയും മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി സാധ്വി പ്രഗ്യാസിങ്ങും ഇന്ത്യയിൽ ആഴത്തിൽ സ്ഥാപനവൽക്കരിക്കപ്പെട്ട വിവേചനത്തിന്റെ രണ്ട് മുഖങ്ങളാണ്. ബംഗളൂരു വിടരുതെന്നതായിരുന്നു മഅ്ദനിക്ക് ജാമ്യം നൽകുമ്പോൾ കോടതി മുന്നോട്ടുവച്ച ഒരു വ്യവസ്ഥ. എന്നാൽ ജാമ്യം നൽകുമ്പോൾ പ്രഗ്യാസിങ്ങിന് അത്തരം വ്യവസ്ഥവച്ചിരുന്നില്ല. പ്രഗ്യാസിങ് ജാമ്യത്തിലിറങ്ങി പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു.


2008ലെ റമദാൻ മാസത്തിൽ മുസ്‌ലിം ഭൂരിപക്ഷമായ മലേഗാവിൽ വിശ്വാസികൾ നോമ്പ് തുറക്കാനായി പള്ളിയിൽ ഒത്തുകൂടിയപ്പോഴായിരുന്നു സ്‌ഫോടനം നടത്തിയത്. തെളിവുകളെല്ലാം എതിരായിട്ടും പ്രഗ്യാസിങ് ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യൻ പാർലമെന്റിലെ അംഗമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ഭൂരിപക്ഷത്തോടെ വിജയിച്ച സ്ഥാനാർഥികളിലൊരാൾ കൂടിയാണ് പ്രഗ്യ. മൂന്നരലക്ഷത്തിലേറെ വോട്ടുകൾക്കാണ് അവർ ഭോപ്പാലിൽ വിജയിച്ചത്. അജ്മീർ ദർഗയിലുണ്ടായ സ്‌ഫോടനക്കേസിലും പ്രഗ്യാസിങ് ആരോപണവിധേയയാണ്. പ്രഗ്യാസിങ്ങിനൊപ്പം ഈ കേസുകളിൽ കൂട്ടുപ്രതികളായവരിൽ ഒരാൾ ലഫ്റ്റനന്റ് കേണൽ പദവിയുള്ള പ്രസാദ് പുരോഹിതാണ്. അയാളെ ഇന്ത്യൻ സർക്കാർ വീണ്ടും സർവിസിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, മഅ്ദനിയെ ക്രൂരമായാണ് നേരിട്ടത്. വിചാരണത്തടവുകാർക്ക് ലഭിക്കേണ്ട സാമാന്യനീതിപോലും മഅ്ദനിക്ക് കിട്ടിയില്ല.


പ്രമേഹവും ഷുഗറും മഅ്ദനിയെ അലട്ടുന്നുണ്ട്. അതിന് പുറമെ കൈകാലുകൾക്ക് തളർച്ച നേരിടുകയാണ്. തലച്ചേറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞുപോവുന്നു. വൃക്കകളുടെ പ്രവർത്തനവും ആശ്വാസകരമല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ജാമ്യത്തിൽ ഇളവ് തേടി അദ്ദേഹം നൽകിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഹോളി അവധി കഴിഞ്ഞ് കേസ് പരിഗണിക്കാനിരിക്കുകയാണ് കോടതി. അടിയന്തര ശസ്ത്രക്രിയയും വിദഗ്ധ ചികിത്സയും ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാകുമെന്ന കാര്യത്തിൽ സംശയമില്ല.


മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടച്ച ഫാദർ സ്റ്റാൻ സ്വാമിയെന്ന 84 കാരൻ വയോധികൻ തടവറയിൽവച്ചാണ് മരിച്ചത്. പരസഹായമില്ലാതെ സഞ്ചരിക്കാൻ പോലും കഴിയാതിരുന്ന സ്റ്റാൻ സ്വാമി അവസാനം വെന്റിലേറ്ററിലായിട്ടുകൂടി ഇന്ത്യൻ ഭരണകൂടം ആ വൈദികനോട് കരുണകാണിച്ചില്ല. ഈ കാരുണ്യമില്ലായ്മയെ യു.എന്നും മറ്റ് രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും കടുത്ത ഭാഷയിലാണ് അപലപിച്ചത്. ഇനിയും ഒരു സ്റ്റാൻ സ്വാമി ഉണ്ടാകരുത്. ഈ അവസാന സമയത്തെങ്കിലും മഅ്ദനിയോട് ഭരണകൂടവും ജുഡീഷ്യറിയും നീതി പാലിക്കേണ്ടിയിരിക്കുന്നു, കാരുണ്യം കാണിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടി കൂടുതൽ ശബ്ദം പൊതുസമൂഹത്തിൽനിന്ന് ഉയരേണ്ടതുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.