2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഭീതിദമാകുന്ന സാമ്പത്തിക അസമത്വം

ലോകത്താകെയുള്ള സമ്പത്തിന്റെ 46 ശതമാനം, അതായത് പകുതിയോളം കൈയടക്കിവച്ചിട്ടുള്ളത് വെറും 85 വ്യക്തികളോ സ്ഥാപനങ്ങളോ ആണ്. സാമ്പത്തിക അസമത്വം വന്‍തോതില്‍ വര്‍ധിച്ചുവരികയാണ്. അതില്‍ കുറവ് വരുത്താനുള്ള ഒരു ശ്രമവും നടക്കുന്നില്ല.
ഇന്ത്യയില്‍ ഒന്നാംപഞ്ചവത്സരപദ്ധതി ആരംഭിക്കുമ്പോള്‍ ചൂണ്ടിക്കാണിച്ച ഒരു ലക്ഷ്യമുണ്ട്. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം പടിപടിയായി കുറച്ചുകൊണ്ടുവരണമെന്നാണ് പദ്ധതിയുടെ ലക്ഷ്യപ്രഖ്യാപനത്തില്‍ പറഞ്ഞത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ പൊരുത്തം വേണമെന്നത് രാഷ്ട്രീയക്കാര്‍ക്ക് താല്‍പര്യമുള്ള കാര്യമല്ലല്ലോ.
സാമ്പത്തിക അകല്‍ച്ചയുടെ കാരണം കണ്ടെത്താന്‍ വിഷമിക്കേണ്ടതില്ല. ഭരണാധികാരിവര്‍ഗത്തിന്റെ നയവും പരിപാടിയുമാണ് മുതലാളിത്തവ്യവസ്ഥ വളര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത്. ഭരണം കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ളതാണെന്ന് പലതവണ തെളിയിച്ചുകഴിഞ്ഞു.
അവര്‍തന്നെയാണ് ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നതും. ഇന്ത്യയില്‍ അതിസമ്പന്നരുടെ എണ്ണം കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പതിന്മടങ്ങ് വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതോടൊപ്പംതന്നെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാഗങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിക്കുന്ന തുക കുറഞ്ഞുവരികയുമാണ്. അതിസമ്പന്നരില്‍നിന്ന് ആനുകൂല്യം സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി നികുതിയിളവും മറ്റാനുകൂല്യങ്ങളും തിരിച്ചുനല്‍കുകയുംചെയ്യുന്ന രീതിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്.
രാജ്യത്തിന്റെ സകല  പുരോഗതിയുടെയും അടയാളപ്പെടുത്തലുകള്‍  നേരിട്ട് അനുഭവിക്കാന്‍  കഴിയാത്തവരായി സാധാരണക്കാര്‍ മാറുന്നു.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥില്‍ 53 ശതമാനം വരുമാനവും നേരിട്ട് നിയന്ത്രിക്കുന്നത് അംഗുലീ പരിമിതരായ വ്യക്തികളാണ് എന്ന് അറിയുമ്പോഴും അവര്‍ കൃത്യമായി നികുതി അടക്കുന്നില്ല എന്ന് മനസിലാക്കുമ്പോഴാണ് രാജ്യത്ത് നടമാടുന്ന അസമത്വം ഭീതീതമാണ് എന്ന് നമുക്ക് മനസിലാകുന്നത്.
ലോകത്തിലെ ഒരു ശതമാനം കുബേരന്മാരുടെ കൈവശം മൊത്തം സമ്പത്തിന്റെ പകുതിയിലധികം കേന്ദ്രീകരിക്കുന്ന നില അവസാനിപ്പിക്കാനല്ല, വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഇത് സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ മനോഗതിയില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കുമെന്നും അത് അസന്തുലിതാവസ്ഥയ്‌ക്കെതിരേയുള്ള പോരാട്ടങ്ങളിലേക്ക് നയിക്കുമെന്നും ലോകചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളുന്നത് നന്ന്. സമ്പന്നരുടെ സ്വത്തില്‍ പാവങ്ങള്‍ക്കും അവകാശമുണ്ട് എന്ന് അവര്‍ തിരിച്ചറിയട്ടെ.

പി.വി ആരിഫ  
സിവില്‍സ്റ്റേഷന്‍
കോഴിക്കോട്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News