2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ്


 

ക്രാന്ത ദര്‍ശികളായ എഴുത്തുകാരും കവികളും കുറിച്ചിടുന്ന പ്രവചനസ്വഭാവമുള്ള പല വരികളും കാലം യാഥാര്‍ഥ്യമാക്കാറുണ്ട്. 1984 ല്‍ ഒ.എന്‍.വി കുറുപ്പ് എഴുതിയ ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിത 37 വര്‍ഷം പിന്നിടുമ്പോള്‍ മരണത്തിന്റെ കാലൊച്ചകള്‍ക്ക് ചെവിയോര്‍ക്കുന്ന ഭൂമിയാണ് നമുക്കു മുമ്പില്‍. ഇനിയൊരു 40 വര്‍ഷം കൂടി കഴിയുമ്പോള്‍ ഇന്ന് കാണുന്ന ഭൂമിയായിരിക്കില്ല ഉണ്ടാവുക. നഗരങ്ങളും മലകളും ഒരോര്‍മയായി മാറിയേക്കാം.
‘ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി !
ഇത് നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം…’
എന്ന വരികളിലൂടെ ഭൂമിയുടെ മരണം മുന്‍കൂട്ടി കാണുന്ന കവി ഇന്നു നമ്മള്‍ക്കൊപ്പമില്ലെങ്കിലും അദ്ദേഹം കോറിയിട്ട വരികള്‍ വര്‍ഷം കഴിയുന്തോറും യാഥാര്‍ഥ്യത്തോട് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. 2050 ആകുമ്പോഴേക്കും ഭൂമിയുടെ സമ്പൂര്‍ണ നാശം സംഭവിച്ചേക്കാം. വരാനിരിക്കുന്നത് അതിശക്തമായ പേമാരിയും ഉഷ്ണതരംഗവും ചുഴലിക്കാറ്റുമാണെന്ന് യു.എന്‍ കാലാവസ്ഥാ നിരീക്ഷണ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ചൂട് ക്രമാതീതമായി കൂടും. അതിശക്തമായ പേമാരിയുണ്ടാകും. കാലം തെറ്റിയ മഴ പതിവാകും. മഞ്ഞു മലകള്‍ ഉരുകും. സമുദ്ര ജലനിരപ്പുയരും. പ്രളയം പതിവാകും. ഇതൊക്കെയാണ് വരാനിരിക്കുന്ന പ്രകൃതിദുരന്തങ്ങളായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യ കരങ്ങളാണ് ഈ ദുരന്തങ്ങള്‍ക്കെല്ലാം കാരണമെന്ന് ഇത് സംബന്ധിച്ചു യു.എന്നിന്റെ കീഴിലുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ചേഞ്ച് (ഐ.പി.സി.സി) നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓരോ ഏഴുവര്‍ഷം കൂടുമ്പോള്‍ നല്‍കുന്ന ഇത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ലോകരാഷ്ട്രങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നത്. മരണക്കിടക്കയില്‍ മരണം കാത്തുകഴിയുന്ന ഭൂമിക്ക് ഇനിയുള്ള ആശ്വാസനടപടികളൊന്നും ജീവജലമാകാന്‍ പോകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഐ.പി.സി.സി തയാറാക്കിയ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ജനീവയില്‍ പുറത്തിറക്കിയതും ഭൂമിയുടെ ആസന്നമരണം പ്രവചിച്ചിരിക്കുന്നതും. ആഗോള താപനം തന്നെയാണ് ഭൂമിയുടെ അന്തകനായി തീര്‍ന്നിരിക്കുന്നത്. ആഗോള താപനം കുറയ്ക്കാനാണ് ലോകരാഷ്ട്രങ്ങള്‍ 2016 ഏപ്രില്‍ 22ന് പാരിസില്‍ ചേര്‍ന്ന് കാലാവസ്ഥാ ഉടമ്പടിയുണ്ടാക്കിയത്. ലോകത്തെ ശരാശരി താപവര്‍ധന ഒന്നര മുതല്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് എന്ന പരിധി വിടാതെ നോക്കുക എന്നതായിരുന്നു ഉടമ്പടിയുടെ കാതല്‍. 