2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ഭ്രാന്തന്‍ നടപടിക്ക് താല്‍ക്കാലിക പ്രഹരം


അഭയാര്‍ഥികളെയും ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരേയും അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞദിവസം പ്രസിഡന്റ് ട്രംപ് പുറപ്പെടുവിപ്പിച്ച ഉത്തരവില്‍ വിമാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കുള്ള വിലക്കിന് അമേരിക്കയിലെ ഫെഡറല്‍ കോടതി താല്‍ക്കാലിക സ്‌റ്റേ നല്‍കിയിരിക്കുകയാണ്. അമേരിക്കയിലെ രണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയിലാണ് ഈ വിലക്ക്. അഭയാര്‍ഥികള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് നാലു മാസത്തെ വിലക്കും സിറിയ അടക്കമുള്ള ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് മൂന്നു മാസത്തെ വിലക്കുമായിരുന്നു ട്രംപ് ഒരു ഉത്തരവിലൂടെ പുറപ്പെടുവിപ്പിച്ചത്. ഉത്തരവ് വന്നതിന്റെ തൊട്ടുപിറകേ അമേരിക്കയില്‍ വ്യാപകമായ പ്രതിഷേധ സമരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനം തെരുവിലിറങ്ങി ട്രംപിന്റെ ഭ്രാന്തന്‍ നടപടികള്‍ക്കെതിരേ ഉശിരന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞ വംശീയ വിദ്വേഷ പരാമര്‍ശങ്ങള്‍ അധികാരത്തിലെത്തിയ ഉടനെത്തന്നെ പ്രാവര്‍ത്തികമാക്കാന്‍ വെമ്പല്‍കൊള്ളുകയാണ് ട്രംപ്. അമേരിക്ക ഇതുവരെ പുലര്‍ത്തിപ്പോന്ന മതേതര, ജനാധിപത്യ മൂല്യങ്ങളെ പിച്ചിച്ചീന്തുന്നതാണ് അദ്ദേഹത്തിന്റെ പല നടപടികളും.
ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിക്കും തുല്യസംരക്ഷണത്തിനും എതിരാണ് ട്രംപ് ഇപ്പോള്‍ പുറപ്പെടുവിച്ച ഉത്തരവ്. സാധാരണ ഗതിയില്‍ അമേരിക്കയില്‍ ഏതൊരു വ്യക്തിയും പ്രസിഡന്റായാല്‍ കുറേ ദിവസത്തേക്ക് ഭരണ നടപടികളും വൈറ്റ് ഹൗസിന്റെ നടപടിക്രമങ്ങളും പഠിക്കുവാനാണ് ചെലവിടാറ്. ആറു മാസത്തേക്കെങ്കിലും ഒരു നടപടിക്കും അവര്‍ മുതിരാറില്ല. വിവാദ നടപടികളിലേക്കാണെങ്കില്‍ പ്രത്യേകിച്ചും എടുത്തുചാടാറില്ല. ട്രംപ് ആ പതിവുകളെല്ലാം തെറ്റിച്ചിരിക്കുകയാണ്. തലതിരിഞ്ഞ ഒരു വികൃതി പയ്യന്റെ കൈയില്‍ കളിപ്പാട്ടം കിട്ടിയതുപോലെയാണ് തന്നില്‍ നിക്ഷിപ്തമായ അധികാരം അദ്ദേഹം ഓരോ ദിവസവും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഭരണമേറ്റെടുത്ത് ദിവസങ്ങള്‍ മാത്രം പിന്നിട്ട ഭരണാധികാരി അമേരിക്കയ്ക്ക് ചുറ്റും മതില്‍കെട്ടാനാണ് തിടുക്കം കൂട്ടുന്നത്. അന്യരാജ്യങ്ങളില്‍ നിന്ന് അമേരിക്ക ഒറ്റപ്പെട്ടുപോകലായിരിക്കും ഇതിന്റെ അനന്തരഫലമെന്ന് അദ്ദേഹം ഓര്‍ക്കുന്നില്ല. ഗ്ലോബലൈസേഷന്‍ മുദ്രാവാക്യം ആദ്യമുയര്‍ത്തിയത് അമേരിക്കയാണ്. അന്ന് അമേരിക്ക ലോകത്തോട് പറഞ്ഞത് ലോകം ഒരൊറ്റ ഗ്രാമമായിരിക്കുകയാണെന്നും ആര്‍ക്കും എവിടെയും സഞ്ചരിക്കാമെന്നുമായിരുന്നു. ആ നയത്തിനാണിപ്പോള്‍ ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രംപ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന, വ്യക്തി സ്വാതന്ത്ര്യത്തെ തടയുന്നതുപോലുള്ള നടപടികളുമായി അമേരിക്കയ്ക്ക് എത്ര കാലം മുന്നോട്ടുപോകാനാവും. അമേരിക്കയില്‍ അമേരിക്കക്കാര്‍ മാത്രം മതിയെന്ന ചിന്താഗതി ഇതര രാഷ്ട്രങ്ങളില്‍ നിന്നും അവരെ ഒറ്റപ്പെടുത്തുകയേ ഉള്ളൂ. ഇതര രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ അമേരിക്ക അവരുടെ രാജ്യത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞാല്‍ അന്യ രാജ്യങ്ങളില്‍ വമ്പിച്ച മൂലധനമിറക്കി കമ്പനികള്‍ നടത്തുന്ന അമേരിക്കക്കാര്‍ക്ക് പ്രസ്തുത രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയാല്‍ എന്തു സംഭവിക്കുമെന്ന്  ട്രംപ് ആലോചിക്കുന്നില്ല. ഇറാന്‍ ഇപ്പോള്‍ തന്നെ ഈ വഴിക്ക് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. വിസയും ഗ്രീന്‍കാര്‍ഡും ഉള്ളവര്‍ക്കു പോലും അമേരിക്കയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കിനെതിരേയാണിപ്പോള്‍ ഫെഡറല്‍ കോടതി താല്‍ക്കാലിക സ്‌റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഇപ്പോഴുള്ളവരില്‍ ഭൂരിപക്ഷവും പുറമേയുള്ളവരാണ്. ഒരു കോര്‍പറേറ്റ്  ചീഫ് എക്‌സിക്യൂട്ടിവിന്റെ കച്ചവടക്കണ്ണോടെയല്ല അമേരിക്കയുടെ സാമ്പത്തിക പരിതസ്ഥിതിയെ ഒരു ഭരണാധികാരി കാണേണ്ടത്.
    സാധാരണ ഗതിയില്‍ അമേരിക്കയില്‍ പ്രസിഡന്റുമാര്‍ നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കാറില്ല. വൈറ്റ് ഹൗസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും വിദേശകാര്യ സെക്രട്ടറിയുമായും കൂടിയാലോചിച്ചതിനു ശേഷം നയപരമായ കാര്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്താറുള്ളത്. ട്രംപിന്റെ ഉത്തരവിനെതിരേ ഇപ്പോള്‍ കോടതി പുറപ്പെടുവിച്ചത് താല്‍ക്കാലിക സ്റ്റേ മാത്രമാണ്. ഈ താല്‍ക്കാലിക സ്റ്റേ വ്യാപകമായ സമര പരിപാടികള്‍ക്ക് ജനാധിപത്യ വിശ്വാസികളെ ഉത്സുകരാക്കും. അവര്‍ക്കിത് വരും നാളുകളില്‍ ഒരു പ്രചോദനവുമായിരിക്കും. വലിയൊരു നിയമയുദ്ധത്തിലേക്കുള്ള വഴിയാണിപ്പോള്‍ ഫെഡറല്‍ കോടതി താല്‍ക്കാലിക സ്‌റ്റേയിലൂടെ തുറന്നിട്ടിരിക്കുന്നത്. വംശീയതയും വര്‍ഗീയതയും ലോകമൊട്ടാകെ പടര്‍ത്തുന്ന ഭരണാധികാരികള്‍ക്കെതിരേ ജനാധിപത്യ, മതേതര വിശ്വാസികളായ ജനത ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങുമ്പോള്‍ ഭരണകൂടവും നീതിന്യായ കോടതികളും മനുഷ്യാവകാശത്തോടൊപ്പം നില്‍ക്കേണ്ടി വരും. അതാണ് ചരിത്രവും. ഈ വിലക്ക് ഒരു പുനര്‍ ചിന്തയ്ക്ക് വിധേയമാക്കി അമേരിക്ക ഇതുവരെ പുലര്‍ത്തിപ്പോന്ന മാനവ ഐക്യ മനുഷ്യാവകാശ പാരമ്പര്യത്തിലേക്ക് ട്രംപ് തിരികെ വരുന്നില്ലെങ്കില്‍ അമേരിക്ക ലോക രാഷ്ട്രങ്ങളില്‍ നിന്നും ഒറ്റപ്പെടുക മാത്രമായിരിക്കില്ല. വമ്പിച്ച തിരിച്ചടി നേരിടേണ്ടി വരുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.