2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഭാവനയില്‍ വിജയിക്കാം ആര്‍ക്കിടെക്റ്റാകാം

 

എന്‍ജിനീയറിങ്ങിലെ കൃത്യതയ്‌ക്കൊപ്പം ചിത്രരചനാപാടവവും സൗന്ദര്യബോധവും ഭാവനാവിലാസവും ഉള്ളവര്‍ക്കു യോജിച്ച മികച്ച കരിയറാണ് ആര്‍ക്കിടെക്ചര്‍. സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതു, സ്വകാര്യ കോര്‍പറേഷനുകള്‍ മുതലായവയില്‍ അവസരങ്ങളുമുണ്ട്. ആര്‍ക്കിടെക്ചറുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഡിസൈന്‍ തുടങ്ങിയ മേഖലകളിലും ഉപരിപഠനവും ആകാം.
‘നാറ്റ’ വഴി

കേരളത്തിലെ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോളജുകളിലെ ബി.ആര്‍ക് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ എഴുതണ്ട. പക്ഷേ, ബി.ആര്‍ക് പ്രവേശനം ആഗ്രഹിക്കുന്നവരും മെഡിക്കല്‍, അഗ്രിക്കള്‍ച്ചറല്‍, എന്‍ജിനീയറിങ്, ഫാര്‍മസി ബാച്ച്‌ലര്‍ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കണം. പൊതുവായ അപേക്ഷാഫോമാണ്. എന്‍ട്രന്‍സ് പരീക്ഷയില്ലെങ്കിലും അഭിരുചി നിര്‍ണയിക്കുന്ന ‘നാറ്റ’യില്‍ പങ്കെടുത്തു യോഗ്യത തെളിയിക്കണം.

പരമ്പരാഗതരീതിയിലെ നാറ്റയുടെ ഘടനയില്‍ വലിയ മാറ്റംവരുത്തിയാണു കൊവിഡ് കാലത്തു പരീക്ഷ നടത്തുന്നത്. സുപ്രധാനമായ ഡ്രോയിങ് ടെസ്റ്റ് ഒഴിവാക്കി പരീക്ഷയെക്കുറിച്ചുള്ള ധാരണ ആകെ മാറ്റിയിട്ടുണ്ട്. പുതിയ സിലബസാണ്. 180 മിനിറ്റ് ടെസ്റ്റില്‍ നാലു തരം ചോദ്യങ്ങളുണ്ടാവും. മള്‍ട്ടിപ്പിള്‍ ചോയ്‌സ്, മള്‍ട്ടിപ്പിള്‍ സെലക്റ്റ്, പ്രിഫറന്‍ഷ്യല്‍ ചോയ്‌സ്, ന്യൂമെറിക്കല്‍ ആന്‍സര്‍ എന്നിങ്ങനെ. ഒന്നോ രണ്ടോ മൂന്നോ മാര്‍ക്ക് നല്‍കുന്ന തരത്തില്‍ 125 ചോദ്യങ്ങള്‍. പല രീതിയിലും അഭിരുചി പരിശോധിക്കുംവിധമാണു പരീക്ഷയുടെ ഉള്ളടക്കം.
ജ്യോമെട്രി അടക്കം മാത്‌സ്, ഫിസിക്‌സ്, ഭാഷയും വ്യാഖ്യാനവും, രൂപകല്‍പനയുടെ പ്രാഥമികതത്വങ്ങള്‍, സൗന്ദര്യബോധം, വര്‍ണസിദ്ധാന്തങ്ങള്‍, പുതുചിന്ത, ദൃശ്യബോധം, ചിത്രാലങ്കാരങ്ങള്‍, കെട്ടിടങ്ങളുടെ ഘടന, കെട്ടിടംപണിയുടെ ബാലപാഠം, നിര്‍മാണപദാര്‍ഥങ്ങള്‍, ആര്‍ക്കിടെക്ചറിലെ പദസമ്പത്ത് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍നിന്നു ചോദ്യംവരും. ആനുകാലിക സംഭവങ്ങള്‍ അടക്കമുള്ള പൊതുവിജ്ഞാനവും ഉണ്ടായിരിക്കണം.