2050 ഓടെ ആഗോള താപന വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കുക എന്നതായിരുന്നു മറ്റൊരു പ്രധാന ലക്ഷ്യം. എന്നാല്‍ 2050ല്‍ എത്തുമ്പോഴേക്കും രണ്ടു ഡിഗ്രി സെല്‍ഷ്യസ് പരിധി മറികടക്കാതിരുന്നാല്‍ പോലും ഭൂമിയുടെ സമ്പൂര്‍ണ നാശം തടയാനാവില്ലെന്നതാണ് ഇപ്പോഴത്തെ നിഗമനം. ആഗോള താപന വര്‍ധന തടയാനായി വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് 10,000 കോടി രൂപ നല്‍കുക എന്നതായിരുന്നു പാരിസ് കരാറിലെ ഒരു സുപ്രധാന വ്യവസ്ഥ. വികസ്വര രാഷ്ട്രങ്ങള്‍ കരാറിന്റെ ഭാഗമായി ഹരിതഗൃഹ വാതകങ്ങള്‍ പുറത്തേക്ക് വിടുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താനായിരുന്നു ഇത്തരമൊരു സഹായ വാഗ്ദാനം ഉടമ്പടിയില്‍ ഉണ്ടായിരുന്നത്. 196 രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവച്ചെങ്കിലും 2017ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്നു പിന്മാറി. അവിചാരിതമായുള്ള അമേരിക്കയുടെ പിന്മാറ്റം പാരിസ് കരാറിന് മങ്ങലേല്‍പിച്ചു. എന്നാല്‍ ട്രംപിന്റെ നടപടി പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ ഫെബ്രുവരിയില്‍ റദ്ദാക്കി പാരിസ് ഉടമ്പടിയിലേക്ക് ഔദ്യോഗികമായി തിരിച്ചെത്തിയത് ഉടമ്പടിയുടെ നിലനില്‍പില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായിരുന്നു.

നവംബറില്‍ യു.കെയിലെ ഗ്ലാസ്‌ഗോയിലാണ് അടുത്ത കാലാവസ്ഥാ ഉച്ചകോടി. നിര്‍ണായക തീരുമാനങ്ങള്‍ ഈ ഉച്ചകോടിയില്‍ ഉണ്ടായില്ലെങ്കില്‍ ഭൂമിയുടെ ഭാവി പ്രവചനാതീതമായിരിക്കും. പാരിസ് ഉടമ്പടിയില്‍ നിര്‍ണയിച്ചിരുന്ന രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെ ആഗോള താപനം നിയന്ത്രിച്ചാലും, കാലാവസ്ഥയെ പിടിച്ചുനിര്‍ത്തി പാരിസ്ഥിതിക സംരക്ഷണം നിലനിര്‍ത്താന്‍ കഴിയില്ലെന്ന ഐ.പി.സി.സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, നവംബറില്‍ ഗ്ലാസ്‌ഗോയില്‍ ചേരുന്ന ഉച്ചകോടി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകത്തിന്റെ പുറന്തള്ളല്‍ ലോകരാഷ്ട്രങ്ങളൊന്നും ഗൗരവത്തിലെടുക്കാത്തതിന്റെ അനന്തരഫലമാണ് കാനഡയിലും അമേരിക്കയിലും അതിതീവ്രമഴയും ശക്തമായ ഉഷ്ണതരംഗ
വുമുണ്ടായത്. കാനഡയില്‍ അനുഭവപ്പെട്ട 49.6 ഡിഗ്രി സെല്‍ഷ്യസ് ചൂട് റെക്കോഡാണ്.

