കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ രാജ്യം വിടാന്‍ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയ ആളുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെ വിമാനത്തിന്റെ ടയറില്‍ തൂങ്ങി യാത്രചെയ്യുന്നതിനിടെ താഴെ വീഴുന്നവരുടെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇപ്പോഴിതാ വിമാനത്തില്‍ നിന്ന് താഴെ വീണയാളുകളുടെ മൃതദേഹം കണ്ട കാഴ്ച വിവരിച്ചിരിക്കുകയാണ് വാലി സലേഖ് എന്നയാള്‍.
തിങ്കളാഴ്ച വീട്ടിനുള്ളില്‍ ഇരിക്കവെയാണ് ഭയാനകമായ ശബ്ദം കേട്ടതെന്നാണ് വാലി സലേഖ് പറയുന്നത്. ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിക്കുന്ന പോലെയായിരുന്നു ശബ്ദം. വീടിന്റെ ടെറസിലേക്ക് എത്തിയപ്പോള്‍ രണ്ട് മൃതദേഹങ്ങളാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. കാഴ്ച കണ്ട സലേഖിന്റെ ഭാര്യ ബോധരഹിതയാവുകയും ചെയ്തു.
ശരീരങ്ങളുടെ വയറും തലയും പിളര്‍ന്ന നിലയിലായിരുന്നു. ഞാന്‍ ഒരു ഷാളും സ്‌കാര്‍ഫും എടുത്ത് മൃതദേഹങ്ങള്‍ മറച്ചു. ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് പള്ളിയിലേക്ക് കൊണ്ടുപോയി- അദ്ദേഹം പറഞ്ഞു. വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേര്‍ വീണതായി ടി.വിയില്‍ കണ്ടെന്ന് അയല്‍വാസിയാണ് വന്നു പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരാളുടെ മൃതദേഹത്തില്‍ നിന്ന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. അതില്‍ നിന്ന് മരിച്ചത് സഫിയുല്ല ഹൊതാക് ആണെന്ന് വ്യക്തമായി. ഇദ്ദേഹം ഡോക്ടറായിരുന്നു. രണ്ടാമത്തെയാള്‍ ഫിദ മുഹമ്മദാണ്. രണ്ടുപേര്‍ക്കും 30ല്‍ താഴെയായിരുന്നു പ്രായമെന്നും വാലി സലേഖ് പറയുന്നു. മൂന്നുപേര്‍ വിമാനത്തില്‍ നിന്നു വീണ് മരിച്ചിരുന്നുവെന്നും മൂന്നാമത്തെയാള്‍ 19കാരനായ അഫ്ഗാന്‍ ദേശീയ ഫുട്‌ബോള്‍ ടീം അംഗം ആയിരുന്നുവെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.
Comments are closed for this post.