നാറ്റ അടിസ്ഥാനമാക്കി ബി.ആര്‍ക് പ്രവേശനം ലഭിക്കാന്‍ മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50 ശതമാനം, പരീക്ഷയ്ക്കു മൊത്തം 50 ശതമാനം എന്ന ക്രമത്തില്‍ മാര്‍ക്ക് നേടി പ്ലസ് ടു ജയിക്കണം.

മാത്‌സ് അടങ്ങിയ ഡിപ്ലോമ 50 ശതമാനം മൊത്തം മാര്‍ക്കോടെ ജയിച്ചാലും മതി. സംവരണവിഭാഗ മാര്‍ക്കിളവ് പ്രവേശന അധികാരികള്‍ക്കു തീരുമാനിക്കാം. അക്കാര്യം നാറ്റയുടെ പരിധിയിലല്ല. കേരളത്തില്‍ പിന്നോക്ക, ഭിന്നശേഷി വിഭാഗക്കാര്‍ക്കു ‘മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി’ മൊത്തത്തിലും പ്ലസ് ടു, ഡിപ്ലോമ പരീക്ഷയില്‍ മൊത്തത്തിലും 45 ശതമാനം മാര്‍ക്ക് മതി. പട്ടികവിഭാഗക്കാര്‍ പരീക്ഷ ജയിക്കണമെന്നേയുള്ളൂ. (കൊവിഡ് പശ്ചാത്തലത്തില്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ബി.ആര്‍ക് പ്രവേശനയോഗ്യതയില്‍ ഇളവു നല്‍കിയിട്ടുണ്ട്. പ്ലസ് ടു ആയാലും ഡിപ്ലോമയായാലും പാസ് മാര്‍ക്ക് നേടിയാല്‍ മതി. നാറ്റ എഴുതാനും പാസ് മാര്‍ക്ക് മതിയാകും). തുല്യ വെയിറ്റേജ് നല്‍കി (1:1 അനുപാതത്തില്‍) നാറ്റയിലെ മാര്‍ക്കും പ്ലസ് ടു-ഡിപ്ലോമയിലെ മൊത്തം മാര്‍ക്കും ചേര്‍ത്തായിരിക്കും ബി.ആര്‍ക് പ്രവേശന റാങ്ക് തീരുമാനിക്കുക. പൊതുവ്യവസ്ഥകള്‍ ഇങ്ങനെയാണെങ്കിലും ഐ.ഐ.ടി-എന്‍.ഐ.ടി ആര്‍ക്കിടെക്ചര്‍ ബിരുദപ്രവേശനത്തിനു ബന്ധപ്പെട്ട അഭിരുചിപ്പരീക്ഷയില്‍ മികവു പുലര്‍ത്തിയാല്‍ മതി. അവിടെ ‘നാറ്റ’ സ്‌കോര്‍ പരിഗണിക്കില്ല.

കേരളത്തിലെ
കോളജുകള്‍

കേരളത്തില്‍ തിരുവനന്തപുരം സി.ഇ.ടി, തൃശൂര്‍, പാമ്പാടി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകള്‍, കൊല്ലം ടി.കെ.എം, കുറ്റിപ്പുറം എം.ഇ.എസ്, കറുകുറ്റി എസ്.സി.എം.എസ്, വാഗമണ്‍ ഡി.സി, തിരുവനന്തപുരം മുളയറ കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ തുടങ്ങിയ കോളജുകളില്‍.
കേരളത്തിന്
പുറത്ത്
സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, ന്യൂഡല്‍ഹി, വിജയവാഡ, ഭോപ്പാല്‍, അണ്ണ സര്‍വകലാശാല, ജെ.എന്‍.ടി.യു ഹൈദരാബാദ്, സി.ഇ.പി.ടി അഹമ്മദാബാദ്, ഐ.ഐ.ടി കാണ്‍പൂര്‍, ജെ.ജെ കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ മുംബൈ, പിളൈസ് കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ നവി മുംബൈ, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, വാസ്തുകലാ അക്കാദമി, ന്യൂഡല്‍ഹി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.