കാലാവസ്ഥാ വ്യതിയാനം നിത്യജീവിതത്തിന്റെ താളം തെറ്റിക്കുമ്പോള്‍ മനുഷ്യകുലത്തിന്റെ നിലനില്‍പാണ് അപകടപ്പെടാന്‍ പോകുന്നത്. കൊടും ചൂടും കഠിന മഴയും ചുഴലിക്കാറ്റും കാട്ടുതീയും ഉണ്ടാകുന്ന പുതിയൊരു കാലത്തെ താങ്ങാന്‍ ഭൂമിക്ക് കെല്‍പ്പുണ്ടാവില്ല. ഇന്ത്യയും ഈ വെല്ലുവിളിയുടെ ഇരയായിത്തീരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്നു ഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ഇന്ത്യയുടെ കടല്‍വെള്ളം അമിത താപനത്തിന് വിധേയമാകുമ്പോള്‍ കടലിലെ ഓക്‌സിജന്റെ അളവ് പരിതാപകരമാം വിധം കുറയുകയും കടല്‍ ജീവികള്‍ക്ക് സമ്പൂര്‍ണ നാശം സംഭവിക്കുകയും ചെയ്യും. വടക്കുള്ള ഹിമാലയം അതിതീവ്ര താപത്താല്‍ ഉരുകിയൊലിക്കുമ്പോള്‍ കടല്‍ കരയിലേക്ക് കയറിവരും. തീരദേശങ്ങള്‍ അപ്രത്യക്ഷമാകും. കായലില്‍ മണ്ണിട്ട് പടുത്തുയര്‍ത്തിയ കൊച്ചിയും കണ്‍മുമ്പില്‍ നിന്നു മറഞ്ഞേക്കാം. ആര്‍ട്ടിക്ക് സമുദ്രത്തില്‍പോലും 2050 ആകുമ്പോഴേക്കും അവിടങ്ങളിലെ മഞ്ഞുമലകള്‍ അപ്രത്യക്ഷമാകുമെങ്കില്‍, ആല്‍പ്‌സ് പര്‍വതനിരകള്‍ ഉരുകിത്തീരുമെങ്കില്‍ മഞ്ഞുരുകല്‍ എന്നോ തുടങ്ങിയ ഹിമാലയത്തിന്റെ അവസ്ഥ 2050 ല്‍ വിവരണാതീതമായിരിക്കും. ചൂട് ക്രമാതീതമായി കൂടുന്നതിന്റെ ഭാഗമായി നീരാവിയുടെ അളവ് കൂടുന്നതിനാലാണ് ഇപ്പോള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും മേഘ വിസ്‌ഫോടനങ്ങളും, തല്‍ഫലമായി പ്രളയങ്ങളും ഇടയ്ക്കിടെ സംഭവിക്കുന്നത്.
കടലിലേക്ക് തൂങ്ങിക്കിടക്കുന്ന ഒരു കഷണമാണ് കൊച്ചു കേരളം. അതിതീവ്രമഴ ഉള്‍ക്കൊള്ളാന്‍ മാത്രം നമ്മുടെ മണ്ണിന് കരുത്തില്ല. ചൂടിനെ സ്വാംശീകരിക്കാനും കഴിയില്ല. തലതിരിഞ്ഞ വികസനം വെള്ളത്തിന്റെ ഒഴുക്ക് നിശ്ചലമാക്കുകയും ചെയ്തു. അടുത്തടുത്തുണ്ടായ രണ്ട് പ്രളയങ്ങള്‍ പാഠമാകേണ്ടതുണ്ട്. പ്രളയ ദുരന്തങ്ങള്‍ പല ജീവിതങ്ങളെയും ഇതിനകം താളം തെറ്റിച്ചു. പട്ടിണിയും ദാരിദ്ര്യവും, പലായനങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യ നിര്‍മിത കാലാവസ്ഥാ വ്യതിയാനമാണ് ഈ ദുരന്തങ്ങളുടെയെല്ലാം അടിസ്ഥാനം.
‘ഉയിരറ്റ നിന്‍ മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാനാകയാല്‍
ഇതു മാത്രമിവിടെ എഴുതുന്നു…’
എന്നു പറഞ്ഞുകൊണ്ടാണ് ഒ.എന്‍.വി ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിത അവസാനിപ്പിക്കുന്നത്. മലയാള മനസില്‍ തിരയടിച്ചുകൊണ്ടിരിക്കുന്ന ഈ വരികള്‍ മൃതപ്രായയായ ഭൂമിയെ ഇനിയെങ്കിലും കാത്തുരക്ഷിക്കാനുള്ള നമ്മുടെ ദൃഢ പ്രതിജ്ഞയാകേണ്ടതുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.